June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

വയനാട് ജില്ലയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു

By Janayugom Webdesk
February 5, 2020

റോഡിലെ മരണ പാച്ചിലും ബസുകളുടെ മത്സര ഓട്ടങ്ങളും ഒരു നിമിഷത്തെ അശ്രദ്ധയും കൂടിയാവുമ്പോള്‍ ജില്ലയിലെ വാഹന അപകടങ്ങള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ 15 ദിവസത്തിനിടെ വയനാട് ജില്ലയില്‍ മൂന്ന് പേരാണ് വാഹനാപകടത്തില്‍ മരിച്ചത്. 2009 മുതല്‍ 2019 വരെയുള്ള 10 വര്‍ഷക്കാലയളവില്‍ വയനാട് ജില്ലയില്‍ അപകടത്തെ തുടര്‍ന്ന് 719 പേരാണ് മരിച്ചത്. ഈ വര്‍ഷം ആദ്യ 35 ദിവസങ്ങളില്‍ മരിച്ച 6 പേര്‍ക്ക് പുറമെയാണിത്. ഇക്കാലയളവില്‍ 9050 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 6957 അപകടങ്ങളില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് പരിക്കേറ്റത്.

2020 ലെ ആദ്യ 35 ദിവസത്തിനിടെ 23 വാഹനാപകടങ്ങളാണ് ജില്ലയിലുണ്ടായത്. ഇതില്‍ ആറ് പേര്‍ മരിക്കുകയും 35ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2018ല്‍ ജില്ലയില്‍ ആകെ 634 അപകടങ്ങളാണ് ഉണ്ടായത്. ഇത്രയും അപകടങ്ങളില്‍ 74 പേര്‍ മരിക്കുകയും 781 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2017ല്‍ 660 അപകടങ്ങളില്‍ 68 പേര്‍ മരിക്കുകയും 758 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 2016ലാണ് ഏറ്റവും കൂടുതല്‍ പേര്‍ വാഹനാപകടങ്ങളില്‍ മരണപ്പെട്ടത്. ആ വര്‍ഷം 82 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 713 അപകടങ്ങളില്‍ നിന്നാണ് ഇത്രയും പേര്‍ മരിച്ചത്. 877 പേര്‍ക്ക് 2016 ല്‍ പരിക്കേല്‍ക്കുകയും ചെയ്തു.

2015ലാണ് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 719 വാഹനാപകടങ്ങളിലായി 52 പേര്‍ മരിക്കുകയും 816 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 10 വര്‍ഷത്തിനിടെ കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജില്ലയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റത്. 956 പേര്‍ക്ക് പരിക്കേറ്റു. 78 പേര്‍ മരിക്കുകയും ചെയ്ത 2019 ല്‍ 687 അപകടങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് പല അപകടങ്ങള്‍ക്കും കാരണം. ബസുകളുടെ മത്സരയോട്ടം, യാത്രക്കാര്‍ കയറുംമുമ്പുള്ള മുന്നോട്ടെടുക്കല്‍ എന്നിവ അപകടങ്ങള്‍ വിളിച്ചുവരുത്തുകയാണ്.

ഇന്ന് വൈത്തിരി സ്റ്റാന്റില്‍ നിന്ന് ഇറങ്ങുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റിരുന്നു. വൈത്തിരി തളിമലയിലെ ശീവള്ളിക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശ്രീവളളിയുടെ ഭര്‍ത്താവ് സുരേന്ദ്രന്‍ നാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആന്‍ജിയോ പ്ലാസ്റ്റിചെയ്യാന്‍ ഇരുന്നതാണ്. അതിന് ആവശ്യമായ പണം സംഘടിപ്പിച്ച് മെഡിക്കല്‍ കോളേജിലേക്ക് പോകുന്നതിനായിട്ടാണ് വൈത്തിരിയില്‍ നിന്ന് ബസ് കയറിയത്. ബസ് സ്റ്റാന്റില്‍ നിന്നും ഇറങ്ങി വളവ് തിരിയുന്നതിനിടെ ശ്രീവള്ളി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ബസില്‍ കയറാന്‍ ശ്രമിക്കവേ മുന്നോട്ടെടുത്ത ബസില്‍നിന്നും തെറിച്ചുവീണ് അമ്പലപ്പടി സ്വദേശി മേരി പൗലോസ് മരിച്ചിരുന്നു. മേരിയുടെ ഇരുകാലുകളിലൂടെയും ബസ് കയറിയിറങ്ങി. ഡ്രൈവറുടെ അശ്രദ്ധയാണ് മേരിയുടെ ജീവന്‍ കവര്‍ന്നത്. ജനുവരി 17ന് മീനങ്ങാടി അമ്പത്തിനാലില്‍ ബസില്‍നിന്ന് മകള്‍ വീണത് ചോദിക്കാനെത്തിയ കാര്യമ്പാടി സ്വദേശി എംഎം ജോസഫിന്റെ കാലിലൂടെയും ബസ് കയറിയിറങ്ങി. ജീവനക്കാര്‍ തള്ളിയിട്ടപ്പോള്‍ കാലിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു.

അതുപോലെ അമ്പലവയലില്‍ കരടിപ്പാറ ബസ് സ്‌റ്റോപ്പിന് സമീപത്തു നിന്നിരുന്ന അമ്മിണി കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് മരിച്ചത്. ജനുവരി 23 നായിരുന്നു അപകടം. ബസ് തട്ടിവീണ അമ്മിണിയുടെ ദേഹത്തൂടെ ബസിന്റെ ടയറുകള്‍ കയറിയിറങ്ങുകയായിരുന്നു. വൈത്തിരി ലക്കിടിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് കുപ്പാടിത്തറ നടമ്മല്‍ പുതിയേറ്റി ഷൗക്കത്ത് അലി മരിച്ചത്. ജനുവരി 31നായിരുന്നു അപകടം. കല്‍പറ്റയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കല്‍പറ്റ ഭാഗത്തേക്ക് വരികയായിരുന്ന ബുള്ളറ്റുമാണ് അപകടത്തില്‍പ്പെട്ടത്. കാര്യക്ഷമമായ പരിശോധന നടക്കുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുമ്പോഴും അപകടങ്ങളുടെ നിരക്ക് കുത്തനെ കൂടുന്നത് ആശങ്കയുളവാക്കുകയാണ്.

Eng­lish Sum­ma­ry: Vehi­cle acci­dents increase in Wayanad District

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.