Wednesday
18 Sep 2019

വാഹന-ഗതാഗത നിയമങ്ങള്‍ ജനങ്ങളെ ഞെക്കിപ്പിഴിയാനുള്ള ഉപാധിയാവരുത്

By: Web Desk | Thursday 12 September 2019 10:48 PM IST


പുതിയ ഗതാഗത ചട്ടങ്ങളും അതിന്റെ ലംഘനത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച കനത്ത പിഴയും തല്‍ക്കാലം നടപ്പാക്കില്ലെന്ന ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം കേരളത്തിന് ആശ്വാസകരമാണ്. ഇതു സംബന്ധിച്ച് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത 2019ലെ മോട്ടോര്‍ വാഹന നിയമവും ഗതാഗത ചട്ടങ്ങളും അവയുടെ ലംഘനത്തിനുള്ള കനത്ത പിഴയും ശിക്ഷാ വ്യവസ്ഥകളും കേരളത്തില്‍ മാത്രമല്ല രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്. ശക്തമായ പ്രതിഷേധം അവഗണിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സംസ്ഥാന ഭരണകൂടങ്ങള്‍ക്കുപോലും കഴിയാത്ത അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്. ഗുജറാത്തിലെ ബിജെപി സംസ്ഥാന സര്‍ക്കാര്‍ പിഴ 90 ശതമാനം വരെ കുറവ് ചെയ്തതായാണ് വാര്‍ത്ത. വാഹന അപകടങ്ങളില്‍ ലോകത്ത് ഏറ്റവുമധികം മനുഷ്യജീവനുകള്‍ പൊലിയുന്ന രാജ്യമാണ് ഇന്ത്യ. അതില്‍ ഗതാഗത നിയമലംഘനങ്ങളുടെ പങ്ക് ആര്‍ക്കും അവഗണിക്കാനാവില്ല. എന്നാല്‍, ഗതാഗത നിയമലംഘനങ്ങളാണ് അപകടങ്ങളുടെ മുഖ്യകാരണം എന്ന് ആരോപിക്കുന്നത് ആരും മുഖവിലയ്ക്ക് എടുക്കുമെന്നു തോന്നുന്നില്ല. അതില്‍ ഗതാഗത ഉപരിഘടനയുടെ അപര്യാപ്തതയും ശോചനീയാവസ്ഥയും മറച്ചുവയ്ക്കാവുന്ന ഘടകമല്ല.

ഗതാഗത ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാനുള്ള ബോധവല്‍ക്കരണത്തിന്റെയും പിഴയടക്കം ശിക്ഷാ നടപടികളുടെയും പങ്ക് സുപ്രധാനം തന്നെ. ദേശീയ പാതകളടക്കം ഉപരിഘടകങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കി മാറ്റുന്നതിനെപ്പറ്റിയുള്ള ഭരണാധികാരികളുടെ വായ്ത്താരികള്‍ക്ക് രാജ്യത്ത് ഒരു ക്ഷാമവുമില്ല. റോഡുകളും പാലങ്ങളുമടക്കം ഉപയോഗിക്കുന്നവരില്‍ നിന്നും ടോള്‍ പിരിവും ഇന്ധനങ്ങള്‍ക്കു ചുമത്തുന്ന ഭീമമായ നികുതി ഈടാക്കലും തകൃതിയായി നടക്കുമ്പോഴും അതിന് അനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നതാണ് വസ്തുത.
ദേശീയപാതകളടക്കം അടിസ്ഥാന വികസന സൗകര്യങ്ങളുടെ പേരില്‍ രാജ്യത്ത് നടക്കുന്നത് പൊതുമുതലിന്റെ പകല്‍ക്കൊള്ളയും ജനങ്ങളെ ഞെക്കിപ്പിഴിയലുമാണ്. ദേശീയ പാതകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും പേരില്‍ നടക്കുന്ന അത്തരം കൊള്ളകള്‍ക്ക് എല്ലാ ഒത്താശകളും നല്‍കുന്ന ഭരണാധികാരികളാണ് ദേശീയതലത്തിലും സംസ്ഥാനങ്ങളിലും ഭരണം കയ്യാളുന്നത്. ഇപ്പോള്‍ ദേശീയപാതകളുടെയും ഉപരിതല ഗതാഗതത്തിന്റെയും ചുമതല വഹിക്കുന്ന മന്ത്രി നിധിന്‍ ഗഡ്കരി തന്നെ, കുറ്റവിമുക്തനാക്കപ്പെട്ടുവെങ്കിലും, അത്തരം ആരോപണങ്ങള്‍ക്ക് അനേ്വഷണ വിധേയനാക്കപ്പെട്ടിരുന്നു എന്ന വസ്തുത വിസ്മരിക്കാവുന്നതല്ല. രാജ്യത്തെ ആദ്യത്തെ അതിവേഗ കോണ്‍ക്രീറ്റ് ഇടനാഴിയായ മുംബൈ-പൂനെ എക്‌സ്പ്രസ് വേ അദ്ദേഹം മഹാരാഷ്ട്രയില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് നിര്‍മിച്ചത്. ഈ പാത ഇപ്പോഴും നിറയെ അപകടങ്ങള്‍ പതിയിരിക്കുന്നതും അതിന്റെ നിര്‍മാണ പ്രവര്‍ത്തനം അഴിമതി നിറഞ്ഞതുമായിരുന്നു എന്നതും അവഗണിക്കാവുന്നതല്ല. മുംബൈ-പൂനെ, അഹമ്മദാബാദ്-വഡോദര എക്‌സ്പ്രസ് വേകള്‍ എന്നിവയുടെ നിര്‍മാണ കരാര്‍ കൈവശപ്പെടുത്തിയ ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയും നിധിന്‍ ഗഡ്കരിയുമായുള്ള ഉറ്റബന്ധം തന്നെ അത്തരം അവിശുദ്ധ കൂട്ടുകെട്ടിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സ്വയം കൃഷിക്കാരന്‍ എന്ന് അവകാശപ്പെടുന്ന ഗഡ്കരിയുടെ ബിസിനസ് സ്ഥാപനത്തിന് അതിന്റെ ആസ്തിയെക്കാള്‍ ഉയര്‍ന്ന തുക ഐആര്‍ബി വായ്പ നല്‍കിയത് അത്തരം കൂട്ടുകെട്ടാണ് തുറന്നുകാട്ടുന്നത്. ഗഡ്കരിയുടെ ഒരു മകന്‍ ഐആര്‍ബിയുടെ ഡയറക്ടര്‍മാരില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളാണ് രാജ്യത്തിന്റെ ഉപരിതല ഗതാഗത സംവിധാനങ്ങളുടെ ഏറ്റവും കടുത്ത ശാപം. അവയ്ക്ക് പരിഹാരം കാണാന്‍ യാതൊരു ശ്രമവും നടത്താതെ റോഡപകടങ്ങളുടെയും മരണങ്ങളുടെയും പേരില്‍ ജനങ്ങളെ കുരിശിലേറ്റാനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്.

രാജ്യത്തിനാകെ ബാധകമായ മോട്ടോര്‍ വാഹന നിയമവും ഗതാഗത ചട്ടങ്ങളും നടപ്പാക്കും മുമ്പ് സംസ്ഥാനങ്ങളുമായി യാതൊരു കൂടിയാലോചനകളും നടന്നിട്ടില്ലെന്നാണ് ഇതിനകം വ്യക്തമാകുന്നത്. കണ്‍കറന്റ് പട്ടികയില്‍ ഉള്‍പ്പെട്ട വിഷയത്തില്‍ ഒരു നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ മുതിര്‍ന്നപ്പോള്‍ സംസ്ഥാനങ്ങളുടെ അഭിപ്രായവും നിര്‍ദേശങ്ങളും ആരാഞ്ഞില്ല എന്നത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും നിഷേധമാണ്. ബിജെപി നേതൃത്വം നല്‍കുന്ന സംസ്ഥാന ഭരണകൂടങ്ങളടക്കം പുതിയ നിയമത്തിനും ചട്ടങ്ങള്‍ക്കും എതിരെ പരസ്യമായി രംഗത്ത് വന്നതോടെ അവയില്‍ സംസ്ഥാനങ്ങള്‍ക്ക് യഥേഷ്ടം മാറ്റം വരുത്താമെന്ന പരിഹാസ്യ നിലപാടാണ് ഗഡ്കരി സ്വീകരിച്ചിരിക്കുന്നത്. വാഹന-ഗതാഗത ചട്ടങ്ങള്‍ കാലാനുസൃതം പരിഷ്‌കരിക്കണമെന്നും വാഹനാപകടങ്ങളും ജീവനാശവും പരമാവധി കുറച്ചുകൊണ്ടുവരണമെന്നുമുള്ള വസ്തുതകള്‍ അംഗീകരിക്കുമ്പോള്‍ തന്നെ സാമ്പത്തിക മാന്ദ്യത്തിന്റെയും ക്ലേശങ്ങളുടെയും ദിനങ്ങളില്‍ അത് ജനങ്ങളെ ശിക്ഷിക്കാനും ഞെക്കിപ്പിഴിയാനുമുള്ള ഉപകരണമായി മാറരുത്.