August 9, 2022 Tuesday

സംഘർഷ മുഖരിതമായി ഡൽഹി; വാഹനങ്ങൾക്ക് തീയിട്ടു, യുപിയിലെ 14 ജില്ലകളിൽ ഇന്റർനെറ്റ് റദ്ദാക്കി

Janayugom Webdesk
December 20, 2019 7:18 pm

ഡല്‍ഹി: പൗരത്വഭേദഗതിക്കെതിരായി ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധം സംഘര്‍ഷത്തിലേയ്ക്ക്. ഡല്‍ഹി ഗേറ്റില്‍ നടന്ന പ്രതിഷേധമാണ് അക്രമാസക്തമായത്. സമരത്തില്‍ പങ്കെടുത്തവര്‍ പൊലീസിന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ലാത്തി ചാർജ്ജും പ്രയോഗിച്ചു.

ഒന്നാം നമ്പര്‍ ഗേറ്റിന് സമീപം ഉച്ചയോടെയാണ് പ്രതിഷേധം ആരംഭിച്ചത്. ആരാധനയ്ക്കായി പള്ളിയിലെത്തിയവര്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി പുറത്തേക്കിറങ്ങി. ദേശീയ പതാക വീശിയും ഭരണഘടന ഉയര്‍ത്തിക്കാട്ടിയും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചു. പ്രതിഷേധക്കാരില്‍ ഒരു വിഭാഗം റോഡിലൂടെ മുദ്രാവാക്യം മുഴക്കി. രണ്ടാം നമ്പര്‍ ഗേറ്റിലൂടെയും പ്രതിഷേധക്കാര്‍ എത്തുകയെന്ന വിലയിരുത്തലില്‍ പോലീസ് സന്നാഹം അവിടെ നിലയുറപ്പിച്ചിരിക്കുകയായിരുന്നു.

എന്നാല്‍ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച്‌ ഒന്നാം നമ്പര്‍ ഗേറ്റിലൂടെ പ്രതിഷേധക്കാര്‍ പുറത്തേയ്ക്ക് വരികയായിരിന്നു. ഡല്‍ഹിയിലെ സീലംപുരിലും അക്രമങ്ങള്‍നടന്നു. നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് നടത്തിയ പ്രതിഷേധ റാലി അക്രമാസക്തമാകുകയും കല്ലേറില്‍ എസിപിക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.

സേലംപൂര്‍, മുസ്തഫാബാദ്, ബജന്‍പുര തുടങ്ങിയ സ്ഥലങ്ങില്‍ നിന്നുള്ള ആളുകള്‍ റാലിയായി ജന്തര്‍ മന്ദിറിലേയ്ക്ക് എത്തി. ജമാ മസ്ജിദ് രണ്ടാം ഗേറ്റിന് സമീപമുള്ള റോഡില്‍ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ മാറ്റിയാണ് പ്രതിഷേധക്കാര്‍ ജന്തര്‍ മന്ദിറിലേയ്ക്ക് മാര്‍ച്ച്‌ നടത്തിയത്.

ഉത്തര്‍പ്രദേശില്‍ നിന്നും ഇന്ന് വ്യാപക ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഖൊരക്പൂരിലും ബുലന്ത്ശഹറിലും വലിയ ആക്രമണങ്ങളുണ്ടായി. ഉത്തര്‍പ്രദേശില്‍ ഇന്ന് വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്‍റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുരക്ഷാസന്നാഹത്തെ വിന്യസിച്ചിരുന്നെങ്കിലും പലയിടത്തും പ്രതിഷേധം ആക്രമാസക്തമായി.

യുപിയിലെ ബറൈച്ചിലും, ഗാസിയാബാദിലും സംഘർഷമുണ്ടായി. 14 ജില്ലകളിലെ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി. നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. പ്രതിഷേധക്കാരെ പൊലീസ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. പ്രതിഷേധക്കാര്‍ക്കൊപ്പം നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ചിലയിടങ്ങളില്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. അതിനിടെ ദില്ലിയിൽ ഇന്ത്യാഗേറ്റ്, ജന്തർമന്തർ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് പൗരൻമാരോട് അമേരിക്ക ആവശ്യപ്പെട്ടു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.