വേലാശ്വരം കവര്‍ച്ച; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഹോട്ടലുടമ തൂങ്ങിമരിച്ചു

Web Desk
Posted on January 18, 2018, 5:04 pm
അജാനൂര്‍: രാവണീശ്വരം വേലാശ്വരത്ത് റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റ് ജാനകിയെ കഴുത്തില്‍ കേബിള്‍ മുറുക്കി വധിക്കാന്‍ ശ്രമിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഹോട്ടലുടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജാനകിയുടെ വീട്ടിന് മുന്നില്‍ ചായക്കട നടത്തുന്ന വേലാശ്വരം എടപ്പള്ളിയിലെ പച്ചിക്കാരന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണനെ(51)യാണ് വീട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാനകിയുടെ വീട്ടുമുറ്റത്തെ കിണറിന്റെ കയര്‍ ഉപയോഗിച്ചാണ് തൂങ്ങി മരിച്ചത്. കുഞ്ഞിക്കണ്ണനെ ഇന്നലെ രാവിലെ ചോദ്യം ചെയ്യാനായി പൊലീസ് കാസര്‍കോട്ടേക്ക് വിളിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം
 വൈകുന്നേരം കാഞ്ഞങ്ങാട് ദീപ നഴ്‌സിംഗ് ഹോമില്‍ ചികിത്സയില്‍ കഴിയുന്ന ജാനകിയില്‍ നിന്നും കുഞ്ഞിക്കണ്ണന്റെ സാന്നിധ്യത്തില്‍ പൊലീസ് മൊഴിയെടുത്തിരുന്നു.  സംഭവവുമായി കുഞ്ഞിക്കണ്ണന് ബന്ധമുള്ളതായി അന്വേഷണ സംഘത്തിന് സംശയമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വീണ്ടും  ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.  കടയിലെ ബാക്കി വരുന്ന ഭക്ഷണ സാധനങ്ങള്‍ രാത്രി തന്നെ നശിപ്പിക്കാറുണ്ടായിരുന്നു. ഇന്നലെ രാവിലെ കട തുറക്കാത്തതിനാല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ കളയാനായി വീട്ടില്‍ നിന്നും കടയിലേക്ക് പോയ കുഞ്ഞിക്കണ്ണന്‍ ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മകന്‍ സുജിത്ത് അന്വേഷിച്ച് ചെന്നപ്പോഴാണ്  കുഞ്ഞിക്കണ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.  കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റായ ജാനകിയെ കഴുത്തില്‍ കേബിള്‍ വയര്‍കൊണ്ട് മുറുക്കി ബോധം കെടുത്തിയ ശേഷം വീട്ടില്‍ നിന്നും ആറര പവന്റെ താലിമാലയും മേശവലിപ്പിലുണ്ടായിരുന്ന രണ്ടുപവന്‍ വള, ഒരു പവന്‍ മോതിരം, മൂവായിരത്തോളം രൂപ എന്നിവ കവര്‍ച്ച ചെയ്തത്.   ജില്ലാ പൊലീസ് മേധാവി കെ ജി സൈമണ്‍, കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍, സിഐ സി കെ സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ എ സന്തോഷ്‌കുമാര്‍, എസ്‌ഐ വിജയന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി.
ഹൊസ്ദുര്‍ഗ് പൊലീസ്  ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം  പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.  വേലാശ്വരത്തെ പരേതനായ ഏരോല്‍ രാമന്‍-ഉച്ചിര ദമ്പതികളുടെ മകനാണ് കുഞ്ഞിക്കണ്ണന്‍. ഭാര്യ: ലക്ഷ്മി. മറ്റുമക്കള്‍: സൂരജ്, സായൂജ്. സഹോദരങ്ങള്‍: കാര്‍ത്യായനി, രാജന്‍, മാധവി, നാരായണി, അജയന്‍.