വെളിയം ഭാർഗവനെ അനുസ്മരിച്ച് യുവകലാസാഹിതി

Web Desk

ദുബായ്

Posted on September 18, 2020, 4:51 pm

യുവകലാസാഹിതി ഷാർജ ഘടകം അന്തരിച്ച സി പി ഐ മുൻ സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായിരുന്ന വെളിയം ഭാർഗവനെ അനുസ്മരിച്ചു. ജരാനരകൾ ബാധിക്കാത്ത സമരയൗവനം ആയിരുന്നു വെളിയം ഭാർഗവൻ എന്ന് യുവകലാസാഹിതി സംഘടനാ കമ്മിറ്റികളുടെ യു എ ഇ കോഡിനേഷൻ സെക്രട്ടറി പ്രശാന്ത് ആലപ്പുഴ പറഞ്ഞു.

യുവകലാസാഹിതി ഷാർജയുടെ വെളിയം ഭാർഗവൻ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ എല്ലാ പ്രശ്നങ്ങൾക്കും സമരം ചെയ്യുക എന്ന ഉത്തരമായിരുന്നു വെളിയത്തിന് എന്നും നൽകാൻ ഉണ്ടായിരുന്നത്. വെളിയം നൽകിയ ചൂടിലും ചൂരിലും ആണ് ആൻറണി സർക്കാരിൻറെ കാലത്ത് നടത്തിയ അന്യായമായ വൈദ്യുതി വർദ്ധനയ്ക്ക് എതിരെ യുവജന ഫെഡറേഷൻ രക്തരൂഷിതമായ ചെറുത്തുനിൽപ്പ് നടത്തുന്നതും സർക്കാരിനെക്കൊണ്ട് അത് പിൻവലിപ്പിക്കുന്നതും. മികച്ച ഒരു രാഷ്ട്രീയ സാമ്പത്തിക ശാസ്ത്ര അധ്യാപകൻ എന്ന നിലയിലും വെളിയം ലബ്ദപ്രതിഷ്ഠ നേടി.

തെറ്റുകൾക്കു നേരേ ഏതവസരത്തിലും മുണ്ടും മടക്കി കുത്തി അധികാരത്തിന്റെ ഏത് ദന്തഗോപുരത്തിന് മുന്നിൽ പോയി വെല്ലുവിളിക്കാനും ആശാൻ ഒരുക്കമായിരുന്നു. കേരളത്തിലും വിശേഷിച്ച് കൊല്ലം ജില്ലയുടെ കിഴക്ക് ഭാഗങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒരു ശക്തി ദുർഗ്ഗം ആക്കി മാറ്റുന്നതിൽ വെളിയം ഭാർഗവൻ നിസ്തുലമായ പങ്കു വഹിച്ചിട്ടുണ്ട് എന്ന് ചടങ്ങിൽ സംസാരിച്ച യുവകലാസാഹിതി യുഎഇ സംഘടനാ കമ്മിറ്റികളുടെ കോഡിനേഷൻ അംഗവും പ്രശസ്ത കവിയുമായ പി.ശിവപ്രസാദ് അഭിപ്രായപ്പെട്ടു. പാർട്ടി സഖാക്കളോട് വെളിയം പുലർത്തിയിരുന്ന നിസ്സീമമായ ഹൃദയവായ്പ് അനുഭവിക്കാൻ തനിക്കും ഭാഗ്യമുണ്ടായിട്ടുണ്ട് എന്ന ശിവപ്രസാദ് പറയുകയുണ്ടായി.

ചടങ്ങിൽ യുവകലാസാഹിതി ഷാർജ സംഘടനാ കമ്മിറ്റികളുടെ സെക്രട്ടറിമാരായ ദിലീപ് വി പി, ബിജു ശങ്കർ , പ്രദീഷ് ചിതറ എന്നിവർ വെളിയം ഭാര്ഗവനെ അനുസ്മരിച്ചു. വെളിയം ഭാഗവന്റെ പേരിൽ ഒക്ടോബർ മാസം പതിനഞ്ചാം തീയതി ഷാർജ യുവകലാസാഹിതി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വച്ച് രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിക്ക് സെക്രട്ടറി സുബീർ അരോൾ സ്വാഗതവും സ്മിത ജഗദീഷ് നന്ദിയും പറഞ്ഞു. യുവകലാസാഹിതി ഷാർജ ഘടകം പ്രസിഡണ്ട് ജിബി ബേബി ചടങ്ങിന് അധ്യക്ഷത വഹിച്ചു.

ENGLISH SUMMARY:Velliam Bhar­ga­van remem­bered
You may also like this video