25 April 2024, Thursday

വെള്ളിക്കീൽ കുന്ന്

എ വി സത്യേഷ്കുമാർ
August 15, 2021 4:42 am

വെള്ളിക്കീൽ കുന്നിന്റെ മറുഭാഗത്തുള്ള പട്ടണത്തിൽ പോകാൻ നാലു വഴികൾ ഉണ്ട്. എല്ലാ വണ്ടിക്കാരും യാത്രക്കാരും റോഡ് നല്ലതായതു കൊണ്ട് ചുറ്റി വളഞ്ഞുള്ള മൂന്നു വഴികൾ ഇഷ്ടപ്പെടുന്നു. ഇക്കാരണത്താൽ അതിലൊരു വഴി മാത്രം ഒറ്റപ്പെട്ടു കിടന്നു. ഈ വഴിയിലൂടെ രാജേട്ടൻ ഒരു കൗതുകത്തിന് എന്നെയും കൂട്ടി വണ്ടിയോടിച്ചു കൊണ്ടിരിക്കുകയാണ്.

ഇളയകുഞ്ഞുമോന് പിറന്നാൾ ദിനത്തിൽ ഉടുക്കാനുള്ള ഒരു നല്ല ഷർട്ടിനു വേണ്ടി ഞാൻ രാജേട്ടന്റെ വണ്ടിയിലാണ് പട്ടണത്തിൽ പോവുന്നത്. വെളളിക്കീൽ കുന്നിറങ്ങി നഗരത്തിലെത്താൻ എല്ലാവരും തെരഞ്ഞെടുക്കുന്ന വഴി മതിയായിരുന്നു. എന്നാൽ രാജേട്ടൻ പറഞ്ഞു: ”ഒരത്ഭുത കാഴ്ചയുണ്ട്… മാഷ്ക്ക് കാണണോ?” രാജേട്ടൻ വെറുതെയങ്ങനെ *തള്ളാത്ത ആളായതു കൊണ്ട് എന്താണ് ഈ സംഭവം എന്നറിയാൻ സത്യത്തിൽ വലിയ ആകാംക്ഷയുണ്ടായി.

”ആരും ഈ വഴി ഉപയോഗിക്കാത്തതു കൊണ്ട് ഒരാളും ഇതറിഞ്ഞിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച ഞാനൊര് പാർട്ടീനെ ഒഴക്രോത്ത് വിട്ട് ഒര് രസത്തിന് ഇതിലൂടെയാ വന്നേ. മാഷേ… കാണണ്ട കാഴ്ചയാ… സ്റ്റിയറിംഗിൽ താളമിട്ടു കൊണ്ട് രാജേട്ടൻ ആവേശം കൊണ്ടു. നേരം ഉച്ചയോടടുത്തിരുന്നെങ്കിലും വെളളിക്കീൽ കുന്നിന്റെ താഴ്‌വരകളിൽ സൂര്യന് തണുപ്പ് വിടർന്നു നിൽക്കുന്ന ചൂടായിരുന്നു. അതിന്റെ കുളിർമ്മയിൽ ലയിക്കാതിരിക്കാൻ കഴിഞ്ഞില്ല. ”രാജേട്ടാ… അത്രയും രസംള്ള കാഴ്ചയാന്നോ? എങ്കിൽ കാണണം.”

”എന്റെ മാഷേ… ഞാൻ പറഞ്ഞില്ലേ, അന്ന് മടങ്ങുമ്പോ ദാ… ഈ വഴിയുടെ അപ്പുറത്തെ ഭാഗത്ത് പാന്തോട്ടത്തേക്ക് തിരിയുന്ന സൈഡില് വണ്ടി *ആട എത്തട്ടെ ഞാമ്പറയാം. അമ്പാടി എന്നു പേരുള്ള രാജേട്ടന്റെ ഓട്ടോ ടാക്സി മൂളിക്കൊണ്ട് വളവുകളും തിരിവുകളും പിന്നിട്ടു കൊണ്ടിരുന്നു.

രാജേട്ടൻ പറഞ്ഞ ഭാഗത്തെത്തുമ്പോഴേക്കും അവശേഷിച്ചിരുന്ന വെയിൽ പൂർണ്ണമായും ഇല്ലാതായിരുന്നു. എത്രയോ കാലമായി കേൾക്കാൻ കൊതിച്ച ചില ശബ്ദങ്ങൾ അടുത്തെത്തിയതുപോലെ അനുഭവപ്പെട്ടു. നാട്ടുമ്പുറത്തെങ്ങും കണ്ടിട്ടുപോലുമില്ലാത്ത ചില പക്ഷികൾ ഞങ്ങളുടെ വണ്ടിക്കുമീതെ അനായാസം പറന്നു പോയ്ക്കൊണ്ടിരുന്നു.

”രാജേട്ടാ… തണുപ്പ് കൂടിയല്ലോ… *ഈട എത്തിയപ്പോ” എന്റെ നിരീക്ഷണം ശരിവെച്ചുകൊണ്ട് രാജേട്ടൻ തലകുലുക്കി.

നിറയെ കരിങ്കൽപ്പാറകൾ തലയുയർത്തി നിൽക്കുന്ന വഴിയരികിൽ വണ്ടി മെല്ലെ ഒതുക്കിയിട്ട് രാജേട്ടൻ എന്നെയും കൂട്ടി പുറത്തിറങ്ങി.

”വാ… മാഷേ… ഈ വഴി.” പാറകൾക്കടുത്തു കണ്ട ഒരൂടുവഴിയിലൂടെ അയാൾഎന്നെ നയിച്ചു.

പാറക്കൂട്ടങ്ങൾക്കു താഴെ സുഗന്ധമുള്ള വെളുത്തപൂക്കൾ വീണു കിടക്കുന്നുണ്ടായിരുന്നു.

‘അത് പവിഴമല്ലിയാ… രാത്രി പൂത്തതാ…” മനുഷ്യർ അധികം കടന്നു വരാത്ത അതിശാന്തമായ കാടിന്റെ ഛായയുള്ള ആ ഭാഗത്തുണ്ടായിരുന്ന ഒരു പവിഴമല്ലി മരത്തിന്റെ ചുവട്ടിൽ നിന്ന് രാജേട്ടൻ കുറച്ചകലേക്ക് കൈ ചൂണ്ടി. ”ദാ… *ആട കണ്ടോ… ഒര് വെളളച്ചാട്ടം പൊട്ടി വര്ന്നത്… ”

നോക്കി നോക്കി നിൽക്കെ ആ വെള്ളച്ചാട്ടം വലുതായി വരുന്നത് പോലെ അനുഭവപ്പെട്ടു.

”ആട ഏതോ പാറക്കെട്ടിന്റെ ഇടുക്ക്ന്ന് വര്ന്നതായിരിക്കും.” രാജേട്ടൻ തന്റെ ഊഹം പറഞ്ഞു.

പാൽപ്പത നിറഞ്ഞു കവിയുന്ന മാതിരി വെള്ളച്ചാട്ടം ഒഴുകിപ്പോവുന്നു, അടുത്തുള്ള വൃക്ഷങ്ങളെയും ചെടികളെയും പാറക്കൂട്ടങ്ങളെയും നിറഞ്ഞ തണുപ്പിൽ കുളിപ്പിച്ചു കൊണ്ട്…

അന്ന് ഇത് കണ്ടോണ്ട് നിൽക്കുമ്പോ വെള്ളച്ചാട്ടം വരുന്ന ഭാഗത്തുള്ള ആ മരങ്ങളില് നെറയെ വലിയ ഏതൊക്കെയോ പക്ഷികളെ കണ്ടിര്ന്നു…” രാജേട്ടൻ സൂചിപ്പിച്ചു.

”രാജേട്ടാ… ഇത് ഗംഭീര കാഴ്ചയാണല്ലോ.…” ഞാൻ ആഹ്ലാദം ഒട്ടുംമറച്ചു വെച്ചില്ല.

”ഇത് ആരോടും പറയാതിരിക്കുന്നതാ നല്ലത്. പറഞ്ഞാൽപ്പിന്നെ *ചൊറയാവും ഈട…” ഇത്രയും കാലത്തെ ജീവിതാനുഭവങ്ങളിൽ നിന്ന് രാജേട്ടന് പറയാൻ കഴിഞ്ഞ ഏറ്റവും നല്ല വാക്കുകളായിരുന്നു അതെന്ന് എനിക്കു തോന്നി.

നമുക്ക് വല്ലപ്പോഴും ഇത് വഴി വന്ന് ഇതൊക്കെ കണ്ടു പോവാം. ”പിന്നെ, അടുത്ത തവണ വരുമ്പോ മക്കളേം വൈഫിനേം കൂട്ടി വന്ന് മാഷ് ഇതൊന്ന് കാണിച്ചു കൊടുക്കണം.” തിരിഞ്ഞു നടക്കുമ്പോൾ ഇത്രയും കൂടി രാജേട്ടൻ കൂട്ടിച്ചേർത്തു.

ഇതിന് മുമ്പ് ഇതാരും തന്നെ കണ്ടിരിക്കാൻ സാധ്യതയില്ല. പിന്നെ… ഇങ്ങോട്ടേക്കുള്ള വഴിയും അത്ര എളുപ്പമല്ലല്ലോ. ഒന്നാമത് വീതി കുറവ്. പണ്ടെപ്പോഴോ ഒരിക്കൽ ടാറിട്ടതാണെങ്കിലും വഴി പൊതിഞ്ഞുവെക്കാൻ ശ്രമിച്ചു കൊണ്ട് ഇരുഭാഗത്തും മത്സരിച്ചു വളർന്നു നിൽക്കുന്ന പലതരം കാട്ടുചെടികൾ. അവിടെയുമിവിടെയും കാണുന്ന കുണ്ടും കുഴിയും. ഇല്ല… എല്ലാരും അങ്ങനെ പെട്ടെന്ന് കേറിയെത്തില്ല. — മടക്കത്തിൽ വണ്ടിയിലിരുന്ന് ഞാൻ ഇങ്ങനെ പല വിധ വിചാരങ്ങളിൽ മുഴുകി നിന്നു.

രണ്ടാഴ്ച പിന്നെയും കഴിഞ്ഞാണ് രാജേട്ടന്റെ വണ്ടിയിൽ എല്ലാവരെയും കൂട്ടി വിസ്മയക്കാഴ്ച എന്നൊക്കെ പറഞ്ഞ് വീണ്ടും വെള്ളിക്കീൽകുന്നിന്റെ ആരും കാണാത്ത വഴി കയറാൻ തീരുമാനിച്ചത്.

രാജേട്ടന്റെ അമ്പാടി (ഞങ്ങളുടെയും) വെളളിക്കീലിലെ ഒരു കൊടുംവളവ് തിരിഞ്ഞ് കയറ്റത്തിലെത്തി കിതച്ചു കൊണ്ട് മുന്നോട്ടേക്ക് പോവുകയാണ്. ഇനി ഏകദേശം ആറര കിലോ മീറ്റർ മാത്രം. കയറ്റം കയറിയാൽ നേരെ എത്തുന്നത് ആരും വണ്ടി കൊണ്ടു പോവാൻ മടിക്കുന്ന പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന വഴിയുടെ മുമ്പിലാണ്.

”അച്ഛാ… .വല്യ വെള്ളച്ചാട്ടാണോ?” മൂത്ത കുട്ടി സംഗീത് ഗൗരവത്തിൽ തിരക്കി. ”ഉം.… വലുത് തന്നെ…” ഞാൻ മൂളിക്കൊണ്ട് പറഞ്ഞു.

”എത്ര വലുത്?” അവൻ വിടുന്ന മട്ടില്ല. ”നമ്മളങ്ങോട്ടേക്കല്ലേ പോവുന്നത്? പിന്നെന്തിനാ വീണ്ടും വീണ്ടും ചോദിക്കുന്നേ?” സംഗീതിനെ ഭാര്യ ശാസിച്ചടക്കി നിർത്തി. അതു കേട്ടപ്പോൾ സംഗീതൊഴിച്ച് മറ്റെല്ലാവരും ചിരിച്ചു.

വണ്ടി കയറ്റംകയറി ആളുകൾ ഉപേക്ഷിച്ച വഴിയിലൂടെ ഒരു വളവു കഴിഞ്ഞ് കുറച്ചു ദൂരം മുന്നോട്ടു പോയതും രാജേട്ടന് പെട്ടെന്ന് ബ്രേക്കിട്ട് വണ്ടി നിർത്തേണ്ടി വന്നു.

”എന്താ രാജേട്ടാ…?” ഞാൻ ചോദിച്ചു.

”മാഷേ… നോക്കിയേ…”

അമ്പാടിയുടെ പഴയ ചില്ലിലൂടെ ഞാൻ മാത്രമല്ല ഞങ്ങൾ എല്ലാവരും കണ്ടത് മുന്നിൽ ഊഴം കാത്ത് വരിവരിയായി നിൽക്കുന്ന വാഹനങ്ങളെയാണ്. ചില വാഹനങ്ങൾ റിവേഴ്സ് എടുത്ത് മടങ്ങാൻ ശ്രമിക്കുന്നു. മിക്ക വാഹനങ്ങളിൽ നിന്നും വലിയ ഒച്ചപ്പാടുകളും ഉറക്കെയുള്ള സംസാരങ്ങളും പൊട്ടിച്ചിരിയും ഡി ജെ പാട്ടുകളും കൂക്കുവിളികളും കേൾക്കാമായിരുന്നു. വാഹനങ്ങ ളിൽ ചിലത് പിറകോട്ടെടുക്കാൻ സ്ഥലമില്ലാതെ കുടുങ്ങി നിൽക്കുന്നു.

എത്രയോ തവണ റിവേഴ്സ് എടുക്കാൻ നോക്കി അതിൽ അവസാന തവണ വിജയിച്ച ഒരു കാർ ഞങ്ങൾക്ക് എതിരായി വന്നു കൊണ്ടിരിക്കുന്നത് കണ്ണിൽപ്പെട്ടു. അടുത്തെത്തിയതും ആ കാറിന്റെ ഡ്രൈവർ രാജേട്ടനെ നോക്കി ഒരല്പം സഹതാപത്തോടെ ഇങ്ങനെ പറഞ്ഞു: ”നല്ല എഞ്ചിൻപവറുള്ള വണ്ടിക്കു തന്നെ പോവാൻ പറ്റുന്നില്ല, ഈലൂടെ. എന്നേരാ… നിങ്ങടെ ഓട്ടോ ടാക്സി? വെള്ളച്ചാട്ടം കാണാൻ രാത്രി വരെ നിന്നാലും അങ്ങ് കേറാൻ പറ്റൂല്ല… പത്തിരുനൂറ് വണ്ടീണ്ട്… മുമ്പില്. പൊലർച്ചക്കേ വന്ന് ക്യൂ നിക്ക്ന്ന്ണ്ട് കൊറേപ്പേര്.…”

രാജേട്ടൻ മറുപടി പറഞ്ഞില്ല. ഞങ്ങളെ മറികടന്നു പോയ കാറിൽ നിന്നും ലെയ്സിന്റെയും ബിങ്കോവിന്റെയും പായ്ക്കറ്റുകൾ പുറത്തേക്ക് പറന്നു പോയി. ഏതൊക്കെയോ പേരുകളിൽ ഉള്ള മിനറൽ വാട്ടർ കുപ്പികളും.

”നമുക്ക് തിരിച്ചു പോവാം.… രാജേട്ടാ…”

”വേഗം റിവേഴ്സെടുക്കൂ…” ധൃതിയിൽ ഞാൻ ആവശ്യപ്പെട്ടു.

അമ്പരന്നുനിൽക്കുന്ന കുട്ടികൾക്കും അവൾക്കുമിടയിൽ കനത്തുകൊണ്ടിരിക്കുന്ന മൗനത്തിന്റെ ഇരുണ്ട നിറങ്ങൾ ശ്രദ്ധിക്കാതെ രാജേട്ടന്റെ അമ്പാടി വെള്ളിക്കീൽ കുന്നിന്റെ താഴ്‌വരയിറങ്ങുമ്പോൾ ഞാൻ കണ്ണടച്ചിരുന്നു.

 

1.തള്ള് — പുതിയകാല ഭാഷാപ്രയോഗം, ‘പൊങ്ങച്ചം’ എന്ന് അർത്ഥം.

2.ആട – ‘അവിടെ’ എന്ന അർത്ഥത്തിലുള്ള വടക്കേ മലബാർ പദം

3.ഈട –‘ഇവിടെ’ എന്ന അർത്ഥത്തിൽ വടക്കേ മലബാർ ഭാഗത്ത് ഉപയോഗി

ക്കുന്നത്.

4.ചൊറ- ‘കുഴപ്പം’ എന്ന അർത്ഥം വടക്കേമലബാറിൽ പ്രയോഗത്തിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.