വെളുത്തു സുന്ദരിയായ കറുത്തമ്മ

Web Desk
Posted on June 23, 2019, 8:03 am

വിജയ് സി എച്ച്

മികച്ചനടിക്കുള്ള പ്രഥമ സംസ്ഥാനപുരസ്‌കാര ജേതാവ്. മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരംനേടിയ പ്രഥമ തെന്നിന്ത്യന്‍ സിനിമയിലെ മുഴുനീളനായിക. ഒരു നായകനുമൊത്ത് എറ്റവും കൂടുതല്‍പടങ്ങളില്‍ അഭിനയിച്ചതിനുള്ള ലോക റെക്കോര്‍ഡ്.…. ഷീലയുടെ ഒന്നാംസ്ഥാനങ്ങള്‍ ഒന്നൊന്നായി എടുത്തെഴുതുക എളുപ്പമല്ല!
ഇപ്പോഴിതാ അവരുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി, മലയാള ചലചിത്രരംഗത്തെ സമഗ്രസംഭാവനകള്‍ മാനിച്ചു സംസ്ഥാനം നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമായ ജെ സി ഡാനിയേല്‍ അവാര്‍ഡും.
ജനയുഗത്തിനു പ്രത്യേകം അനുവദിച്ച അഭിമുഖത്തില്‍ അവര്‍ അനുഭവങ്ങള്‍ പങ്കിടുന്നു.

sheelamma

ജെസി ഡാനിയേല്‍ അവാര്‍ഡ് ലഭിക്കുമ്പോള്‍?

വളരെ സന്തോഷം! തീരെ പ്രതീക്ഷിക്കാതെ ഇരിക്കുമ്പോള്‍ എത്തിയ ഒരു അംഗീകാരമാണിത്! ചലച്ചിത്ര അക്കാദമിയോടും, പുരസ്‌കാര സമിതി അംഗങ്ങളോടും കൃതജ്ഞതയുണ്ട്. അരനൂറ്റാണ്ടിലേറെയായി എന്റെ സിനിമകള്‍ കണ്ടുകൊണ്ടിരിക്കുന്ന സഹൃദയരായ എല്ലാ പ്രേക്ഷകരുമായും ഞാന്‍ഈ ആനന്ദം പങ്കുവെയ്ക്കുന്നു.

sheelamma

വെളുത്തു സുന്ദരിയായ കറുത്തമ്മ… മറക്കാനാവുമോ ആദിനങ്ങള്‍?

ഒരിക്കലും മറക്കുകയില്ല. കറുത്തമ്മ മാത്രമല്ല, ഒരുമലയാളിയും മറക്കാന്‍ പാടില്ലാത്ത ‘ചെമ്മീനും.’ ഈസ്റ്റ്മാന്‍ കളറില്‍ ഇറങ്ങിയ ആദ്യമലയാളപടം. അതുവരെ ബ്‌ളാക്ക്&വൈറ്റ് ഷൂട്ടില്‍ നല്ലകോണ്‍ട്രാസ്റ്റ് കിട്ടാനായി വസ്ത്രങ്ങളുടെ കളര്‍ തിരഞ്ഞെടുത്തുമാത്രം പരിചയം ഉണ്ടായിരുന്ന ഞങ്ങള്‍ക്ക്, കളര്‍ ഷൂട്ടു വന്നതോടുകൂടി വര്‍ണ്ണപ്പൊലിമയുള്ള ഡ്രസ്സുകള്‍ ഏതാണെന്ന് അറിയണമെന്നായി. കറുത്തമ്മയുടെ കോസ്റ്റ്യൂം പതിവായി മുണ്ടും ബ്ലൗസ്സും മാത്രമായിരുന്നുവെങ്കിലും, ബ്ലൗസ്സിന്റെ കളര്‍ സെലക്ഷന് ഒരുബഹളമായിരുന്നു. ബ്ലൗസ്സിന്റെ നിറത്തിനു യോജിക്കുന്ന കരയുള്ള മുണ്ടുകളും വേണമല്ലൊ.


മലയാളസിനിമക്കു സാങ്കേതിക മേന്മ അത്രയൊന്നും അവകാശപ്പെടാനില്ലാത്ത സമയത്താണ്, രാമുകാര്യാട്ട് സാര്‍ (സംവിധായകന്‍) മലയാളികളല്ലാത്ത മാര്‍കസ് ബാര്‍ട്ട്‌ലി (ഛായാഗ്രാഹകന്‍), ഋഷികേശ് മുഖര്‍ജി (എഡിറ്റര്‍), സലില്‍ചൗധരി (സംഗീത സംവിധായകന്‍) മുതലായ പ്രഗല്‍ഭന്മാരെ കേരളത്തിന്റെ കടാപ്പുറത്തു കൊണ്ടുവന്നു അണിനിരത്തിയത്. ഇവരെയൊക്കെ കാണാനും ഒരുവാക്കു മിണ്ടാനും ഞങ്ങള്‍ കൗതുകപൂര്‍വ്വം കാത്തുനില്‍ക്കുമായിരുന്നു.
തകഴി ചേട്ടന്റെ കഥ മോശമാകാന്‍ പാടില്ലെന്ന് രാമു സാറിനു നിര്‍ബ്ബന്ധമുണ്ടായിരുന്നു. എനിക്ക് മധുവിന്റെ കൂടെ അഭിനയിക്കാന്‍ പ്രശ്‌നമില്ലായിരുന്നു. പക്ഷെ, സത്യന്‍ സാറിനെ ഇത്തിരി പേടി… രണ്ടുപേരുടേയും നായിക ഞാനായിരുന്നല്ലൊ. മനസ്സുകൊണ്ട് ഒത്തിരി ഇഷ്ടപ്പെട്ടു അഭിനയിച്ച ഒരുകഥാപാത്രമാണ് കറുത്തമ്മ.

sheelamma
ഇന്ത്യന്‍ പ്രസിഡന്റിന്റെ സുവര്‍ണ്ണ കമലം വിന്ധ്യനും കടന്ന് ഇങ്ങെത്തിയപ്പോള്‍ വല്ലാത്ത ആഹ്ലാദമായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും വിളിയോടുവിളി. കഷ്ടപ്പെട്ടതൊക്കെ വെറുതെയായില്ല എന്ന തിരിച്ചറിവുണ്ടായി ഞങ്ങള്‍ക്ക്. അഭിനയിക്കുന്ന സമയത്ത്, ചെമ്മീനിന് ഇത്രയും വലിയ അംഗീകാരം കിട്ടുമെന്ന് ഞങ്ങളാരും കരുതിയിരുന്നില്ല.

ചെമ്മീനിനു തൊട്ടു പിന്നാലെ വന്ന ‘വെളുത്തകത്രീന’യിലെ കത്രീനയും വെളുത്തു ചന്തമുള്ളവളായിരുന്നു. അന്തര്‍ജ്ജനമായിത്തീര്‍ന്ന വശ്യസുന്ദരി. അറുപതുകളില്‍ ഇറങ്ങിയ ഇതുപോലുള്ള പടങ്ങളിലൂടെ, മലയാളി സ്ത്രീയുടെ രൂപലാവണ്യത്തിന്‍മേല്‍ ഒരുസ്റ്റാന്റേര്‍ഡ് നിശ്ചയിക്കുകയായിരുന്നു.……

അതുശരിയാണ്. എന്നെ ഒരുസ്റ്റാന്റേര്‍ഡ് ആയി പലരും അന്നുകരുതിയിരുന്നു. കേരളത്തില്‍ ആദ്യമായാണ് ഇങ്ങനെ പൊതുവായൊരു സ്ത്രീ സൗന്ദര്യ സങ്കല്‍പ്പം രൂപംകൊണ്ടതും. വെള്ളിത്തിരിയില്‍ എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന ഒരാളെ മാത്രമല്ലേ ഉദാഹരണമായി പറയുവാനും കഴിയുകയുള്ളൂ.
മലയാളിപ്പെണ്ണുങ്ങള്‍ നല്ല സൗന്ദര്യബോധമുള്ളവരാണ്. ഓരോരുത്തര്‍ക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അവര്‍ എന്നെപൂര്‍ണ്ണമായും ഒരുമാതൃകയായി ഇന്നു സ്വീകരിക്കണമെന്നില്ല.
പണ്ടൊക്കെ നിറത്തിനും സ്‌ത്രൈണത നിറഞ്ഞുനില്‍ക്കുന്ന മേനിയഴകിനും ഇന്നുള്ളതിനേക്കാള്‍ പ്രാധാന്യമുണ്ടായിരുന്നു. എങ്ങനെയായാലും ഒരു മനുഷ്യന്‍ എങ്ങനെയിരിക്കുന്നു എന്നുള്ളത് ദൈവത്തിന്റെ കൃപയാണ്. പോയ ജന്മത്തിലെ പുണ്യമോ, അച്ഛനമ്മമാര്‍ ചെയ്ത പുണ്യമോ ആയിരിക്കാം.

ഭാസ്‌കരന്‍മാഷുടെ ‘ഭാഗ്യജാതകം’ ആദ്യപടം(1962). അതിലെ രാധയേയും, 2004ല്‍ അഭിനയിച്ച സത്യന്‍ അന്തിക്കാടിന്റെ ‘മനസ്സിനക്കരെ‘യിലെ കൊച്ചുത്രേസ്യയേയും ഒന്നു താരതമ്യം ചെയ്താല്‍?

‘ഭാഗ്യജാതക’ത്തില്‍ അഭിനയിക്കുമ്പോള്‍ എനിക്കു പതിമൂന്നു വയസ്സാണ് പ്രായം. ഡയറക്ടര്‍ പറയുന്നത് ചുമ്മാ അനുസരിച്ചു. ആ അഭിനയം എത്ര കണ്ടുനന്നാവും? അതിനു ശേഷം മലയാളത്തിലും, തമിഴിലും, തെലുങ്കിലുമായി എത്ര പടത്തില്‍ അഭിനയിച്ചു! ‘കള്ളിച്ചെല്ലമ്മ’, ‘വാഴ്‌വേമായം’, ‘ഒരു പെണ്ണിന്റെ കഥ’, ‘ഉമ്മാച്ചു’, ‘കല്‍പ്പന’, ‘കരിനിഴല്‍’, ‘അനുഭവം’… മുതലായ പടങ്ങളൊക്കെ പിന്നിട്ടില്ലേ! ആ അനുഭവമാണ് എന്റെ വലിയസമ്പത്ത്.
കൊച്ചുത്രേസ്യയായുള്ള എന്റെ പെര്‍ഫോര്‍മന്‍സ് ഏറെ മികവുറ്റതാണെന്നു എനിക്കുതന്നെ നന്നായി ബോദ്ധ്യപ്പെട്ടിരുന്നു. ആ അഭിനയം കണ്ടിട്ട് പ്രേക്ഷകരും നിരൂപകരും ഒരുപോലെ എന്നെ പ്രശംസിക്കുകയും ചെയ്തു.

അറുപതുവര്‍ഷത്തെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങള്‍?

ഒരുപാടു സന്തോഷ നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ അവാര്‍ഡുകള്‍ പോലും മറക്കാനാവാത്ത അനുഭവങ്ങളാണ്.
പിന്നെ, കുറെ ദുഃഖസ്മരണകള്‍. ഏറെ അടുപ്പമുണ്ടായിരുന്നവരുടെ മരണങ്ങള്‍. സത്യന്‍സാര്‍, നസീര്‍, ജയന്‍ മുതലായവരുടെ വേര്‍പാടുകള്‍ ഏറെ വേദനിപ്പിച്ചു. അടൂര്‍ഭാസി, ബഹദൂര്‍… കുറെപടങ്ങളില്‍ ഒരുമിച്ചു അഭിനയിച്ചതല്ലേ… അവരുള്ള സിനിമകള്‍ കാണുമ്പോള്‍ ഇപ്പോഴും കണ്ണു നിറയും.

sheelamma

നല്ലൊരു ചിത്രകാരികൂടിയാണെന്നു കേട്ടിട്ടുണ്ട്.

ചിത്രരചന ചെറുപ്പം മുതലേ ഇഷ്ടമാണ്. വരയ്ക്കല്‍ ആറുവയസ്സില്‍ തുടങ്ങി. അഭിനയമൊന്നും കുട്ടിക്കാലത്ത് ഇഷ്ടമല്ലായിരുന്നു. വരച്ചു, വരച്ച്, എന്റെ വര്‍ക്കുകളുടെ ഒരു എക്‌സിബിഷനും നടത്തി. കഴിഞ്ഞ25 വര്‍ഷത്തില്‍ വരച്ച 94ചിത്രങ്ങള്‍ അതില്‍ പ്രദര്‍ശിപ്പിച്ചു, കൊച്ചിയിലെ ലെമെറിഡിയനില്‍. നല്ല റെസ്‌പോണ്‍സായിരുന്നു.

വീണ്ടും സംവിധായിക ആകുന്നുവെന്നു കേട്ടു…?

ശരിയാണ്, വളരെ വിഭിന്നമായ ഒരുതിരക്കഥ ഞാന്‍ എഴുതിതയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ ഇന്ത്യന്‍സിനിമയില്‍ കണ്ടിട്ടില്ലാത്തൊരു തീം. ആരും എഴുതാത്തൊരുകഥ. സംഭാഷണം മറ്റൊരാളാണ്. നിര്‍മാണം ഗോകുലം ഗോപാലനാണ്. ബിഗ്ബജറ്റ്പടം. അദ്ദേഹത്തിന് വലിയൊരു നടനെവച്ചുതന്നെ ഈപടം ചെയ്യണമെന്നു നിര്‍ബ്ബന്ധമുണ്ട്. ആ നടന്റെ കാള്‍ഷീറ്റിനായി വെയ്റ്റു ചെയ്യുന്നു. അടുത്തകൊല്ലം, സെപ്റ്റംബറില്‍ വര്‍ക്ക് തുടങ്ങും.

‘മിടൂ’ പരിപാടിയില്‍ പ്രതികരിക്കുന്നതിനിടയില്‍, ഇക്കാലത്ത് ആണ്‍കുട്ടികളുടെ പ്രണയചിന്തകള്‍അല്‍പ്പം നേരത്തേ എത്തുന്നുവെന്നും ഭക്ഷണമാണ് കാരണമെന്നും പറഞ്ഞിരുന്നു. ഭക്ഷണമല്ലാതെ മറ്റുകാരണങ്ങളൊന്നുമില്ലേ?

ഞാന്‍ അവരോടു പറഞ്ഞത് ഇതിന്റെ കാരണങ്ങളിലൊന്ന് ഭക്ഷണം എന്നാണ്. I told them that hor­mone-inject­ed food is one of the rea­sons for this phe­nom­e­non. അവര്‍ അത് തെറ്റായി റിപ്പോര്‍ട്ടുചെയ്ത്, only rea­son എന്നെഴുതി.
ഹോര്‍മോണ്‍സ് കുത്തിവെച്ച കോഴി ആയാലും, ഇറച്ചി ആയാലും, മലക്കറി ആയാലും, അത് മനുഷ്യരുടെ അക്രമാസക്തമായ എല്ലാവികാരങ്ങളേയും തീവ്രമാക്കും. ഒരാളെകൊല്ലാന്‍ വരെയുള്ള ഉത്തേജനം അതിലൂടെ ലഭിക്കുന്നു. അതുപോലെയുള്ള മറ്റൊരുവികാരമല്ലേ ലവ് എന്നു പറയുന്നത്? അതും ഹിംസാത്മകമായി മാറുന്നു.
അടുത്ത കാരണം ഫാസ്റ്റ് ലൈഫ് സ്‌റ്റൈല്‍ ആണ്. ആര്‍ക്കും ആരേയും ലവ്‌ചെയ്യാം എന്ന അവസ്ഥ. പണ്ടൊക്കെ, കുറെകാലം പുറകെ നടന്ന്, കത്തു കൊടുത്ത് കാത്തിരിക്കണം. ഇക്കാലത്ത് കണ്ടമാത്രയില്‍ തന്നെ ലവ് ആയി, ‘Can we go for a cup of tea?’ എന്നുചോദിക്കും! അങ്ങനെ, സംഭവിക്കാനുള്ളതെല്ലാം പെട്ടെന്നു സംഭവിക്കുന്നു. തെറ്റിപ്പിരിയലും അതുപോലെതന്നെ.

sheelamma

വ്യക്തിപരമായി എന്തെങ്കിലും ചീത്ത അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

എനിക്ക് ഒരു ചീത്ത അനുഭവവും ഉണ്ടായിട്ടില്ല, ഞാനതിന് അവസരവും കൊടുത്തിട്ടില്ല. പടത്തിന്റെ പ്രൊഡ്യൂസറായാലും മറ്റാരായാലും ശരി, എന്നോട് വേണ്ടാത്ത ഒരുവാക്കു പറഞ്ഞിട്ടില്ല. മകള്‍, സഹോദരി, അമ്മ എന്ന നിലയില്‍ മാത്രമേ ഒരോ സഹപ്രവര്‍ത്തകനും എന്നോടു പെരുമാറിയിട്ടുള്ളൂ. പറയാനുള്ളത് ഞാന്‍ വെട്ടിത്തുറന്നു പറയുമായിരുന്നു.
ഇപ്പോള്‍ ആണും പെണ്ണും ഒരുമിച്ചാണ് സ്‌കൂളിലും, കോളേജിലും, ജോലിസ്ഥലത്തുമൊക്കെ. ഒരുത്തനൊരു ദുരുദ്ദേശമുണ്ടെങ്കില്‍, അതു മുന്‍കൂട്ടി അവന്റെ രീതികളില്‍ നിന്നു മനസ്സിലാക്കാനുള്ള ഒരു പ്രത്യേക കഴിവ് ദൈവം പെണ്ണിനു കൊടുത്തിട്ടുണ്ട്. അവിടെ വച്ച് ഫുള്‍സ്റ്റോപ്പ് ഇടണം. അവള്‍ക്കത് ഇഷ്ടമാണെങ്കില്‍.… അത് വേറെ കാര്യം.

1992 മുതല്‍ ഇതുവരെ 26ഡാനിയേല്‍ പുരസ്‌കാരങ്ങള്‍. എന്നാല്‍ ഈ പട്ടികയില്‍ ആകെ രണ്ടു വനിതകള്‍ മാത്രമേയുള്ളൂ. 2005ല്‍ ആറന്‍മുള പൊന്നമ്മ, ഇപ്പോള്‍ ഷീലാമ്മയും. അര്‍ഹതയുള്ള വനിതാ പ്രതിഭകള്‍ ഇത്രകുറവോ?

കുറവല്ല, കഴിവുള്ള ഒരുപാടു വനിതകള്‍ ഉണ്ടിവിടെ. എന്നെക്കാള്‍ അര്‍ഹതയുള്ളവരുമുണ്ട്. എന്തുകൊണ്ട് അവര്‍ക്കൊന്നും കൊടുത്തില്ലായെന്നത് എനിക്കറിയില്ല. അത് അക്കാഡമിയോടുചോദിക്കണം. എന്നാല്‍, ഭാവിയില്‍ കൂടുതല്‍ സ്ത്രീകളെ ഈ പുരസ്‌കാരത്തിന് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് നമുക്കുപ്രത്യാശിക്കാം.