ആവാസ വ്യവസ്ഥ തകർന്ന് ഘടന മാറുന്ന വേമ്പനാട് കായൽ ഇനി എത്രനാൾ എന്ന ചോദ്യം പല കോണുകളിൽ നിന്നുയരുന്നു. പരിസ്ഥിതി ശാസ്ത്രജ്ഞർ മാത്രമല്ല മത്സ്യത്തൊഴിലാളികളും കർഷകരുമടക്കമുളള സാധാരണക്കാർ വരെ ഈ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. വൻതോതിലുള്ള കയ്യേറ്റവും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ നിക്ഷേപവും മൂലം കായലിന്റെ ജലസംഭരണ ശേഷി നന്നേ കുറഞ്ഞു. 120 വർഷം കൊണ്ട് 85.3 ശതമാനം കുറവാണ് സംഭരണ ശേഷിയിൽ ഉണ്ടായിട്ടുള്ളതെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. 2018ലെ പ്രളയത്തിന് ശേഷം നടത്തിയ വിവിധ പഠനങ്ങളും കായലിലെ മണ്ണ് നീക്കം ചെയ്ത് ആഴം കൂട്ടേണ്ടതിന്റെ ആവശ്യകതകൾ പുറത്തുവിട്ടിരുന്നു.
മഴ ശക്തമാകുമ്പോൾ എത്തുന്ന അഞ്ച് നദികളിലെ വെള്ളം ക്രമേണ കടലിന് കൈമാറുന്ന സവിശേഷമായ ധർമ്മമാണ് പ്രകൃതി വേമ്പനാട് കായലിന് നൽകുന്നത്. കൂടാതെ ഉപ്പുവെള്ളം നിയന്ത്രിക്കുകയും സമീപ മേഖലകളിൽ എക്കൽ നിക്ഷേപം നടത്തുകയും ചെയ്യുന്നതും ഈ കായലാണ്. കടലിലെ ചാകരയും കുട്ടനാട്ടിലെ നെല്ലറയുമെല്ലാം നിലനിൽക്കുന്നതും വേമ്പനാട്ടുകായലിനെ ആശ്രയിച്ചു തന്നെ. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ജനങ്ങൾ നേരിട്ടോ പരോക്ഷമായോ ആശ്രയിക്കുന്ന ആവാസവ്യവസ്ഥയുള്ള രാജ്യത്തിലെ തന്നെ ഏറ്റവും നീളംകൂടിയ തടാകത്തിനാണ് ഈ ദുർഗതി. നെൽക്കൃഷിക്കും ഭവന പദ്ധതികൾക്കും ടൂറിസത്തിനും വേണ്ടിയുള്ള അനിയന്ത്രിതമായ നിലം നികത്തലാണ് കായലിന്റെ വിസ്തൃതി കുറയുവാനുള്ള പ്രധാന കാരണം.
2011ലെ തീരദേശ നിയന്ത്രണ വിജ്ഞാപനം വേമ്പനാട് കായലിനെ അതിലോല തീരപ്രദേശമായി നിർണയിച്ചതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം വന്നത്. അനുദിനം അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കായലിനെ മരണത്തിലേക്ക് തള്ളിവിടുന്നു. 3,005 ടൺ പ്ലാസ്റ്റിക് മാലിന്യം കായലിൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് കു ഫോസിന്റെ പഠന റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ ശുചിമുറി മാലിന്യങ്ങളും മാരക കീടനാശിനികളും ഒഴുക്കി കായലിനെ കൊന്നുതള്ളുകയാണ് മനുഷ്യർ. ഗ്രീൻ ട്രിബ്യൂണൽ അടിയന്തര നടപടിക്ക് ഉത്തരവിട്ടിട്ടും വിവിധ പഠന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടും കായലിനെ വീണ്ടെടുക്കാനുള്ള നടപടികൾ വൈകുകയാണ്.
മത്സ്യ വൈവിധ്യങ്ങളുടെയും ദേശാടന പക്ഷികളുടെയും സങ്കേതമായ വേമ്പനാട് കായലിന് റാംസർ ഉടമ്പടി പ്രകാരം അതീവ പ്രാധാന്യവുമുണ്ട്. 189 ഇനം പക്ഷികളെയാണ് വേമ്പനാട്ടിൽ കണ്ടെത്തിയിട്ടുള്ളത്. ഇവയിൽ 50 ഇനങ്ങൾ ദേശാടനപ്പക്ഷികളുമാണ്. നീർക്കാക്കകളുടെ രാജ്യത്തെ മൂന്നാമത്തെ വലിയ താവളമാണ് വേമ്പനാട്. മത്സ്യത്തിന്റെയും കക്കയുടെയും മറ്റനവധി ജലജീവികളുടെയും ആവാസ വ്യവസ്ഥയും പ്രജനനകേന്ദ്രവുമായ ഈ തണ്ണീർത്തടത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥയും ജലമലിനീകരണവും ജൈവനാശവുമെല്ലാം കണക്കിലെടുത്താണ് വേമ്പനാടിനെ ദേശീയ കായൽ സംരക്ഷണപരിപാടിയിൽ ഉൾപ്പെടുത്തിയത്. 102 ഓളം മത്സ്യങ്ങളുടെ കലവറയായിരുന്നെങ്കിലും ഇന്ന് അതിൽ പലതും ഇല്ലാതായി.
മൺസൂണിലും വേനലിലും ഓര് നിലയിലുണ്ടാകുന്ന വ്യതിയാനം വേമ്പനാടിന്റെ മത്സ്യ വൈവിധ്യം വർധിപ്പിക്കുന്നു. വേലിയേറ്റത്തിൽ അറബിക്കടലിൽ നിന്നും കയറുന്ന ലക്ഷക്കണക്കിന് ജീവജാലങ്ങളുടെ തീറ്റപ്പാടവും നഴ്സറിയുമാണ് വേമ്പനാട്. പ്രളയകാലത്ത് കായലിലുണ്ടാകുന്ന ജല സമ്മർദ്ദത്തെ തുടർന്ന് കടലിലെത്തുന്ന വെള്ളമാണ് ചാകര എന്ന പ്രതിഭാസത്തിന് കാരണം. 14 ഇനം കണ്ടലുകളാലും 30 ഇനം കണ്ടൽ അനുബന്ധ സസ്യങ്ങളാലും സമ്പന്നമാണ് ഈ കായൽ. മത്സ്യ പ്രജനനത്തിന് താവളമൊരുക്കുന്നതിൽ കണ്ടൽ വഹിക്കുന്ന പങ്ക് ചെറുതല്ല. കായൽ മലിനീകരണവും അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളും കേരളത്തിൽ ഏറ്റവും കൂടുതൽ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ആശ്രയിക്കുന്ന വേമ്പനാട് കായലിനെ ഇല്ലാതാക്കുകയാണ്. കണ്ടൽ കാടുകളുടെ നാശം വേലിയേറ്റ സമയത്ത് കായലിലേക്കെത്തുന്ന മത്സ്യ ഇനങ്ങളുടെ പ്രജനനത്തെയും തീറ്റപ്പാടത്തെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. ഇത് സമുദ്ര മത്സ്യസമ്പത്തിന്റെ വളർച്ചയ്ക്ക് തടസമാകും.
കായൽ മത്സ്യസമ്പത്തിലും ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. 1975ൽ വേമ്പനാട്ടിലെ പ്രതിവർഷ മത്സ്യോല്പാദനം 16,000 ടൺ ആയിരുന്നുവെങ്കിൽ 1990 ആയപ്പോഴേക്കും ഇത് 720 ടൺ ആയി കുറഞ്ഞു. 2001ൽ 485 ടൺ മാത്രമാണ് ലഭിച്ചത്. ആറ്റു കൊഞ്ചിന്റെ ഉല്പാദനം 1967ൽ 429 ടൺ ആയിരുന്നത് 2002ൽ 27 ടൺ ആയി കുറഞ്ഞു. 1967ൽ 28,600 ടൺ ആയിരുന്നു കക്കയുടെ വാർഷികോല്പാദനം. 1990 ആയപ്പോഴേക്കും ഇത് നാലിൽ ഒന്നിൽ താഴെയായി ചുരുങ്ങി.
കഴിഞ്ഞ ഏഴ് വർഷക്കാലമായി കേരളത്തിലെ കാലവർഷത്തിൽ നല്ലവ്യതിയാനമാണ് അനുഭവപ്പെടുന്നത്. സാധാരണയായി 3,000 മില്ലി മീറ്റർ മഴയാണ് തെക്കു-പടിഞ്ഞാറൻ മൺസൂണിലൂടെ ലഭിക്കുന്നത്. ജൂൺ‑ജൂലൈ മാസങ്ങളിലും തുടർച്ചയായി മഴ ലഭിച്ചിരുന്നു. ഓഗസ്റ്റിലും കുറച്ച് മഴ ലഭിക്കുമായിരുന്നു. ഇപ്പോൾ ഈ രീതിക്ക് വ്യതിയാനം വന്നു. പലപ്പോഴും സമയം നോക്കാതെ നിർത്താതെ പെയ്യുന്ന മഴ കേരളത്തെ മിന്നൽ പ്രളയത്തിലേക്കും വെള്ളപൊക്കത്തിലേക്കും തള്ളിവിട്ടതും ചരിത്രം. 2018ലും 19ലും കേരളത്തിലുണ്ടായ പ്രളയത്തിന്റെ മുറിവുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.
തോട്ടപ്പള്ളി പൊഴി, തണ്ണീർമുക്കം ബണ്ട്, അഴീക്കൽ, അന്ധകാരനഴി പൊഴികൾ കൂടാതെ മറ്റ് 16 ചെറുപൊഴികളിലൂടെയുമാണ് വേമ്പനാട് കായലിൽ നിന്നും വെള്ളം കടലിലെത്തുന്നത്. കായലിന്റെ ജല സംഭരണശേഷി സാരമായി കുറഞ്ഞതോടെ മഴ താങ്ങാനാവാത്ത അവസ്ഥയും സംജാതമായി. ഇതാണ് മിന്നൽ പ്രളയത്തിലേക്ക് കേരളത്തെ കൊണ്ടെത്തിക്കുന്നത്. 1930ൽ വേമ്പനാട് കായലിന്റെ ശരാശരി ആഴം 8.5 മീറ്റർ ആയിരുന്നെങ്കിൽ ഇപ്പോഴത് 1.82 മീറ്ററായി ചുരുങ്ങി. ഈ നില തുടർന്നാൽ കായലിന്റെ സിംഹഭാഗവും കുറച്ച് വർഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകുമെന്നും പ്രളയ സാധ്യത വർധിപ്പിക്കുമെന്നുമുള്ള വിദഗ്ധരുടെ മുന്നറിയിപ്പുകളെ അവഗണിച്ചാൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമായിരിക്കുമെന്ന് ശാസ്ത്ര ലോകം അടിവരയിടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.