Thursday
23 May 2019

വെനസേ്വല: യുഎസ് ലോകത്തെ വീണ്ടും ശീതയുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നു

By: Web Desk | Tuesday 22 May 2018 10:31 PM IST


venezuela election

വെനസേ്വലയില്‍ ഞായറാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ജനവിധിക്കെതിരെ യുഎസും പാശ്ചാത്യമുതലാളിത്ത രാഷ്ട്രങ്ങളും അവലംബിക്കുന്ന നയസമീപനങ്ങള്‍ അന്താരാഷ്ട്ര ജനാധിപത്യ മര്യാദകളുടെ നഗ്നമായ ലംഘനവും ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ സ്വയം നിര്‍ണയാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റവുമാണ്. വെനസേ്വലയുടെ ബൊളിവാറിയന്‍ സോഷ്യലിസ്റ്റ് വിപ്ലവ നേതാവ് ഹൂഗോ ഷാവേസിന്റെ അകാലനിര്യാണത്തെ തുടര്‍ന്ന് 2013ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ വൈസ്പ്രസിഡന്റായിരുന്ന നിക്കോളസ് മഡുറോ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് അധികാരത്തിലേറിയത്. അന്നുമുതല്‍ പാശ്ചാത്യ മൂലധനശക്തികളുടെ, വിശേഷിച്ചും യുഎസിന്റെ, പരസ്യമായ പിന്തുണയോടെ ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ നിരന്തരമായ ശ്രമങ്ങളാണ് തുടര്‍ന്നുവന്നത്. വെനസേ്വലക്കെതിരെ യുഎസിന്റെ നേതൃത്വത്തില്‍ ക്രൂരമായ സാമ്പത്തിക ഉപരോധം നിലവില്‍ വന്നു. ലോകത്ത് ഏറ്റവുമധികം എണ്ണ നിക്ഷേപമുള്ള വെനസേ്വലയുടെ എണ്ണ വാങ്ങുന്നതിനും അവരില്‍ നിന്ന് വാങ്ങിയ എണ്ണയുടെ കുടിശിക നല്‍കുന്നതിനുപോലും നിരോധനം ഏര്‍പ്പെടുത്തി. സാമ്പത്തികമായി ആ രാജ്യത്തെ ശ്വാസംമുട്ടിച്ച് കീഴ്‌പെടുത്തുക എന്നതു തന്നെയായിരുന്നു ഉപരോധത്തിന്റെ ലക്ഷ്യം. നില്‍ക്കക്കള്ളിയില്ലാതെ രാജ്യം ദേശസാല്‍ക്കരിച്ച് പൊതുമേഖലയിലാക്കിയ എണ്ണ വ്യവസായം പാശ്ചാത്യ കുത്തകകള്‍ക്ക് കയ്യടക്കാന്‍ അവസരമൊരുക്കുക എന്നതായിരുന്നു കണക്കുകൂട്ടല്‍. എണ്ണയില്‍ നിന്നുള്ള വരുമാനം നിലച്ചതോടെ ഭക്ഷ്യവസ്തുക്കളടക്കം നിതേ്യാപയോഗ വസ്തുക്കള്‍ ഏതാണ്ടെല്ലാറ്റിനും ഇറക്കുമതിയെ ആശ്രയിക്കുന്ന വെനസേ്വല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. നിത്യോപയോഗ സാധനങ്ങള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെട്ടു. യുഎസ് ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്ന വലതുപക്ഷ വാണിജ്യ-വ്യാപാര കുത്തകകള്‍ പൂഴ്ത്തിവെപ്പിലൂടെയും ഇതര ജനദ്രോഹ നടപടികളിലൂടെയും ജനജീവിതം ദുരിതപൂര്‍ണമാക്കി. അവരുടെ പിണിയാളുകള്‍ അക്രമങ്ങളും തെരുവുയുദ്ധങ്ങളും ദിനചര്യയാക്കി. അതിനെ ചെറുക്കാന്‍ തൊഴിലാളികളും സാമാന്യ ജനങ്ങളും നടത്തിയ ശ്രമങ്ങളെയെല്ലാം ചോരയില്‍ മുക്കിക്കൊല്ലുന്നത് നിത്യസംഭവങ്ങളായി. ആ പശ്ചാത്തലത്തിലാണ് രാജ്യം ലക്ഷ്യമായി പ്രഖ്യാപിച്ച ബൊളിവാറിയന്‍ സോഷ്യലിസത്തെയും ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ലിക്ക് രൂപം നല്‍കാന്‍ വെനസേ്വല നിര്‍ബന്ധിതമായത്.
തങ്ങളുടെ അട്ടിമറി, അസ്ഥിരീകരണ തന്ത്രങ്ങള്‍ എല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് മുഖ്യപ്രതിപക്ഷമായ വലതുപക്ഷ ഡമോക്രാറ്റിക് റൗണ്ട് ടേബിള്‍ (എംഡിയു) പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചത്. പ്രതിപക്ഷ ബഹിഷ്‌കരണവും ഹിംസാത്മകവുമായ അന്തരീക്ഷം വകവയ്ക്കാതെ 46 ശതമാനം വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനവകാശം രേഖപ്പെടുത്തി. വെനസേ്വലയുടെ നാഷണല്‍ ഇലക്ട്രല്‍ കൗണ്‍സിലിന്റെ ക്ഷണം സ്വീകരിച്ച 150ല്‍പരം അന്താരാഷ്ട്ര നിരീക്ഷകര്‍ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വവുമായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തി. ബഹിഷ്‌കരണത്തിലൂടെയും അക്രമത്തിലൂടെയും തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. 68 ശതമാനം വോട്ട് ലഭിച്ച നിക്കോളസ് മഡുറോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യ പ്രതിയോഗിയെക്കാള്‍ മൂന്നിരട്ടി വോട്ടുകള്‍ നേടിയായിരുന്നു മഡുറോയുടെ വിജയം. വെനസേ്വലയിലെ സോഷ്യലിസ്റ്റ് ഭരണകൂടത്തെ മുട്ടുകുത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ഒരു രാജ്യത്തേയും ജനതയേയും തീരാദുരിതത്തിലാഴ്ത്തി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം കൂടുതല്‍ കര്‍ക്കശമായ ഉപരോധ പ്രഖ്യാപനവുമായി രംഗത്തുവന്നിരിക്കുന്നത്. തങ്ങളുടെ മേല്‍ക്കോയ്മയ്ക്ക് വഴങ്ങാത്ത രാഷ്ട്രങ്ങളെ ഉപരോധത്തിലൂടെയും നഗ്നമായ കടന്നാക്രമണങ്ങളിലൂടെയും കീഴ്‌പെടുത്താനുള്ള ശ്രമങ്ങളുടെ ചരിത്രമാണ് യുഎസ് സാമ്രാജ്യത്തത്തിന്റേത്. കൊറിയന്‍ ഉപഭൂഖണ്ഡത്തിലും ഇന്തോ ചൈനയിലും ബാള്‍ക്കനിലും പശ്ചിമേഷ്യയിലും ലോകം അതാണ് കണ്ടത്, കണ്ടുകൊണ്ടിരിക്കുന്നത്. യുഎസിന്റെ മേല്‍ക്കോയ്മയില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന ദക്ഷിണ അമേരിക്കയില്‍ ഉടനീളം അതാണ് തുടര്‍ന്നുപോന്നിരുന്നത്. എന്നാല്‍ സ്വാതന്ത്ര്യാഭിവാഞ്ഛയുള്ള ലോകജനത അത് ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്നാണ് ചരിത്രം നല്‍കുന്ന പാഠം.
ലോകത്തിന്റെയാകെ പ്രകൃതിവിഭവങ്ങളടക്കം സമസ്ത സമ്പത്തും കയ്യടക്കാനുള്ള പാശ്ചാത്യ മൂലധനശക്തികളുടെ നിഷ്ഠുരതകള്‍ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഇറാനുമായി ലോകരാഷ്ട്രങ്ങള്‍ ഒപ്പുവച്ച ആണവ കരാറില്‍ നിന്നുള്ള പിന്മാറ്റം, അത് അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന യൂറോപ്യന്‍ സഖ്യശക്തികള്‍ക്കെതിരായ ഏറ്റവും പുതിയ ഭീഷണി എന്നിവ അനാവരണം ചെയ്യുന്നത് യുഎസിന്റെ സാമ്രാജ്യത്വ ആധിപത്യ സമീപനമാണ്. കൊറിയന്‍ ഉപഭൂഖണ്ഡം ആണവായുധ വിമുക്തമാകുമെന്ന പ്രതീക്ഷക്ക് മങ്ങലേല്‍ക്കുകയാണ്. പശ്ചിമേഷ്യയിലെ മുസ്‌ലിം ഭീകരവാദത്തെയും ഇസ്‌ലാമിക സ്റ്റേറ്റിനെയുംകാള്‍ തങ്ങള്‍ ഭയപ്പെടുന്നത് അറബ് ജനതയുടെ സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവുമാണെന്ന് ആ മേഖലയിലെ യുഎസ് നയങ്ങള്‍ വെളിവാക്കുന്നു. വെനസേ്വല പ്രതിനിധാനം ചെയ്യുന്നത് ലാറ്റിന്‍ അമേരിക്കന്‍ ജനതയുടെ സ്വാതന്ത്ര്യ അഭിവാഞ്ഛയെയാണ്. അത് തകര്‍ക്കാനാണ് ട്രംപ് ഭരണകൂടം കിണഞ്ഞ് പരിശ്രമിക്കുന്നത്. ലോകത്തെ ശീതയുദ്ധത്തിലേക്ക് വീണ്ടും വലിച്ചിഴക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ലോകജനതയുടെ ചെറുത്തുനില്‍പും ഐക്യദാര്‍ഢ്യവുമാണ് അതിനുള്ള മറുപടി.