വെന്നീസിന്റെ ചൈതന്യം

Web Desk
Posted on March 10, 2019, 8:12 pm

സൂര്‍ദാസ് രാമകൃഷ്ണന്‍

റോമാചക്രവര്‍ത്തിയായ ചാള്‍സ് അഞ്ചാമന്റെ കൊട്ടാരത്തില്‍ ചിത്രപീഠത്തിലിരുന്ന് വരയ്ക്കുകയായിരുന്നു ടിഷ്യന്‍. വരച്ചുകൊണ്ടിരിക്കെ അവിചാരിതമായി ബ്രഷ് കൈയില്‍ നിന്നും വഴുതി നിലത്തേയ്ക്കു വീണു. പെട്ടെന്ന് ചക്രവര്‍ത്തി മുന്നോട്ടു വന്ന് നിലത്തുനിന്നും ബ്രഷ് എടുത്ത് ടിഷ്യന്റെ കൈയില്‍ കൊടുത്തു. ലോകത്തിന്റെ പകുതിയും കാല്‍ക്കീഴിലാക്കിയ ചക്രവര്‍ത്തി നിസാരനായ ഒരു ചിത്രകാരന്റെ മുമ്പില്‍ ഒരു പരിചാരകനെ പോലെ പെരുമാറുക! കൊട്ടാരം സേവകര്‍ക്ക് അതൊട്ടും രസിച്ചില്ല. ‘ചക്രവര്‍ത്തിയാണെന്ന കാര്യം അങ്ങ് മറന്നു പോകരുത്. അങ്ങയുടെ പരമ്പരയില്‍ ഇങ്ങനെയൊരു കീഴ്‌വഴക്കമില്ല’. എന്നൊക്കെ സേവകര്‍ ഉപദേശ രൂപേണ ചാള്‍സിന്റെ പ്രവൃത്തിയെ വിമര്‍ശിച്ചു തുടങ്ങിയപ്പോള്‍ അവരുടെ വായടപ്പിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘നമുക്ക് എത്ര പ്രഭുക്കന്മാരെ വേണമെങ്കിലും സൃഷ്ടിക്കാം, പക്ഷേ മറ്റൊരു ടിഷ്യനെ ഒരിക്കലും സൃഷ്ടിക്കാനാവില്ല. അത്ര ആരാധനയായിരുന്നു ചക്രവര്‍ത്തിക്ക് ടിഷ്യനോട്. തന്റെ പ്രിയ ചിത്രകാരന് കൊട്ടാരവാസികള്‍ക്കുള്ള എല്ലാ സുഖസൗകര്യങ്ങളും അതേയളവില്‍ അദ്ദേഹം നല്‍കി. ടിഷ്യന്റെ മക്കളെ കൊട്ടാരത്തിലെ രാജകുമാരന്മാരെ പോലെയാണ് അദ്ദേഹം സംരക്ഷിച്ചത്.
ചിത്രകലയുടെ ലോകത്ത് ഏകഛത്രാധിപതിയെ പോലെയാണ് ടിഷ്യന്‍ ജീവിച്ചത്. കാരണം, അദ്ദേഹം ചിത്രകാരനെന്നനിലയില്‍ പ്രസിദ്ധിയിലേയ്ക്ക് ഉയര്‍ന്നു വന്നപ്പോഴേക്കും മഹാപ്രതിഭകളായ മൈക്കലാഞ്ജലോയും ഡാവിഞ്ചിയും റാഫേലും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞിരുന്നു. പിന്നെ, എതിരാളികളില്ലാത്ത ഒരു ലോകമായിരുന്നു ടിഷ്യന്റേത്. രാജാക്കന്മാരുടെ അഭ്യര്‍ത്ഥനകളുമായി ദൂതന്മാര്‍ അദ്ദേഹത്തിന്റെ സ്റ്റുഡിയോയിലേയ്ക്ക് വന്നു കൊണ്ടേയിരുന്നു. വിഷയങ്ങളില്‍ അനന്യമായ വൈവിധ്യം പുലര്‍ത്തിയിരുന്ന ടിഷ്യന് വിപുലമായൊരു ആരാധകവ്യന്ദമുണ്ടായിരുന്നു. ക്രൈസ്തവമായ ആത്മീയാനന്ദത്താല്‍ തീവ്രമായ അള്‍ത്താരചിത്രങ്ങള്‍ വരച്ച അതേ ടിഷ്യന്‍ തന്നെ രതിഭാവത്തിന്റെ കടും വര്‍ണ്ണങ്ങളുള്ള മോഹിപ്പിക്കുന്ന ചിത്രങ്ങളും വരച്ചത്. പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായ വീനസിന്റെ നഗ്നലാവണ്യം ടിഷ്യന് എത്ര വരച്ചാലും മതിവരാത്ത ഒന്നായിരുന്നു.
ടിഷ്യന്റെ വീനസ് ചിത്രങ്ങളില്‍ ഏറ്റവും പ്രസിദ്ധമാണ് അര്‍ബിനോയിലെ വീനസ്. ആ ഗ്രീക്ക് ദേവതയുടെ സൗന്ദര്യം തികച്ചും മാനുഷികമായ തലത്തില്‍ നിന്നു കൊണ്ടാണ് അദ്ദേഹം ആവിഷ്‌കരിച്ചത്. അടിമുടി ഒരു വെനീഷ്യന്‍ സുന്ദരിയായിട്ടാണ് ഈ ചിത്രത്തില്‍ വീനസ് ശയിക്കുന്നത്. എന്നാല്‍ വീനസിനോട് ബന്ധപ്പെടുത്തിയിട്ടുള്ള കൊളുന്തു മരം, ഉറങ്ങുന്ന നായ, റോസാപുഷ്പങ്ങള്‍ തുടങ്ങിയ പ്രതീകങ്ങളെയൊക്കെ ടിഷ്യന്‍ ചേര്‍ത്തിട്ടുമുണ്ട്. പൂര്‍ണ്ണ നഗ്നയായി ശയിക്കുന്ന വീനസിന്റെ അചഞ്ചലമായ നോട്ടമാകട്ടെ കാഴ്ചക്കാരുടെ കണ്ണുകളുമായി നേരിട്ടിടയുന്നമട്ടിലാണ്. തലയിണയാല്‍ ശിരോഭാഗം ഉയര്‍ത്തി ഇടതുകൈയാല്‍ ഗുഹ്യഭാഗം അലസമായി മറച്ചും വലതുകൈയില്‍ റോസാപുഷ്പങ്ങളേന്തിയും ഗൂഢമായൊരു വികാര വൈവശ്യം കണ്ണുകളില്‍ തിളങ്ങിയും ശയിക്കുന്ന ഇത്രയും പ്രലോഭനാത്മകമായൊരു വീനസ് ചിത്രം മറ്റാരുടെയും തൂലികയില്‍ നിന്ന് പിറന്നിട്ടില്ല. മാത്രമല്ല, ടിഷ്യന്റെ ഈ ചിത്രത്തിലാണ് വീനസ് ദേവതയുടെ നഗ്നലാവണ്യം ഒരു ഗാര്‍ഹിക പശ്ചാത്തലത്തില്‍ ആദ്യമായി ആലേഖനം ചെയ്യപ്പെട്ടത്. അര്‍ബീനോയിലെ പ്രഭ്വിയായ ലാ ബെല്ലായുടെ മുഖമാണ് ടിഷ്യന്‍ വീനസിനു നല്‍കിയത്.

ഇറ്റലിയിലെ ആല്‍പ്‌സ് പര്‍വ്വത മേഖലയിലുള്ള ഒരു ഗ്രാമത്തിലാണ് ടിഷ്യന്‍ ജനിച്ചത്. ടിഷ്യാനോ വെസെല്ലിയോ എന്നായിരുന്നു മുഴുവന്‍ പേര്. ടിഷ്യന്റെ ജനനവര്‍ഷം ഇന്നും തര്‍ക്കവിഷയമാണ്. 1477 പൊതുവേ അംഗീകരിക്കപ്പെട്ടു. 1487 മുതല്‍ 1490 വരെയുള്ള കാലത്തിനിടയിലാകാമെന്നാണ് പുതിയ ഗവേഷകരുടെ അഭിപ്രായം. ഗ്രാമീണന്‍, വിദ്യാഭ്യാസം ചെയ്യാനുള്ള സാഹചര്യമില്ലാത്തവന്‍. പക്ഷേ ടിഷ്യന് സഹജമായ കലാവാസനയുണ്ടായിരുന്നു. അത് മനസ്സിലാക്കിയ പിതാവ് കരകൗശലവിദ്യ പരിശീലിക്കാന്‍ ടിഷ്യനെ വെന്നീസിലേക്കയച്ചു. പത്തുവയസുകാരന്‍ ചെന്നെത്തിയത് അത്ര വൈദഗ്ധ്യമില്ലാത്ത ചില കലാകാരന്മാരുടെ അടുത്തേക്കാണ്. പക്ഷേ, വിധി ടിഷ്യനെ താമസിയാതെ തന്നെ വെസീസിലെ വലിയ ചിത്രകാരന്മാരായ ബെല്ലനി സഹോദരന്മാരുടെ സ്റ്റുഡിയോയിലെത്തിച്ചു. അവിടെ നിന്നു ജോര്‍ജിയോണിന്റെ ശിഷ്യത്വത്തിലെത്തിയപ്പോള്‍ ടിഷ്യന്‍ വരയുടെ ലോകത്ത് ചുവടുറപ്പിച്ചു കഴിഞ്ഞിരുന്നു. ടിഷ്യനെ ആഴത്തില്‍ സ്വാധീനിച്ച ചിത്രകാരന്‍ ജോര്‍ജിയോണ്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ശൈലി അനുകരിച്ചിരുന്ന ടിഷ്യന്‍ 1510 ‑ല്‍ ഗുരുവിന്റെ മരണശേഷം ക്രമേണ അനുകരണത്തിന്റെ പാതയുപേക്ഷിച്ച് മൗലികമായൊരു ശൈലിയിലേയക്ക് വളര്‍ന്നു. രേഖകളിലും നിറങ്ങളുടെ സങ്കലനത്തിലും ടിഷ്യന്‍ തികച്ചും ഇംപ്രഷണിസ്റ്റിക്കായി മാറി. അങ്ങനെ നിരക്ഷരനായി ഒരു കുഗ്രാമത്തില്‍ നിന്നും വന്ന ടിഷ്യന്‍ വെന്നീസിന്റെ ഹൃദയം കീഴടക്കിയ ചിത്രകാരനായി. ടിഷ്യനെ അനശ്ചര ചിത്രകാരനാക്കിയതില്‍ അദ്ദേഹം വരച്ച നൂറുകണക്കിന് ഛായാചിത്രങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ടെന്ന് നിരൂപകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഛായാചിത്രങ്ങള്‍ അതീവ ചൈതന്യമുള്ളവയും ആകര്‍ഷകവുമാണ്. ഛായാചിത്രത്തില്‍ വരുന്ന വ്യക്തിയുടെ ആന്തരിക ഭാവങ്ങളെ മുഖത്തും കണ്ണുകളിലും പ്രതിഫലിപ്പിക്കാനുള്ള അസാധാരണമായൊരു കഴിവ് ടിഷ്യന്‍ പ്രകടിപ്പിച്ചിരുന്നു. മനശാസ്ത്രപരമായ അപഗ്രഥനസ്വഭാവമുള്ള ഛായചിത്രങ്ങള്‍ എന്നാണ് നിരൂപകര്‍ ടിഷ്യന്റെ രചനകളെ വിശേഷിപ്പിച്ചിട്ടുള്ളത്. പോപ്പ് പോള്‍ മൂന്നാമന്റെ നിരവധി ഛായാചിത്രങ്ങള്‍ ടിഷ്യന്‍ വരച്ചിട്ടുണ്ട്. അവയോരൊന്നും വ്യത്യസ്തമായ സൂക്ഷ്മ മുഖഭാവങ്ങള്‍ പ്രകടിപ്പിക്കുന്നവയാണ്. ഇംപ്രഷണിസ്റ്റിക്ക് ശൈലിയിലുള്ള ടിഷ്യന്റെ ഛായാചിത്രങ്ങള്‍ അടുത്തുനിന്നു കാണുന്നതിനേക്കാള്‍ ജിവത്തായി തോന്നുക അല്പം അകലെ നിന്നു കാണുമ്പോഴാണ്. ഛായചിത്രരചനയില്‍ പില്‍ക്കാലത്ത് റെംബ്രന്റും, റൂബന്‍സും വാന്‍ഡൈക്കും വലേസ്‌ക്കസും പഠന മാതൃകയാക്കിയത് ടിഷ്യന്റെ രചനകളായിരുന്നു എന്നതു തന്നെ അവയുടെ മഹത്വത്തിന് തെളിവാണ്.
അക്കാലത്ത് ചിത്രകാരന്മാരില്‍ ഭൂരിപക്ഷവും കുത്തഴിഞ്ഞ ജീവിതത്തിന്റെ അടിമകളായിരുന്നു. ഒരു തരത്തിലുമുള്ള ധാര്‍മ്മികതയും സത്യസന്ധതയുമില്ലാത്തവര്‍. അവര്‍ക്കിടയില്‍ ടിഷ്യന്‍ പക്ഷേ, സത്യസന്ധനും സ്‌നേഹമുള്ള ഭര്‍ത്താവും പിതാവുമായി ജീവിച്ചു. ഉരുക്കുപോലെയുള്ള ശരീരം. തൊണ്ണൂറ്റൊമ്പതു വയസ്സുവരെ ആരോഗ്യത്തോടെ ജീവിക്കുകയും വരയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. അവസാനവര്‍ഷം വരച്ച ചിത്രമായ ‘ആട്ടിടയനും അപ്‌സരസും’ അദ്ദേഹത്തിന്റെ ഉള്‍കൃഷ്ട രചനകളിലൊന്നായിട്ടാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. ഗൗണും തൊപ്പിയും ധരിച്ച് വെന്നീസിലെ തെരുവുകളിലൂടെ, വാര്‍ദ്ധക്യത്തിന്റെ അവശതകളൊട്ടുമില്ലാതെ തലയുയര്‍ത്തി ആരാധകവ്യന്ദത്തോടൊപ്പം നടന്നു പോകുന്ന ടിഷ്യന്‍ ജനങ്ങള്‍ക്ക് കൗതുകമുള്ള ഒരു കാഴ്ചയായിരുന്നു.
1576‑ല്‍ വെന്നീസിലാകെ പ്ലേഗ് പടര്‍ന്നു പിടിച്ചു. അമ്പതിനായിരത്തിലധികം ജനങ്ങലുടെ ജീവന്‍ അതപഹരിച്ചു. വെന്നീസിലെ ജനസംഖ്യയുടെ നാലിലൊന്ന്. മരണപ്പെട്ടവരുടെ കൂട്ടത്തില്‍ ടിഷ്യനും മകനുമുണ്ടായിരുന്നു. ഭീഷണമായ ഒരു പകര്‍ച്ച വ്യാധിയായതുകൊണ്ട് ദൂരെയുള്ള ജനവാസമില്ലാത്ത ഒരു ദ്വീപിലാണ് മൃതദേഹങ്ങള്‍ മറവു ചെയ്തത്. പക്ഷേ ഭരണകൂടം മഹാനായ ചിത്രകാരനുമാത്രം പള്ളി സേമിത്തേരിയില്‍ എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടി അന്ത്യവിശ്രമം നല്‍കി. ടിഷ്യന്റെ അള്‍ത്താരചിത്രത്താല്‍ അലംകൃതമായിരുന്നു. ആ പള്ളി.