Web Desk

തിരുവനന്തപുരം:

January 19, 2021, 9:40 pm

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് പരിഗണനയില്‍: മുഖ്യമന്ത്രി

Janayugom Online

കേരള ബാങ്ക്, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ പോലുള്ള പൊതുമേഖലാ സാമ്പത്തിക സ്ഥാപനങ്ങളുടെ പിന്തുണയോടെ സംസ്ഥാനത്തിന്റെ സ്വന്തം വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) സംഘടിപ്പിച്ച ആശയവിനിമയത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്റ്റാര്‍ട്ടപ്പ് കണ്‍സോര്‍ഷ്യം മാതൃകകളെ സര്‍ക്കാർ ടെന്‍ഡറുകള്‍ പിന്തുണയ്ക്കും. അപ്രകാരം വന്‍കിട സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പങ്കെടുക്കാനാകും. സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ടപ്പ് ഇന്നൊവേഷന്‍ സോണുകള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നിരവധി പ്രശ്നങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്തുന്നതിന് പൊതുജനങ്ങള്‍ക്ക് ഇത് പ്രയോജനകരമാകും. സ്റ്റാര്‍ട്ടപ്പുകളെ പരിപോഷിപ്പിക്കുന്നതിനാവശ്യമായ സാമ്പത്തിക പിന്തുണ നല്‍കുകയെന്നത് സര്‍ക്കാര്‍ നയമാണ്. സംരംഭകരുടെ നിലവിലെ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനും നൂതന കഴിവുകള്‍ ആര്‍ജ്ജിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ബജറ്റില്‍ പ്രഖ്യാപിച്ച നിര്‍ദ്ദേശങ്ങള്‍ ഉടനെ നടപ്പിലാക്കും. സ്റ്റാര്‍ട്ടപ്പുകളുടെ വിപണനത്തിന് കൂടുതല്‍ ഫണ്ട് നീക്കിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കും. പ്രദര്‍ശനങ്ങളിലൂടേയും വ്യാവസായിക സഹകരണത്തിലൂടേയും ദേശീയ രാജ്യാന്തര പ്രതിച്ഛായ നേടിയെടുക്കാനാകും. ഈ വര്‍ഷം മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി രാജ്യാന്തര ലോഞ്ചിംഗ് പാഡുകള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ട് വിതരണം വേഗത്തിലാക്കുന്നതിന് ഉത്തരവ് ഇറക്കിയിട്ടുണ്ട്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ നാല് മാസത്തെ വാടക ഒഴിവാക്കിയിട്ടുണ്ട്. അടുത്ത മൂന്ന് മാസത്തേയ്ക്ക് വാടകയില്‍ ഭാഗികമായ ഇളവുനല്‍കും. രാജ്യത്ത് ആദ്യമായി കെഎസ്‌യുഎമ്മിന്റെ ഫണ്ട് ഓഫ് ഫണ്ട് സ്കീം പ്രകാരം കേരളത്തിന്റെ പ്രത്യേക എയ്ഞ്ചല്‍ ഫണ്ടിലൂടെ 11 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. ആശയവിനിമയ പരിപാടിയില്‍ നൂറോളം സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും പങ്കുവച്ചു.

ENGLISH SUMMARY: Ven­ture cap­i­tal fund for star­tups under Con­sid­er­a­tion: CM

YOU MAY ALSO LIKE THIS VIDEO