Janayugom Online
akistan ill-treat Kulbhushan Jadhav's family

കുല്‍ഭൂഷണ്‍ കേസില്‍ ഇന്ന് വിധി

Web Desk
Posted on July 17, 2019, 8:40 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും. തീവ്രവാദ പ്രവര്‍ത്തനങ്ങളും ചാരവൃത്തിയും ആരോപിച്ച് കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ജാദവിന്റെ വധശിക്ഷ കോടതി സ്റ്റേ ചെയ്തു.
ജൂലായ് 17ന് വൈകിട്ട് 3.30ന് കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ ഹേഗിലെ പീസ് പാലസിലെ തുറന്ന കോടതിയില്‍ വിധി പറയുമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ മുതിര്‍ന്ന ജഡ്ജി അബ്ദുള്‍ഖാവി അഹമ്മദ് യൂസഫാണ് കേസുമായി ബന്ധപ്പെട്ട വിധി പറയുന്നത്. ഫെബ്രുവരി മാസത്തില്‍ നാല് ദിവസം കേസിലെ വാദം കേട്ടിരുന്നു.
കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ വിയന്ന കരാറിന്റെ നഗ്നമായ ലംഘനമാണ് പാകിസ്ഥാന്‍ നടത്തിയതെന്ന് ഇന്ത്യയ്ക്കുവേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വ്യക്തമാക്കി. പാകിസ്ഥാനിലെ സൈനിക കോടതികളുടെ പ്രവര്‍ത്തനത്തെ ഹരീഷ് സാല്‍വേ വിമര്‍ശിച്ചു.
എന്നാല്‍ ഇന്ത്യയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പാകിസ്ഥാനുവേണ്ടി ഹാജരായ ഖവാര്‍ ഖുറേഷി കോടതിയില്‍ പറഞ്ഞിരുന്നു.