ഒത്തുചേരലിന്റ സന്തോഷവുമായി കവളങ്ങാട്ടു നിന്നൊരു വയോജന വിനോദയാത്ര

Web Desk
Posted on July 01, 2018, 12:59 pm
വയോജന അംഗങ്ങള്‍ മെട്രോ ട്രെയിനില്‍   
ഷാജി ഇടപ്പള്ളി 
കൊച്ചി: കൊച്ചി മെട്രൊയുടെ ആലുവ സ്റ്റേഷനില്‍ വണ്ടി ഇറങ്ങുമ്പോള്‍ മേരിക്കുട്ടിയും കൂട്ടുകാരും സന്തോഷത്തിലായിരുന്നു. ഭീമാകാരമായ കൂറ്റന്‍ തൂണുകളാല്‍ താങ്ങി നിര്‍ത്തിയിരിക്കുന്ന മെട്രോ റെയില്‍ പാത തെല്ലൊരു ഭയവും അവരുടെ ഉള്ളില്‍ സൃഷ്ടിക്കാതിരുന്നില്ല. പ്രായാധിക്യമൊന്നും വകവയ്ക്കാതെ മുകളിലേക്ക് പോകാന്‍ ഒരുങ്ങുമ്പോഴാണ് എസ്‌കലേറ്ററിലേക്ക് അവരുടെ ശ്രദ്ധ തിരിഞ്ഞത്. കൂടെയുള്ളവരൊക്കെ എസ്‌കലേറ്ററില്‍ കയറുന്നതിന് മുന്‍പേ തന്നെ സൂക്ഷിക്കണം എന്ന മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ചിലരുടെയെല്ലാം താളം എസ്‌കലേറ്ററില്‍ തെറ്റി. എന്നാല്‍ പറ്റിയ അബദ്ധമൊന്നും മുഖത്ത് കാണിക്കാതെ എസ്‌കലേറ്ററില്‍ തന്നെ എല്ലാവരും മുകളിലെത്തി. മെട്രോ ട്രെയിന്‍ എല്ലാവരേയും ഞെട്ടിച്ച് കളഞ്ഞു. ശരവേഗത്തില്‍ പാഞ്ഞു വന്ന ട്രെയിന്‍ പെട്ടന്ന് തങ്ങള്‍ക്ക് മുന്നില്‍ വന്ന് നിന്നപ്പോള്‍ ട്രെയിനിനുള്ളില്‍ കയറിപ്പറ്റാന്‍ എല്ലാവരും തെല്ലൊന്ന് ബുദ്ധിമുട്ടി. പുറത്തെ ചൂടില്‍ നിന്ന് മെട്രോയുടെ കുളിരിലേക്ക് കയറിയപ്പോള്‍ എല്ലാവര്‍ക്കും തെല്ലൊരാശ്വാസം. പിന്നെ ചീറിപ്പായുന്ന ട്രെയിനിനുള്ളിലൂടെ കൊച്ചി നഗരം കാണുന്ന തിരക്കിലായി എല്ലാവരും.
കോതമംഗലം കവളങ്ങാട് ഗ്രാമ പഞ്ചായത്തിന്റെയും സി.ഡി.എസിന്റെയും നേതൃത്വത്തിലാണ് വയോജന അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് വേണ്ടി വിനോദ യാത്ര സംഘടിപ്പിച്ചത്.
പ്രായമായമവര്‍ക്കായി പലരും മെട്രോയിലെ സീറ്റുകള്‍ ഒഴിഞ്ഞ് കൊടുത്തു.  ഇടപ്പള്ളി മെട്രോ സ്റ്റേഷന്റെ പേര് ട്രെയിനില്‍ സ്‌ക്രോള്‍ ചെയ്ത് നീങ്ങാന്‍ തുടങ്ങിയപ്പോഴേക്കും കൂടെയുള്ളവര്‍ ഇറങ്ങുന്ന കാര്യം എല്ലാവരേയും ഓര്‍മ്മിപ്പിച്ചു. ഇടപ്പള്ളി സ്റ്റേഷനില്‍ നിന്നും നേരെ എല്ലാവരും ലുലു മാളിലേക്ക്.
ലുലു മാളിലെ മായക്കാഴ്ചകള്‍ ഏവരേയും അത്ഭുതപ്പെടുത്തി. ജീവിതത്തില്‍ ഒരിക്കല്‍ പോലും കാണാന്‍ പറ്റില്ലെന്ന് കരുതിയ കാഴ്ചകള്‍ കണ്ടപ്പോള്‍ ഓരോരുത്തരുടേയും മനസ്സുകള്‍ നിറഞ്ഞു. മാളിനെക്കുറിച്ച് മക്കളില്‍ നിന്നും കൊച്ചുമക്കളില്‍ നിന്നും കേട്ട കാര്യങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്ന തിരക്കിലായി ഓരോരുത്തരും.
മെട്രോയും ലുലു മാളും പോലുള്ള കൊച്ചിയിലെ മാറ്റങ്ങള്‍ പത്രങ്ങളിലും ടിവിയിലും കണ്ട കാഴ്ചകള്‍ മാത്രമായിരുന്നു അവര്‍ക്ക്. ഇനി ഒരിക്കലും കാണാന്‍ സാധിക്കില്ലെന്ന് കരുതിയ കാര്യങ്ങള്‍ ഒരേ പ്രായത്തിലുള്ളവര്‍ക്ക് ഒരുമിച്ച് കാണാന്‍ പറ്റിയതിന്റെ സന്തോഷമായിരുന്നു യാത്ര കഴിഞ്ഞപ്പോള്‍ ഓരോ മുഖത്തും. ഇന്നലെകളില്‍ സമൂഹത്തിനായി നിരവധി സേവനങ്ങള്‍ നല്‍കിയ മുതിര്‍ന്ന പൗര•ാരുടെ മാനസികോല്ലാസത്തിന് വേണ്ടി സി.ഡി.എസ്. മുന്‍കൈ എടുത്തപ്പോള്‍ പഞ്ചായത്തും കൂടെ നിന്നു.
കവളങ്ങാട് ഗ്രാമ പഞ്ചായത്തില്‍ സി.ഡി.എസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച വയോജന ഗ്രൂപ്പില്‍ നിന്നുള്ള അംഗങ്ങളാണ് വിനോദ യാത്രയില്‍ ഉണ്ടായിരുന്നത്. പതിനാല് ഗ്രൂപ്പുകളില്‍ നിന്നായി ഇരുന്നൂറ്റി ഇരുപത്തി അഞ്ച് വയോധികരാണ് യാത്രയില്‍ ഉണ്ടായിരുന്നത്.
   കൊച്ചി മെട്രോ,  ഇടപ്പള്ളി ലുലു മാള്‍, എടവനക്കാട് ബീച്ച്, സുഭാഷ് പാര്‍ക്ക്, മറൈന്‍ ഡ്രൈവ്, വല്ലാര്‍പാടം പള്ളി എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരുന്നു എല്ലാവരും. കൊച്ചിയില്‍ പല തവണ വന്നിട്ടുണ്ടെങ്കിലും മെട്രോ യാത്രയും ലുലു മാള്‍ സന്ദര്‍ശനവുമൊക്കെ പലര്‍ക്കും ആദ്യാനുഭവം ആയിരുന്നു. പ്രായാധിക്യം കാരണം വീട്ടില്‍ നിന്നും അധിക ദൂരയൊന്നും യാത്ര പോവാന്‍ ഇഷ്ടമില്ലാത്തവരായിരുന്നു ഭൂരിഭാഗം പേരും. എന്നാല്‍ വയോജന ഗ്രൂപ്പുകളില്‍ അംഗമായതിന് ശേഷം ഒരേപോലുള്ള ആളുകളുമായുള്ള സമ്പര്‍ക്കം മാനസികോല്ലാസമേകി. അങ്ങനെയാണ് കുടുംബാംഗങ്ങള്‍ ആരും തന്നെ കൂടെ ഇല്ലാതിരുന്നിട്ടും ദൂരെ യാത്ര ചെയ്യാന്‍ എല്ലാര്‍ക്കും ധൈര്യം ഉണ്ടായത്. ബീച്ചിലും പാര്‍ക്കിലും ഒക്കെ കൊച്ചു കുട്ടികളേപ്പോലെ അവര്‍ ഉല്ലസിച്ചു. വല്ലാര്‍പാടം പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥിച്ച് ഇറങ്ങുമ്പോള്‍ മിക്കവരുടെയും കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.
              സി.ഡി.എസ്സിന് കീഴില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത പതിനാല് വയോജന ഗ്രൂപ്പുകളില്‍ നിന്നാണ് വിനോദയാത്രയ്ക്ക്ക്ക്ക്ക് വേണ്ട അംഗങ്ങളെ കണ്ടെത്തിയതെന്ന് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രശ്മി കൃഷ്ണകുമാര്‍ പറഞ്ഞു. രജിസ്റ്റര്‍ ചെയ്ത് ആറുമാസത്തിനകമാണ് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ഒരു മാസത്തിനകം നാല് ഗ്രൂപ്പുകള്‍ കൂടെ രജിസ്റ്റര്‍ ചെയ്തു. ഇപ്പോള്‍ നിലവില്‍ പത്തൊന്‍പത് വയോജന ഗ്രൂപ്പുകള്‍ ഉണ്ട്. ഭക്ഷണമുള്‍പ്പെടെ യാത്രയ്ക്ക് വേണ്ട എല്ലാ ചെലവുകളും വഹിച്ചത് സി.ഡി.എസ്സാണ്. 68,000 അറുപത്തി എണ്ണായിരം രൂപയാണ് യാത്രയ്ക്കായി ആകെ ചെലവായത്. വിനോദ യാത്ര വഴി വയോജന ഗ്രൂപ്പിന്റെ മനോവീര്യം വര്‍ധിച്ചുവെന്ന് അംഗങ്ങള്‍ പറയുന്നു. സി.ഡി.എസ്സിന്റെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അന്‍പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നവരെ ആദരിക്കുന്ന ചടങ്ങാണ് അതിലൊന്ന്.
ആന്റണി ജോണ്‍ എംഎല്‍എ വയോജന വിനോദ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. പഞ്ചായത്തംഗങ്ങളായ സൈജന്‍ ചാക്കോ, ജോഷി കുര്യാക്കോസ്, ആശ സന്തോഷ്, ലിസി ജോയി, ജാന്‍സി തോമസ്, റീന എല്‍ദോ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രശ്മി കൃഷ്ണകുമാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ റിനി ബിജു, സെക്രട്ടറി റീന അസീസ്, സി.ഡി.എസ് അംഗങ്ങള്‍ പ്രസിഡന്റുമാര്‍ എന്നിവര്‍ വിനോദ യാത്രയ്ക്ക് നേതൃത്വം നല്‍കി.