യുവ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തി കത്തിച്ചു: മൃതദേഹം കണ്ടെത്തിയത് പാലത്തിന് ചുവട്ടിൽ

Web Desk
Posted on November 28, 2019, 5:36 pm

ഹൈദരാബാദ്: യുവ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തി കത്തിച്ചു. തെലങ്കാന ഷാദ്ർനഗർ സ്വദേശിയായ പ്രിയങ്കാ റെഡ്ഡി (26)യെയാണ് പാലത്തിന് ചുവട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പ്രിയങ്ക കഴുത്തിലണിഞ്ഞ ലോക്കറ്റ് തിരിച്ചറിഞ്ഞാണ് കൊല്ലപ്പെട്ടത് അവർ തന്നെയെന്ന് കുടുംബം ഉറപ്പിച്ചത്.

കൊല്ലൂരു താലൂക്ക് വെറ്ററിനറി ആശുപത്രിയിലാണ് പ്രിയങ്ക ജോലി ചെയ്തിരുന്നത്. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുപോരവെ ഷാദ്‍നഗറിൽ വെച്ച് പ്രിയങ്കയുടെ വാഹനത്തിന്റെ ടയർ പഞ്ചറായിരുന്നു. എന്നാൽ ടയർ നന്നാക്കി കൊടുക്കാമെന്ന് ഒരാൾ വാഗ്ദാനം ചെയ്തു.

ഈ വിവരം സഹോദരിയായ ഭവ്യയെ പ്രിയങ്ക ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. അപരിചിതരായ നിരവധിയാളുകളും ട്രക്കുകളും നിർത്തിയിട്ട സ്ഥലമാണെന്നും തനിക്ക് ഭയമാകുന്നുവെന്നും പ്രിയങ്ക ഭവ്യയോട് പറഞ്ഞു. എന്നാൽ പിന്നീട് കുറച്ച് സമയം കഴിഞ്ഞ് തിരികെ വിളിച്ചപ്പോൾ പ്രിയങ്ക യുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും പ്രിയങ്ക എത്തിയില്ല. പിറ്റേന്ന് നടത്തിയ തിരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രിയങ്കയുടെ വാഹനവും കാണാതായിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കൊലയാളികളെ ഉടൻ കണ്ടെത്തുമെന്ന് പോലീസ് വ്യക്തമാക്കി.