ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസ്; നാല് പ്രതികളെയും പോലീസ് വെടിവച്ച്‌ കൊന്നു

Web Desk
Posted on December 06, 2019, 8:41 am

ഹൈദരാബാദ്: ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് പൊലീസ്. നാല് പ്രതികളും പോലീസിനെ ആക്രമിച്ച്‌ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെ വെടിവെച്ച്‌ വീഴ്ത്തുകയായിരുന്നു എന്നാണ് ഹൈദരാബാദ് പോലീസ് പറയുന്നത്. ഇന്നലെ പുലര്‍ച്ചയോടെയാണ് സംഭവം. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിലാണ് സംഭവം.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ 26കാരിയായ മൃഗഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികള്‍. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളില്‍ നിന്നാണ് സൈബര്‍ബാദ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പോലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു.

നവംബര്‍ 27-ാം തീയതി രാത്രിയാണ് യുവഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ലോറി തൊഴിലാളികളായ പ്രതികള്‍ ടോള്‍ പ്ലാസയ്ക്ക് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയിലിരുന്ന് മദ്യപിച്ചു കൊണ്ടിരിക്കെയാണ് തങ്ങളുടെ ലോറിക്ക് സമീപത്തായി ഡോക്ടര്‍ സ്‌കൂട്ടര്‍ നിര്‍ത്തിയിടുന്നതായി പ്രതികള്‍ ശ്രദ്ധിച്ചത്.

യുവതി ക്ലിനിക്കിലേക്ക് പോകുന്നത് കണ്ട പ്രതികള്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ പദ്ധതിയിട്ടു. പ്രതി നവീനാണ് യുവതിയുടെ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കിയത്. രാത്രി ഒമ്ബത് 9 മണിക്ക് അരീഫും മറ്റ് പ്രതികളും ചേര്‍ന്ന് അവരുടെ ലോറി യുവതിയുടെ സ്‌കൂട്ടറിരിക്കുന്ന തൊണ്ടപ്പിള്ളി ജംങ്ഷനില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ മാറ്റിയിട്ടു.

9.18: ക്ലിനിക്കില്‍ നിന്ന് സ്‌കൂട്ടറിന് സമീപത്തേക്ക് എത്തിയ യുവതി ടയറില്‍ ഒന്ന് പഞ്ചറായിരിക്കുന്നതായി ശ്രദ്ധിച്ചു. 9.30യോടെ സ്‌കൂട്ടര്‍ നന്നാക്കി തരാമെന്ന് പറഞ്ഞ് ശിവ യുവതിയെ സമീപിക്കുകയും തുടര്‍ന്ന് ശിവ കുറച്ച്‌ സമയത്തിന് ശേഷം തിരിച്ചുവന്ന് പഞ്ചര്‍ ഒട്ടിക്കുന്ന കടകളെല്ലാം അടച്ചതായി യുവതിയോട് നുണ പറഞ്ഞു. ഇതിനിടെ പ്രതികള്‍ ചേര്‍ന്ന് ട്രക്കിന് സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് യുവതിയെ തള്ളിയിട്ടു. പ്രതി നവീന്‍ യുവതിയുടെ ഫോണ്‍ ഓഫ് ചെയ്തു. തുടര്‍ന്ന് ഇയാള്‍ യുവതിയെ ബലംപ്രയോഗിച്ച്‌ മദ്യം കിടിപ്പിച്ചു. ഇതിനു ശേഷം പ്രതികള്‍ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അപ്പോഴേക്കും യുവതിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു.

കുറച്ച്‌ സമയത്തിന് ശേഷം ബോധം തിരിച്ചുകിട്ടിയ യുവതി നിലവിളിക്കാന്‍ തുടങ്ങി. തുടര്‍ന്ന് യുവതിയെ കൊല്ലാന്‍ പ്രതികള്‍ തീരുമാനിക്കുകയായിരുന്നു. വായും മൂക്കും പൊത്തി അരീഫാണ് യുവതി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയത്. ഈ സമയം നവീന്‍ യുവതിയുടെ ഫോണും വാച്ചും പവര്‍ബാങ്കും കൈക്കലാക്കി. മരിച്ചെന്ന് ഉറപ്പുവരുത്തിയതിന് ശേഷം പ്രതികള്‍ യുവതിയുടെ മൃതദേഹം ട്രക്കില്‍ കയറ്റി സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. യുവതിയുടെ സ്‌കൂട്ടറില്‍ പോയാണ് ശിവയും നവീനും അടുത്തുള്ള പമ്ബില്‍ നിന്നും പെട്രോള്‍ വാങ്ങിയത്. ഇതിന് ശേഷം ചന്തന്‍പള്ളിയിലെ കലുങ്കിന് താഴെവെച്ച്‌ പ്രതികള്‍ യുവതിയുടെ മൃതദേഹം പെട്രോളൊഴിച്ച്‌ കത്തിക്കുകയായിരുന്നു. ശേഷം ഇവര്‍ അവരവരുടെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു.

you may also like this video;