സംസ്ഥാനത്ത് മൃഗചികിത്സയിലും വ്യാജന്‍; നാലു ക്ലിനിക്കുകള്‍ക്കെതിരെ പരാതി

Web Desk
Posted on July 22, 2019, 10:21 pm

പി രാജന്‍

തളിപ്പറമ്പ്: വെറ്ററിനറി രംഗത്ത് വ്യാജ ചികിത്സ വ്യാപകമാകുന്നു. ഹോമിയോ ഡോക്ടര്‍മാരും, മൃഗ സംരക്ഷണ വകുപ്പില്‍ ജോലി ചെയ്യുന്നവരും, റിട്ടയര്‍ ചെയ്തവരുമായ ഡോക്ടര്‍മാരല്ലാത്ത ചിലരുമാണ് വ്യാജ വെറ്ററിനറി പ്രാക്ടിഷണര്‍മാരായി വിലസുന്നത്. മനുഷ്യരില്‍ പോലും വളരെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍, ഹോര്‍മോണുകള്‍ എന്നിവ വ്യാജ ചികിത്സക്ക് മൃഗങ്ങളിലും ഉപയോഗിച്ച് വരികയാണ്. ഹോമിയോ സിലബസുകളിലും, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ ഹോമിയോപതി രജിസ്‌ട്രേഷന്‍ മാനദണ്ഡങ്ങളിലും അനിമല്‍ അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ടി പഠിപ്പിക്കുന്നില്ല. മൃഗങ്ങളെ ചികിത്സിക്കുന്നതിനെ കുറിച്ച് പറയുന്നുമില്ല. ചില ഫാമുകളില്‍ കര്‍ഷകര്‍ തന്നെ ആന്റി ബയോട്ടിക്കുകളും, ഹോര്‍മോണുകളും ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ സ്വയം ഉപയോഗിക്കുകയും ചെയ്തു വരുന്നുണ്ട്. ഏതു രോഗത്തിനും ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിതമായ ഉപയോഗം മനുഷ്യരിലും, മൃഗങ്ങളിലും ഗൗരവപരമായ ആരേഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിയിക്കുന്നതാണ്.

വെറ്ററിനറി സയന്‍സില്‍ ഒരു ഡിഗ്രിയും ഇല്ലാത്തവരും, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തവരും ചികിത്സ നടത്തുന്നത് കാരണം പക്ഷിമൃഗാദികള്‍ മരണപ്പെടുന്നത് കര്‍ഷകര്‍ക്ക് നഷ്ടം സംഭവിക്കുകയാണ് .വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ ആക്ട് 1984 സെക്ഷന്‍ 30 (ബി) പ്രകാരം രജിസ്‌ട്രേഡ് വെറ്ററിനറി പ്രാക്ടീഷണര്‍മാര്‍ക്ക് മാത്രമേ വെറ്ററിനറി പ്രാക്ടീഷും ചികിത്സയും മൃഗങ്ങളില്‍ നടത്താന്‍ പാടുള്ളു.

സംസ്ഥാനത്ത് വ്യാജ വെറ്റ റിനറി പ്രാക്ടീഷ് നടത്തി വരുന്ന അടിമാലിയിലെ അംബിക ഹോമിയോ ക്ലിനിക്ക്, കണ്ണൂരിലെ മഠത്തില്‍ ഹോമിയോ, ചേര്‍ത്തല തുറവൂരിലെ ഹരിദാസന്‍ വൈദ്യര്‍, ആലപ്പുഴ മുതുകുളം നോര്‍ത്തിലെ അമ്പക്കുഴി അനീഷ് എന്നിവര്‍ക്കെതിരെ കേരള ഗവ.വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ: ജോബി ജോര്‍ജ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലിസിന് പരാതി നല്‍കിയിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യാ ആക്ട് 1984 സെക്ഷന്‍ 30 ( ബി ), 1960 ലെ മൃഗങ്ങളോട് കാട്ടുന്ന ക്രൂരത തടയല്‍ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം 420 (ചതി, വഞ്ചന), 416 ആള്‍മാറാട്ടം) വകുപ്പുകള്‍ പോലിസ് കേസ്സെടുത്ത് അന്വേഷണം നടത്തി വരികയാണ്.