20 April 2024, Saturday

വെയില്‍ചിത്രങ്ങള്‍

ജയകൃഷ്ണന്‍
September 12, 2021 7:53 am

ഉച്ച വെയിലിന് കാഠിന്യം കുറഞ്ഞ് വന്നു. പാടത്ത് നിന്ന് ഇളംകാറ്റ് ഉമ്മറത്തേക്ക് വീശുന്നുണ്ട്. നാട്ടിലെ തറവാട്ടിലെത്തുന്നത് വർഷത്തിലൊരിക്കലാണ്. പായസം കൂട്ടിയുള്ള സദ്യയായിരുന്നു. അമ്മായിയുടെ പായസത്തിനിപ്പോഴും പഴയ രുചി തന്നെയാണ്. ഊണ് കഴിഞ്ഞ് വരാന്തയിലെ ചാരുകസേരയിൽ കിടന്നുറക്കം.
പതിവ് ശീലങ്ങൾ, പഴയ ശീലങ്ങൾ. പതിയ മയക്കത്തിലേക്ക്…
മനസ്സ് സഞ്ചരിച്ച് തുടങ്ങി. വർഷങ്ങൾ പിന്നിലേക്ക്… വടക്കേപ്പാടത്തിന് കുറുകെയുള്ള പാടവരമ്പത്തൂടെ നടന്ന് നടന്ന് അക്കരെയെത്തി. ഉച്ച വയിലിൽ മയങ്ങിനിൽക്കുന്ന പകൽ.
പഴകിയ വലിയ മതിലുള്ള തറവാട് വീട് കാണാം. മംഗലം വീട്. വലിയ തറവാടാണ്. അവിടുത്തെ വലിയമുതലാളിയുടെ മരണശേഷം ഭാര്യയും മക്കളും കൊച്ചുമക്കളുമാണ് അവിടെ താമസം. മക്കളും കൊച്ചുമക്കളുമൊന്നും സ്ഥിരമായി അവിടെ കാണാറില്ല. അവരൊക്കെ നഗരത്തിലെ വലിയ സ്കൂളുകളിലാണ് പഠിക്കുന്നത്. ആഴ്ചയിലൊരിക്കലാണ് എല്ലാവരും വരുന്നത്. അത് വഴി പോകുമ്പോഴൊക്കെ തടിച്ചമതിലുള്ള ആ വീടിനകം കാണണമെന്ന് തോന്നാറുണ്ട്.
സൈക്കിൾ വർക്ക്ഷോപ്പ് നടത്തുന്ന രാമൻചേട്ടൻ പാടവരമ്പിലൂടെ സൈക്കിൾ ചവിട്ടിവരുന്നു. ഗാമത്തിലാകെ സൈക്കിളുള്ളത് രാമേട്ടനാണ്. ദൂരെയുള്ള കവലയിൽ രാമേട്ടന് സൈക്കിൾ വർക്ക്ഷോപ്പുണ്ട്. പെങ്ങളുടെ മകന് അയാൾ കേടായ സൈക്കിൾ ടയർ കൊടുക്കും. അവൻ അത് തട്ടിയുരുട്ടി എന്റെ വീടിന് പിന്നാമ്പുറത്തൂടെ പോകുന്നത് ഞാൻ നോക്കി നിൽക്കാറുണ്ട്. അതുപോലൊരു ടയർ സ്വന്തമാക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു.
ആങ്ങനെയിരിക്കെ മംഗലം വീടിന്റെ മതിലിലിരുന്ന ഒരു ചിത്രശലഭത്തെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മതിലിലെ ഒരു ഭാഗം പൊടിഞ്ഞ് വിള്ളൽ വീണിരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. മതിൽ തുളച്ച് കണ്ണ് പായിച്ചു. ആദ്യമൊന്നും കാണാൻ കഴിഞ്ഞില്ല. പതിയെ ഇരുണ്ട കാഴ്ചകൾ തെളിഞ്ഞുവന്നു. നിറയെ ജമന്തിപ്പൂക്കൾ പൂത്ത് നിൽക്കുന്നു. അതിനപ്പുറം വെളുത്ത പെയിന്റടിച്ച വീട്. വീടിനരികിലായി ഒരു ചെറിയ സൈക്കിൾ. നീലയിൽ വെള്ള ഡിസൈനുള്ള സൈക്കിൾ. അത് വീടിന്റെ സൈഡിൽ ചാരി വച്ചിരിക്കുകയായിരുന്നു. പിന്നെ പിന്നെ മതിലിലിലെ വിടവിലൂടെ ആ സൈക്കിൾ നോക്കി നിൽക്കുന്നത് ഒരു പതിവായി. അങ്ങനെ എനിക്കൊരു കാര്യം മനസ്സിലായി. ആ സൈക്കിൾ ആരും ഉപയോഗിക്കന്നില്ല. പൊടി പിടിച്ച് കിടപ്പാണ്.
വെയിൽ പെയ്യുന്ന ഒരു പകലിൽ അലക്ഷ്യമായ യാത്രയിൽ മംഗലം വീടിന്റെ മതിലിലൂടെ നോക്കുമ്പോൾ നിറയെ ഇരുട്ട്. പതിയെ ഇരുണ്ട കാഴ്ചകൾ തെളിഞ്ഞ് വന്നു. കരിംപച്ചനിറം. ഇടത് കണ്ണ് ഇറുകെയടച്ച് കൂടുതൽ ഫോക്കസ് ചെയ്തു. ദൃശ്യങ്ങൾ തെളിഞ്ഞ് വന്നു. പച്ചനിറമുള്ള ഒരു കസവ് പാവാട ആടിയുലഞ്ഞ് മതിലിനടുത്ത് നിന്ന് ദൂരേക്ക്. നിറയെ ജമന്തിപ്പൂക്കൾ. മുറ്റത്തുകൂടി ഒരു പാവാടക്കാരി ഓടി നടക്കുന്നു. കൊലുസിൻറെ കിലുക്കം.
പാടം കടന്ന് ആളുകൾ വരുന്നു. ഏതോ രാഷ്ടീയ പാർട്ടിയുടെ ജാഥയാണ്. മതിലിൽ നിന്ന് കണ്ണെടുത്ത് വീട്ടീലേക്ക് നടന്നു. വെളുത്ത് മെലിഞ്ഞ് സുന്ദരി. നീണ്ട മുടി അഴിഞ്ഞ് കിടക്കുന്നു. പച്ചപ്പാവാട, മഞ്ഞ ബ്ലൗസ്, കാലിൽ സ്വർണ്ണക്കൊലുസ്. മനസ് ഓർമ്മകളിൽ മുങ്ങി നിവർന്നു.
ചിലപ്പോഴൊക്കെ കവലയിലൂടെ അവളുടെ അച്ഛന്റെ ഫീയറ്റ് കാറിൽ അവൾ പോകുന്നത് കണ്ടിട്ടുണ്ട്. കൊമ്പൻ മീശയുള്ള അവളുടെ അച്ഛൻ ഭയങ്കര ദേഷ്യക്കാരനാണെന്നാ നാട്ടുകാരു പറയുന്നത്.
കാലം കടന്ന് പോയി. മഴയിൽ നനഞ്ഞും വെയിലിൽ നരച്ചും സൈക്കിൾ മനസ്സിൽ മായാതെ നിന്നു. അന്നൊരു ഞായറാഴ്ചയായിരുന്നു. പതിവ് പോലെ മതിലിലൂടെ നോക്കുമ്പോൾ ആ പച്ച പാവാടക്കാരി സൈക്കിളും നോക്കി നിൽക്കുന്നത് കണ്ടു. കൂടുതൽ ശ്രദ്ധിച്ചപ്പോൾ അവൾ അതിനോട് സംസാരിക്കുന്നതായി തോന്നി. കുറേ നേരം അവിടെ തന്നെ നിന്നു. പെട്ടന്ന് ഗേറ്റ് തുറന്ന് വന്ന വീട്ടുവേലക്കാരൻ ഉറക്കെ ചോദിച്ചു.
”എന്താ, എന്തായിവിടെ?”
ഭയം ഹൃദയത്തിൽ സ്ഫോടനമുണ്ടാക്കി. ശ്ബദം കേട്ട് അവളുടെ അച്ഛൻ പുറത്തേക്കിറങ്ങി വന്നു. കണ്ണാടിയിൽ നോക്കി മുടി ചീകിക്കൊണ്ടിരുന്ന അയാൾ മീശ പിരിച്ചു. തിരിഞ്ഞോടുമ്പോൾ കൊമ്പൻ മീശക്കാരൻ പിന്നാലെ വരുന്നതായി തോന്നി. പാടവരമ്പത്തൂടെ എത്ര ഓടിയിട്ടും വീടെത്തുന്നില്ല. കാലുകൾ തളരുന്നു. നാവ് കുഴയുന്നു. നെഞ്ചിടിപ്പ് കൂടുന്നു. അടുക്കളപ്പടിക്കൽ നിന്ന് ഒരു നായയെപ്പോലെ പോലെ അണയ്ക്കുന്നത് കണ്ട് മുത്തശ്ശി ചോദിച്ചു.
“എന്താ…?”
“വെള്ളം വെള്ളം…” ശബ്ദം പുറത്തേക്ക് വന്നില്ല.
രണ്ട് ദിവസം പനിച്ച് കിടന്നു. മൂന്നാം പക്കം ദേഹത്ത് കുരുക്കൾ വന്നു.
“ചെറുക്കന് വസൂരിയാ.” മുത്തശ്ശി പറഞ്ഞു.
“ഓ ഇത് ചിക്കൻപോക്സാണെന്നേ.” കുഞ്ഞമ്മ പറയുന്നത് കേട്ടു.
“ഞാൻ പോയി വേപ്പില വാങ്ങി കൊണ്ടു വരാം. അവനെ തെക്കെമുറിയിൽ കൊണ്ട് പോയി കിടത്ത്. പുറത്ത് വിടരുത്.” കുഞ്ഞമ്മ പുറത്തേക്ക് പോയി.
പതിനഞ്ച് ദിവസം ഉപ്പില്ലാത്ത കറിയും മഞ്ഞൾ പുരണ്ട ശരീരവുമായി കിടക്കുമ്പോഴും മനസ്സ് നിറയെ ആ സൈക്കിളായിരുന്നു. വെള്ളയിൽ നീല ഡിസൈനുള്ള സൈക്കിൾ.
പതിനഞ്ച് ദിവസം കഴിഞ്ഞ് മുത്തശ്ശി എന്നെ കുളിപ്പിച്ച് പുത്തൻ ഉടുപ്പിടുവിച്ച് തന്നു. എന്റെ തലയിൽ തലോടിക്കൊണ്ട് മുത്തശ്ശി പറഞ്ഞു:
“ആ രാമന്റെ പെങ്ങടെ മോൻ ഇവിടെ വന്നിരുന്നു. നിന്നെ കാണാൻ. അസുഖം മാറുമ്പോൾ നിനക്ക് കളിക്കാൻ അവൻ ഒരു സൈക്കിൾ ടയർ കൊണ്ട് വന്നു. ദേ ഇരിക്കുന്നു.”
നന്നായി കഴുകി ഉണക്കിയ ഒരു ടയർ. ജീവിതത്തിലൊരിക്കലും സംസാരിച്ചിട്ടില്ലാത്ത അവൻ എന്നെ കാണുന്നുണ്ടായിരുന്നോ. അവൻ എന്നെ സ്നേഹിക്കുന്നുണ്ടായിരുന്നോ. എത്ര ആലോചിച്ചിട്ടും അതെന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു.
അന്ന് മുതൽ ഞാൻ സ്കൂളിൽ പോകുന്നത് അവൻറെ കൂടെയാണ്. ഒരു ദിവസം സ്കൂൾ വിട്ട് വരുമ്പോൾ കവലയിലൂടെ രണ്ട് ലോറി നിറയെ വീട്ടു സാധനങ്ങൾ കൊണ്ട് പോകുന്നത് കണ്ടു. മംഗലം വീട്ടിലെ കൊമ്പൻമീശക്കാരനും കുടുംബവും നഗരത്തിലേക്ക് താമസം മാറുകയാണെന്ന് രാമൻചേട്ടൻ പറഞ്ഞു.
നടന്ന് നടന്ന് മംഗലം വീടിന് മുന്നിലെത്തിയപ്പോൾ പതിവില്ലാതെ ഗേറ്റ് തുറന്ന് കിടക്കുന്നു. ഫീയറ്റ് കാർ വെളിയിൽ നിർത്തിയിട്ടിരിക്കുന്നു. എന്റെ കണ്ണുകൾ ആ സൈക്കിൾ തിരഞ്ഞു. അതവിടെ ഉണ്ടായിരുന്നില്ല. ആരോ അത് മാറ്റിയിരിക്കുന്നു. തോളിലാരോ തട്ടിയതായി തോന്നി. അതേ പച്ചപ്പവാടക്കാരി. അവളുടെ പിന്നിൽ വേലക്കാരൻ ആ സൈക്കിളുമായി നിൽക്കുന്നു. കാറിനടുത്ത് കൊമ്പൻമീശക്കാരൻ. വേലക്കാരൻ സൈക്കിൾ എന്റെ അടുത്ത് കൊണ്ടു വന്ന് തന്നു. അമ്പരപ്പോടെ ഞാൻ അവളെ നോക്കി. അവൾ അടുത്തേക്ക് വന്നു. അവളുടെ കണ്ണുകൾ നന്നേ ചുവന്നിരുന്നു. എന്റെ കയ്യിൽ പിടിച്ചിട്ട് അവൾ പറഞ്ഞു.
“ഇതെന്റെ ഏട്ടന്റെയായിരുന്നു. പതിനഞ്ച് വയസുള്ളപ്പോൾ ഒരു പനി വന്നു. കുഴഞ്ഞ് വീണ എട്ടനെ ആശുപത്രിയിലെത്തിക്കും മുമ്പേ…” അവൾ വിതുമ്പി.
പെട്ടന്ന് എന്നിൽ നിന്ന് നോട്ടമകറ്റി പറഞ്ഞു “ഇനി ഇത് ഇയാളെടുത്തോ. ഞാനിത് കൊണ്ടു പോകുന്നില്ല. ഇതിലെന്റെ ഏട്ടൻറെ ഓർമ്മകളുണ്ട്. ”
അവൾ കാറിനടുത്തേക്ക് ഓടി. അവളുടെ അച്ഛൻ അന്നാദ്യമായി എന്നെ നോക്കിച്ചിരിച്ചു. കാർ അകന്ന് പോയി.
പിന്നീട് ഒരു തവണ കൂടി അവളെ കണ്ടിട്ടുണ്ട്. നാട്ടിലെ ക്ഷേത്രമുറ്റത്ത് വച്ചിരുന്ന നൃത്തസന്ധ്യയുടെ ബോർഡിൽ. അതിൽ നിന്നാണ് അവളുടെ പേര് അറിയുന്നത് ‘ഹരിത.’ കൂടെ ഫോട്ടോയും. അന്ന് വലിയ പെണ്ണായിരുന്നു. വാലിട്ട് കണ്ണഴുതി, പട്ട് ചേലയണിഞ്ഞ്, മുടി നിറയെ പൂക്കളുമായി, ആഭരണങ്ങളണിഞ്ഞുനിന്ന അവളെക്കണ്ടപ്പോൾ ഒരു ദേവതയെപ്പോലെ തോന്നി. പിന്നീടവൾ സിനിമയിലഭിനയിച്ചു. ചെന്നൈയിലേക്ക് താമസം മാറ്റി. വലിയ നടിയായി.
നഗരത്തിൽ ജോലി ലഭിച്ചതിന് ശേഷം സിനിമകളിൽ അവരെ കണ്ടിരുന്നു.
നഗരത്തിൽ സ്ഥിരതാമസമാക്കിയിട്ടും നാട്ടിലെ തെക്കേമുറിയുടെ താക്കോൽ മാത്രം ആർക്കും കൊടുത്തില്ല. താക്കോൽക്കൂട്ടത്തിലെ പഴയ ഇരുമ്പ് താക്കോൽ കണ്ട് ഭാര്യ പലവട്ടം ചോദിച്ചിട്ടുണ്ട്. ഉത്തരമൊന്നും പറഞ്ഞിട്ടില്ല. നാട്ടിലെ തറവാട്ടിൽ താമസിക്കുന്ന അമ്മാവൻ ഒരിക്കലും അതെന്നോട് ചോദിച്ചിട്ടുമില്ല.
“ദേ എണീറ്റേ…” ഭാര്യയുടെ വിളി കേട്ട് ഉണർന്നു.
ഉറക്കത്തിന്റെ ആലസ്യം വിട്ട് പോയില്ല. ചാരുകസേരയിൽ നിന്ന് എണീറ്റപ്പോൾ പഴയ തടികൾ ഞരങ്ങി. അകത്തേക്ക് കയറുമ്പോൾ സ്വീകരണ മുറിയിൽ നിറയ ആളുകൾ. അമ്മാവൻ നടുക്കിരിക്കുന്നു. ടി വി യിൽ ന്യൂസ്. എല്ലാവരും എന്നെ നോക്കി. ഞാൻ ടി വിയിലേക്കും. ഏതോ ന്യൂസ് ചാനലിൽ ബേക്കിംഗ് ന്യൂസ്, സിനിമാ നടി ഹരിത അന്തരിച്ചു. കാലിൽ നിന്ന് തണുപ്പരിച്ച് കയറുന്നപോലെ തോന്നി. ഒരു നിമിഷം അനങ്ങാൻ കഴിഞ്ഞില്ല. പിന്നെ പതിയെ കാറിൽ പോയി ക്ലാവ് പിടിച്ച തെക്കേ മുറിയുടെ താക്കോലെടുത്ത് കൊണ്ടുവന്നു. നടക്കുമ്പോൾ എല്ലാവരും എന്നെ അനുഗമിച്ചു. പൂട്ട് തുറക്കാൻ പയാസപ്പെട്ടപ്പോൾ അമ്മാവൻ താക്കോൽ വാങ്ങി തുറന്നു. തെക്കേ മുറിയുടെ കതകുകൾ നിരങ്ങി നീങ്ങി. പൊളിഞ്ഞ ജനൽപാളികളുടെയിടയിലൂടെ അരിച്ചിറങ്ങിയ വെളിച്ചത്തിൽ സൈക്കിൾ, വെള്ളയിൽ നീല ഡിസൈനുള്ള സൈക്കിൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.