വിഎച്ച്പി നേതാവിന്റെ വിവാദ പ്രസംഗം; ഒടുവിൽ കേസ് എടുത്തു

Web Desk
Posted on April 30, 2018, 4:23 pm

കാസര്‍ഗോഡ്: മതവികാരം വ്രണപ്പെടുന്ന രീതിയിൽ പ്രസംഗം നടത്തിയ വിഎച്ച്പി നേതാവ് സ്വാധി ബാലിക സരസ്വതിക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കാസര്‍ഗോഡ് പൊലീസ് കേസെടുത്തിരിക്കുന്നത്.  കേരളത്തില്‍ ലൗ ജിഹാദുമായെത്തുന്നവരുടെ കഴുത്തുവെട്ടണമെന്നും,പശുവിനെ കൊല്ലുന്നവരെ ജനമധ്യത്തില്‍ കഴുത്തറക്കണമെന്നുമായിരുന്ന സ്വാധി ബാലിക സരസ്വതിയുടെ പ്രസംഗം. കാസര്‍ഗോഡ് ബദിയടുക്കയില്‍ നടന്ന വിഎച്ച്പി ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സ്വാധി വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.

പശുവിനെ ഗോമാതാവായി കാണുന്നവരല്ലേ നിങ്ങള്‍. അമ്മയെ അറവ് ശാലയിലേക്ക് അയക്കുമോ, അതുകൊണ്ട് തന്നെ ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും അതേ വാളുപയോഗിച്ച് വെട്ടണമെന്നും സ്വാധി പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയതിനും ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് ബദിയഡുക്ക പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരമാര്‍ശത്തില്‍ സ്വാധിക്കെതിരെ കേസെടുക്കാന്‍ വൈകുന്നതില്‍ വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു.