പുത്തൻ ഇന്ത്യയ്‌ക്കായി മഴവിൽമേള

Web Desk
Posted on November 09, 2019, 3:43 pm

ചുറ്റുമുള്ള ‘വലിയ ലോക’ത്തിനെതിരെ അനേകം ‘ചെറുസമൂഹ’ങ്ങള്‍ നടത്തുന്ന ധീരമായ പ്രതിരോധങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും ആഘോഷമാണ് ‘വിബ്‌ജിയോര്‍’ ചലച്ചിത്രോല്‍സവം. ചലച്ചിത്ര പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ വിദ്യാര്‍ഥികളും ഇവിടെ ഒരുമിക്കുന്നു. സാമൂഹിക‑പാരിസ്ഥിതിക ഗൗരവമുള്ള സിനിമകള്‍ക്കു വേദിയൊരുക്കുന്നു. ഒപ്പം സമകാലിക ജനകീയ പ്രക്ഷോഭങ്ങളുടെയും മുന്നേറ്റങ്ങളുടെയും മിടിപ്പുകളും…
ഫിലിം ഫെസ്റ്റിവലുകളുടെ ലക്ഷ്യം സിനിമാപ്രദര്‍ശനം മാത്രമല്ല. ധ്രുവീകരിക്കപ്പെടുന്ന കാലത്ത് വെെവിധ്യങ്ങളുടെ കാഴ്ചയൊരുക്കുന്ന ഫെസ്റ്റിവലുകള്‍ ചിന്തിക്കുകയും നവീകരിക്കുകയും ചെയ്യുന്ന മനുഷ്യരുടെ കൂട്ടിരിപ്പു കൂടിയാണ്. പല ഭാഷകള്‍ പല നാടുകളുടെ ശബ്ദങ്ങള്‍ കേള്‍പ്പിക്കുന്നു. സ്വന്തം ചുറ്റുപാടില്‍ മുഴങ്ങി കേള്‍ക്കാത്ത ശബ്ദങ്ങള്‍ക്കായി കാതുകൂര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുകയും പുതിയ കാഴ്ചകള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നു. സന്ദര്‍ഭാനുസൃതമായ കഥകളെ സമീപിക്കുന്നതില്‍ ജനാധിപത്യപരമായ മാധ്യമമാണ് സിനിമ. കാണുന്നതിന് മുന്‍പ് വായിക്കേണ്ടതായോ പഠിക്കേണ്ടതായോ മറ്റേതെങ്കിലും അറിവുകള്‍ ആര്‍ജിക്കേണ്ടതായോ ഇല്ല. അനുഭവങ്ങളും ആശയങ്ങളുമെല്ലാം നേരിട്ട് സംവദിക്കപ്പെടുകയാണ് ഇവിടെ.
ശബ്ദങ്ങളെല്ലാം അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ചര്‍ച്ചകളും സംവാദങ്ങളും ഉത്തേജിപ്പിക്കേണ്ടത് ഫിലിം ഫെസ്റ്റിവലുകളുടെ പ്രധാന കര്‍മമാണ്. വിബ്‌ജിയോര്‍ അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഈ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ‘റീബൂട്ടിങ് ഇന്ത്യ’ എന്നതാണ് ഇക്കുറി വിബ്‌ജിയോര്‍ ഫെസ്റ്റിവല്‍ തീം. ഒരു ജനാധിപത്യ മതേതര ഫെഡറല്‍ റിപ്പബ്ലിക്കായി രാജ്യത്തെ നിലനിര്‍ത്തുന്ന മഹത്തായ ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കുന്ന ഭരണകര്‍ത്താക്കള്‍, കൂട്ടുനില്‍ക്കുന്ന മാധ്യമങ്ങളും കോടതികളും. അത്യന്തം അപായകരമായ ഈ അവസ്ഥയെ പ്രതിരോധിച്ചുകൊണ്ടല്ലാതെ ചിന്തിക്കുന്ന മനുഷ്യര്‍ക്ക് മുന്നോട്ടു പോകാനാകില്ലെന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ് പതിമൂന്നാം മഴവില്‍മേള തുടക്കം കുറിച്ചിരിക്കുന്നത്.
ഒരൊറ്റ മതത്തെക്കുറിച്ചും ഒരൊറ്റ ഭാഷയെക്കുറിച്ചും ഒരു പാര്‍ട്ടിയെക്കുറിച്ചും ഒരു നേതാവിനെക്കുറിച്ചും മാത്രം സംസാരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന നിലവിലെ സാഹചര്യത്തില്‍ മത‑വംശ‑ജാതി-ലിംഗ വ്യത്യാസമില്ലാതെ ഒത്തുചേരുകയും സംവദിക്കുകയും ചെയ്യുക എന്നത് പ്രസക്തമായ ഒന്നാണ്.
മതമൗലികവാദം അക്രമാസക്തമാകുന്ന, മത‑ജാതി വെറികള്‍ അഭിമാനമായി കരുതുന്ന ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെ അതിക്രമങ്ങള്‍ ഭയാനകമായ തോതില്‍ പെരുകുന്ന, വിയോജിപ്പുകളും വിമര്‍ശനങ്ങളും ഇല്ലാതാക്കപ്പെടുന്ന, വിയോജിക്കുന്നവരെ ‘ദേശദ്രോഹികളായി’ മുദ്രകുത്തുന്ന ഇന്ത്യ. സ്വാതന്ത്ര്യത്തിനു ശേഷം നാം അന്വേഷിച്ചറിഞ്ഞ ഇന്ത്യയെ, ഇടക്കാലത്ത് കെെമോശം വന്ന ഇന്ത്യയെയാണ് ഇപ്പോള്‍ നാം റീബൂട്ട് ചെയ്യേണ്ടത്.
വിബ്‌ജിയോര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പതിമൂന്നാം പതിപ്പ് പ്രധാനമായും ഉന്നയിക്കുന്നത് ഈ വിഷയങ്ങളാണ്. ചില ചോദ്യങ്ങള്‍ മാത്രമാണിവ. വിബ്‌ജിയോര്‍ ഉത്തരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ ചര്‍ച്ചകള്‍ക്ക് അവസരം തുറക്കുന്നു. വിയോജിപ്പിന്റെ ശബ്ദങ്ങള്‍ക്ക് ഇടം നല്‍കുകയും സംവാദങ്ങള്‍ സജീവമാക്കുകയും ചെയ്യുന്നു. വിബ്‌ജിയോര്‍ ഫിലിം ഫെസ്റ്റിവല്‍ പ്രതീക്ഷയുടെ ആഘോഷമാണ്. നഷ്ടങ്ങളെക്കുറിച്ചുള്ള വിലാപമല്ല. വെെവിധ്യങ്ങളുടെ സമന്വയമായ ഇന്ത്യയെ റീബൂട്ട് ചെയ്തെടുക്കുക. അതെക്കുറിച്ചാണ് പതിമൂന്നാമത് വിബ്‌ജിയോര്‍ സംസാരിക്കുക.
ആവേശത്തോടെ പതിമൂന്നാം വിബ്‌ജിയോറില്‍ എത്തുമ്പോള്‍ ആശങ്കകളും ഏറിവരികയാണ്. അയല്‍രാജ്യങ്ങളുടെ മുമ്പില്‍ മാത്രമല്ല, സ്വന്തം ജനതയുടെ മുമ്പിലും നെഞ്ച് വിരിച്ചു നില്‍ക്കാന്‍ നോക്കുന്ന പുതിയ ഇന്ത്യ ആണ് ഈ മഴവില്‍മേള മുന്നോട്ട് വയ്ക്കുന്ന പ്രമേയം. ഈ മേളയിലെ ഫോക്കസ് ഓഫ് ദി ഇയര്‍ ഫിലിം പാക്കേജിലെ ചിത്രങ്ങള്‍ ‘റീബൂട്ടിംഗ് ഇന്ത്യ’ എന്ന വിഷയത്തിന്റെ വിവിധ മാനങ്ങള്‍ കെെകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ പരിചയപ്പെടുത്തുന്നു. മനുഷ്യര്‍ പ്രകൃതിയോടും ആവാസവ്യവസ്ഥയോടും കാട്ടുന്ന ക്രൂരതകള്‍ പ്രധാന പ്രമേയമാക്കി സിനിമകള്‍ ചെയ്യുന്ന ഫ്രഞ്ച് ചലച്ചിത്രകാരന്‍ പാട്രിക് റൂക്സലിന്റെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് റേട്രോസ് പെക്ടീവ് വിഭാഗം. ഈ പാക്കേജുകള്‍ക്കു പുറമെ ഡോക്യുമെന്ററി ചലച്ചിത്ര രൂപത്തിന്റെ സൗന്ദര്യം സമകാലീന രാഷ്ട്രീയ സമസ്യകളുടെ വിശകലനവും മുന്നോ‍ട്ട് വയ്ക്കുന്ന ചിത്രങ്ങളുടെ ‘വിബ്‌ജിയോര്‍ പാക്കേജ്’, ‘ഷോര്‍ട്ട് ഫിക്ഷന്‍ പാക്കേജ് മഞ്ജിരാദത്ത ഹോമേജ് തുടങ്ങിയവയുടെ പ്രദര്‍ശനങ്ങളാണ് അക്കാഡമി ഹാളിലെ പ്രധാന പ്രദര്‍ശനവേദിയെ സജീവമാക്കുക.
മഴവിൽമേള ഉദ്ഘാടനം ചെയ്‌തത് യുവസംവിധായക ലീലാ സന്തോഷാണ്. വിബ്ജിയോർ ചെയർമാൻ രാജാജി മാത്യു തോമസ് ലീലാ സന്തോഷിനെ ആദരിച്ചു. കശ്മീര്‍ ടെെംസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധബാസിന്‍ ഡി ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, ചര്‍ച്ചകള്‍, മീറ്റ് ദി ഡയറക്ടര്‍ എന്നിവയ്ക്ക് പുറമെ രണ്ടും മൂന്നും ദിവസങ്ങളില്‍ മിനി കോണ്‍ഫറന്‍സുകളും നടത്തുന്നു. ഭൂമി, വനം ‘കാലാവസ്ഥാ പ്രതിസന്ധി’, ‘നവോത്ഥാനം: പുനര്‍വായനകള്‍’ എന്നീ വിഷയങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുക. മേളയുടെ മൂന്നും നാലും ദിവസങ്ങളില്‍ ‘മെനി ഇന്ത്യാസ്’ എന്ന പ്രമേയവുമായി രണ്ട് കൂട്ടിച്ചേരലുകള്‍ ഉണ്ടാകും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരീക്ഷണാത്മകമായി മാധ്യമ സങ്കേതങ്ങളെ ഉപയോഗിക്കുന്ന ചെറു സമൂഹങ്ങളുടെ പ്രതിനിധികള്‍ ഇന്ത്യയുടെ പല നാടുകളില്‍ നിന്നെത്തി ‘പീപ്പിള്‍സ് നെരേറ്റീവ്സ്’ അവതരിപ്പിക്കും. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ‘മീഡിയ ഡയലോഗ്’ ആണ് ഇത്തവണത്തെ വിബ്‌ജിയോര്‍ മഴവില്‍ മേളയിലെ പ്രധാന ആകര്‍ഷണം.
അനേകം സിനിമാ പ്രവർത്തകരും, സാമൂഹ്യ പ്രവർത്തകരും, ചലച്ചിത്ര പ്രേമികളും, മാധ്യമ വിദ്യാർഥികളുമാണ് മഴവിൽ മേളയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. സംഘാടന സമിതി ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന ആയിരം രൂപയും സന്നദ്ധ സംഘടനകളിൽ നിന്ന് ലഭിക്കുന്നതുമാണ് ലോകോത്തര ശ്രദ്ധ നേടിയ മഴവിൽമേളയുടെ സാമ്പത്തിക സഹായം. ഇതുകൂടാതെ യുവജന കമ്മിഷൻ, ചെറു പരസ്യങ്ങൾ എന്നിവയിൽ നിന്നാണ് സഹായങ്ങൾ തേടുന്നത്.
വിബ്ജിയോർ എഡിറ്റോറിയൽ ബോർഡ് അംഗം ലെസ്‌ലി അഗസ്റ്റിൻ സംസാരിക്കുന്നു: ചലച്ചിത്ര പ്രേമികളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ചെറിയ സംഭാവനകൾ പോലും സ്വീകരിച്ചിട്ടുണ്ട്. അതെല്ലാം ചേർത്ത് വച്ചാണ് മേള സംഘടിപ്പിക്കുന്നത്. സർക്കാർ തലത്തിൽ ജില്ലാ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ചെറിയ സഹായം ലഭിക്കുന്നുണ്ട്. ധാർമിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് എല്ലാവരുടെയും സഹായം കൈപ്പറ്റാറില്ല. നിലപാടിന് ഉള്ളിൽ നിന്നാണ് പ്രവർത്തിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ചില ഏജൻസികൾ സഹായിച്ചിരുന്നു. കേന്ദ്ര സർക്കാർ വിലക്കുള്ളതിനാൽ ചില സഹായങ്ങൾ സ്വീകരിക്കാനാകുന്നില്ല. ചിലർ അതിഥികളുടെ വിമാന ടിക്കറ്റുകളും മറ്റും എടുത്ത് നൽകി സഹായിച്ചിരുന്നു. പണമില്ലായ്മ കൊണ്ട് ഏറെ പരിമിതികൾ നേരിടുന്നുണ്ട് കുറച്ച് കൂടി സർക്കാർ സഹായം ലഭ്യമായാൽ കൂടുതൽ വിപുലമായി പരിപാടി നടത്താനാകും.
വിബ്ജിയോറിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളുടെ ഒരു ഭാഗമാണ് ചലച്ചിത്രമേള. ഗ്രാമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിബ്ജിയോർ സംഘാടകർ പ്രവർത്തിക്കുന്നുണ്ട്. ലോകോത്തര സിനിമകൾ എല്ലാ മേഖലകളിലേക്ക് എത്തിക്കാനും സിനിമകൾ സംബന്ധിച്ച് ചർച്ചകൾ സംഘടിപ്പിക്കുകയുമാണ് അവരുടെ ലക്ഷ്യം. കാഴ്ചയെ പരമാവധി സംവാദോപാധിയാക്കുന്ന വിബ്ജിയോർ ഫിലിം ഫെസ്റ്റിവലിലെ ഓരോ കാണിയും പ്രതിരോധത്തിന്റെ പങ്കാളികളാകുന്നു. ഇത്തരം സമകാലിക പ്രാധാന്യമുള്ള പ്രവർത്തനങ്ങളുടെ ഒപ്പം നിൽക്കേണ്ടത് ചിന്തിക്കുന്ന സമൂഹത്തിന്റെ കടമയാണ്. സർക്കാരിന്റെ ഭാഗത്തു നിന്നും സഹായവും പ്രോൽസാഹനവും കൂടിയേ തീരൂ.…