നാവിക സേനയെ കൂടുതൽ സ്ത്രീ സൗഹൃദമാക്കുമെന്ന് വൈസ് അഡ്മിറൽ എ കെ ചാവ്ല

Web Desk

കൊച്ചി

Posted on December 03, 2019, 6:13 pm

നാവിക സേനയെ കൂടുതൽ സ്ത്രീ സൗഹൃദമാക്കുമെന്ന് വൈസ് അഡ്മിറൽ എ കെ ചാവ്ല. ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാന വാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് 2021ൽ കമ്മീഷൻ ചെയ്യുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അടുത്ത മൺസൂണിൽ വിക്രാന്ത് പരിശീലനത്തിന് സജ്ജമാകും. തുടർന്ന് യുദ്ധവിമാനങ്ങളിറക്കിയും പരിശീലനം തുടരും. കൊച്ചി കപ്പൽ ശാലയിലുള്ള വിക്രാന്തിൽ നിന്നും ഹാർഡ് ഡിസ്കുകൾ മോഷണം പോയിയെന്ന കാര്യം എൻഐഎ അന്വേഷിക്കുകയാണ്. കപ്പൽശാലയുടെ ഉത്തരവാദിത്തത്തിലാണ് ഇപ്പോൾ വിമാന വാഹിനി കപ്പലുള്ളത്. സേന ഇപ്പോൾ ഇക്കാര്യത്തിൽ ഇടപെടേണ്ട കാര്യമില്ല. കപ്പലിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്.

കൂടുതൽ സ്ത്രീകളെ സേനയിൽ ചേർക്കുകയെന്നത് പുരാേഗമനപരമായ നടപടിയാണ്. ഇവിടെ ഒരുതരത്തിലുമുള്ള വിവേചനവുമില്ല. മെറിറ്റാണ് പ്രധാനം. സേനകളിൽ ലിംഗ സമത്വ ആവശ്യപ്പെട്ടുള്ള പരാതികൾ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ നിർദേശം ലഭിച്ചാൽ കൂടുതൽ നടപടി സ്വീകരിക്കും. യുദ്ധക്കപ്പലുകളിലും മറ്റും വനിത ഉദ്യോഗസ്ഥർക്ക് പ്രത്യേകം വിശ്രമ മുറികളും ടോയ്ലറ്റുകളും ഏർപ്പെടുത്തും. നിർമാണത്തിലിരിക്കുന്ന ഐഎൻസ് വിക്രാന്തിലും സ്ത്രീകൾക്ക് കുടുതൽ സൗകര്യമുണ്ടാകും. സേനയിൽ പരിശീലന കാലത്ത് വിവാഹം കഴിക്കാൻ പാടില്ല. ഇത്തരമുള്ള സാമൂഹ്യ, നിയമ വിഷയങ്ങളും പരിഗണിക്കേണ്ടതുണ്ട്.

കടലിലെ സുരക്ഷയ്ക്ക് മത്സ്യത്തൊഴിലാളികളുടെ സഹകരണം പ്രധാനമാണ്. ശത്രു സാന്നിധ്യം തിരിച്ചറിഞ്ഞ് സേനയെ അറിയിക്കുന്നതിന് തൊഴിലാളികളെ സജ്ജമാക്കും. നാവികസേനയും കേരള, ലക്ഷദ്വീപ് ഭരണ കേന്ദ്രങ്ങളും തമ്മിൽ നല്ല ബന്ധത്തിലാണെന്നും ചുഴലിക്കാറ്റിലും പ്രളയത്തിലും സേന എല്ലാ സഹായവും നൽകിയെന്നും എ കെ ചാവ്ല പറഞ്ഞു. തീര സംരക്ഷണ സേന, കോസ്റ്റൽ പൊലീസ് എന്നിവയുമായി സഹകരിച്ചാണ് കടലിലെ സുരക്ഷയൊരുക്കുന്നത്. ആഴക്കടലിലും തീരദേശത്തും സുരക്ഷ ശക്തമാക്കുന്നതിന്റെ(സീ വിജിൽ) ഭാഗമായി നടത്തിയ പാൻ ഇന്ത്യ അഭ്യാസ പ്രകടനം സേനയ്ക്ക് കൂടുതൽ കരുത്ത് പകർന്നു. ഇതുവരെ 40 രാജ്യങ്ങളിൽ നിന്നുള്ള 40, 000 സേനാംഗങ്ങൾക്ക് ദക്ഷിണ നാവിക ആസ്ഥാനത്ത് പരിശീലനം നൽകിയതായും എ കെ ചാവ്ല പറഞ്ഞു