6 October 2024, Sunday
KSFE Galaxy Chits Banner 2

ഉപരാഷ്ട്രപതിയുടെ അവകാശവാദം തെളിവില്ലാത്തത്

ഇന്ദ്രദീപ് ഭട്ടാചാര്യ
April 3, 2023 4:30 am

ഉത്തർപ്രദേശില്‍ മീററ്റിലെ പൊലീസ് ട്രെയിനിങ് സ്കൂളിൽ മാർച്ച് 11ന് ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻഖർ കോട്വാൾ ധൻ സിങ് ഗുർജാറിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. ആക്രമണകാരികൾക്കെതിരെ ധീരമായി പോരാടിയ വ്യക്തികളുടെ രൂപരേഖയും ചരിത്രത്തിൽ ഇല്ലാത്ത നിരവധി സംഭവങ്ങളും തന്റെ പ്രസംഗത്തിൽ അദ്ദേഹം നിരത്തി. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക ഹാൻഡിൽ പ്രസംഗത്തിന്റെ ഒരു ഭാഗം പിന്നീട് ട്വീറ്റ് ചെയ്തു. മീററ്റിന് സമീപം 17 ബ്രിട്ടീഷുകാരെ കൊലപ്പെടുത്തിയ 16 വയസുകാരി ശിവ്ദേവി തോമർ, ബ്രിട്ടീഷുകാരോട് പോരാടി 22 കൂട്ടാളികളോടൊപ്പം രക്തസാക്ഷിത്വം വരിച്ച മഹാവീരി ദേവി, 40,000 സൈനികരുമായി തിമൂറുമായി യുദ്ധം ചെയ്ത രാംപ്യാരി ഗുർജർ എന്നിവരെക്കുറിച്ചാണ് ഉപരാഷ്ട്രപതി പരാമര്‍ശിച്ചത്. ഇവരുടെ പേരുകൾ നമ്മുടെ ചരിത്രത്തിൽ കാണുന്നില്ലെന്നും ധൻഖർ സൂചിപ്പിച്ചു. രാംപ്യാരി ഗുർജറിനെക്കുറിച്ച് കേന്ദ്രഭരണാധികാരികള്‍ സംസാരിക്കുന്നത് ഇതാദ്യമല്ല. 2023 ജനുവരി 28ന് രാജസ്ഥാനിലെ ഭിൽവാരയിൽ നടന്ന ഒരു പരിപാടിയിൽ ഗുർജാർ സമുദായത്തിന്റെ വീര്യത്തെയും ദേശസ്‌നേഹത്തെയും കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അവരെ കുറിച്ച് പരാമർശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റില്‍ ഗുർജാർ സ്ത്രീകളുടെ ധീരതയും സംഭാവനയും അടിവരയിട്ടുകാെണ്ട്, രാംപ്യാരി ഗുർജറിന് ആദരാഞ്ജലികൾ അർപ്പിക്കുന്ന മോഡിയുടെ വാക്കുകളുണ്ട്. അദ്ദേഹം പറയുന്നു-‘ഇത്തരം എണ്ണമറ്റ പോരാളികൾക്ക് നമ്മുടെ ചരിത്രത്തിൽ അർഹമായ സ്ഥാനം നേടാൻ കഴിയാത്തത് രാജ്യത്തിന്റെ ദൗർഭാഗ്യമാണ്. എന്നാൽ കഴിഞ്ഞ ദശകങ്ങളിലെ തെറ്റുകൾ പുതിയ ഇന്ത്യ തിരുത്തുകയാണ്’.

മുൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവും 2020 ഏപ്രിൽ 11ന് അഖില ഭാരതീയ വീർ ഗുർജാർ മഹാസഭയുടെ യോഗത്തിൽ സംസാരിക്കവെ രാംപ്യാരി ഗുർജറിനെക്കുറിച്ച് സംസാരിച്ചിരുന്നു. രാംപ്യാരി ഗുർജർ 40,000 സൈനികരുമായി തിമൂർ ലാംഗിനെ പരാജയപ്പെടുത്തിയതായി അദ്ദേഹം പറയുന്നു. ഇത്തരം യോദ്ധാക്കളെക്കുറിച്ച് പരാമർശിക്കാതെ ഇന്ത്യൻ ചരിത്രം അപൂർണമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞിരുന്നു. രാംപ്യാരി ഗുർജറിനെ പരാമർശിക്കുന്ന നിരവധി ബ്ലോഗുകളും അഭിപ്രായക്കുറിപ്പുകളും യൂട്യൂബ് വീഡിയോകളുമുണ്ട്. അവരിൽ മിക്കവരും മനോഷി സിൻഹ റാവലിന്റെ കുങ്കുമ വാളുകൾ (Saf­fron Swords) എന്ന കൃതിയെയാണ് ഉറവിടമായി ഉദ്ധരിച്ചിട്ടുള്ളത്. പുസ്തകത്തിന്റെ 26, 27 പേജുകളിൽ, തിമൂറിന്റെ യോദ്ധാക്കൾക്കെതിരായ രാംപ്യാരി ഗുർജറിന്റെ വീര്യം വിശദീകരിച്ചിട്ടുണ്ട്. 1369ലാണ് അമീർ തിമൂർ സമർഖണ്ഡിന്റെ സിംഹാസനത്തിൽ കയറിയത്. പേർഷ്യ, മെസോപ്പൊട്ടാമിയ എന്നിവിടങ്ങളിലെ വിജയത്തിന് ശേഷം 1398 സെപ്റ്റംബറിൽ അദ്ദേഹം ഇന്ത്യ ആക്രമിച്ചു. ഡിസംബർ 18ന് തിമൂർ ഡൽഹി കീഴടക്കി. കൂട്ടക്കൊലയും സമ്പത്ത് കൊള്ളയടിക്കലും ദിവസങ്ങളോളം നീണ്ടുനിന്നു.


ഇതുകൂടി വായിക്കൂ: ബിജെപിയെ തോല്പിക്കുക,രാജ്യത്തെ രക്ഷിക്കുക


1399 ജനുവരി ഒന്നിന് സമർഖണ്ഡിലേക്കുള്ള മടക്കയാത്ര തുടങ്ങിയ തിമൂര്‍, ജനുവരി 19ന് ഫിറോസാബാദിലൂടെയും മീററ്റിലൂടെയും കടന്നുപോയി. കാൻഗ്ര, ജമ്മു എന്നിവിടങ്ങളിലൂടെയും കടന്നുപോയി. ഓരോ പ്രദേശത്തും ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കി. 1399 മാർച്ച് പകുതിയോടെയാണ് അദ്ദേഹം രാജ്യം വിട്ടത്. ഡൽഹിയുടെയും ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളുടെയും സാമൂഹിക‑സാമ്പത്തിക‑രാഷ്ട്രീയ സ്ഥിരത വീണ്ടെടുക്കാൻ വർഷങ്ങളെടുത്തു. 1405ൽ ചൈനയിലെ പീക്കിങ്ങിലേക്കുള്ള യാത്രാമധ്യേ കസാക്കിസ്ഥാനിലെ ഒട്രാറിൽ വച്ച് തിമൂർ മരണമടഞ്ഞു. അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ജസ്റ്റിൻ മറോസി അദ്ദേഹത്തിന്റെ മരണത്തിന്റെ സാഹചര്യങ്ങൾ വിശദമായി വിവരിച്ചിട്ടുണ്ട്. രാംപ്യാരി ഗുർജറിനെക്കുറിച്ചുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ അവകാശവാദങ്ങൾ അസംബന്ധമാണെന്ന് ചരിത്രകാരന്മാർ പറയുന്നു. 40,000 സൈനികർ അടങ്ങിയ രാംപ്യാരി ഗുർജർ സംഘം തിമൂറിനെ പരാജയപ്പെടുത്തി എന്ന വാദത്തിന്റെ സത്യാവസ്ഥ അറിയാൻ ആൾട്ട് ന്യൂസ് ചരിത്രകാരന്മാരോട് സംസാരിച്ചു. ചരിത്രകാരനും ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റി മുൻ പ്രൊഫസറുമായ ഹർബൻസ് മുഖിയ പറഞ്ഞത് ’40,000 സൈനികരുമായി തിമൂറിനെപ്പോലുള്ള ഒരു ആക്രമണകാരിക്കെതിരെ ഒരു സ്ത്രീ പോരാടിയെന്നും പരാജയപ്പെടുത്തിയെന്നുമുള്ളത് അസംബന്ധമായ ആശയമാണ്. നിലവിലുണ്ടായിരുന്ന ഭരണകൂടത്തിന് പോലും ഇത്രയും വലിയ സെെനികശക്തിയെ നയിക്കാൻ കഴിഞ്ഞിട്ടില്ല.

1388ൽ ഫിറോസ് ഷാ തുഗ്ലക്കിന്റെ മരണശേഷം ഡല്‍ഹി ശിഥിലമായി. അവശേഷിച്ചതെല്ലാം തിമൂർ പൂർണമായും തകർത്തു. ഒരു ഭരണാധികാരിയും തിമൂറിന് ഏതെങ്കിലും തരത്തിലുള്ള പോരാട്ടമോ ചെറുത്തുനില്പോ നൽകിയതായി രേഖകളില്ല’ എന്നാണ്. ‘ഭൂതകാലത്തെ കാണാന്‍ രണ്ട് വഴികളുണ്ട്. ഒന്ന്, തെളിവുകളുടെയും ആധികാരികതയുടെയും അടിസ്ഥാനത്തിൽ ചരിത്രകാരന്മാരുടേത്. മറ്റൊന്ന് രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ നിന്ന് വ്യത്യസ്തമായ ഭൂതകാലമാണ്, ജനകീയ ധാരണയുടെ വീക്ഷണത്തിലുള്ളത്. ഇവ മാനദണ്ഡങ്ങൾക്കനുസൃതമോ ഏതെങ്കിലും തരത്തിലുള്ള തെളിവുകൾക്ക് വിധേയമോ അല്ല. രാംപ്യാരി ഗുർജർ പോലുള്ള കഥാപാത്രങ്ങൾ അത്തരം പ്രഭാഷണത്തിന്റെ ഭാഗമാണ്. ധീരതയെക്കുറിച്ചുള്ള ഇത്തരം മിഥ്യാധാരണകൾ എല്ലാ സംസ്കാരത്തിന്റെയും ഭാഗമായുണ്ട്’-മുഖിയ കൂട്ടിച്ചേർത്തു. വലതുപക്ഷ ചരിത്രകാരനായി അറിയപ്പെടുന്ന ആശിർബാദി ലാൽ ശ്രീവാസ്തവയുടെ ദി സുൽത്താനേറ്റ് ഓഫ് ഡൽഹി (1206–1526 എഡി) എന്ന പുസ്തകം പരിശോധിച്ചു. അദ്ദേഹമാണ് അക്ബറിന്റെ ജീവചരിത്രത്തിൽ, റാണാ പ്രതാപിനെ ആദ്യമായി ഒരു മഹാനായ നായകനെന്ന് വിശേഷിപ്പിച്ചത്. എന്നിട്ടും ഇന്ത്യൻ ചരിത്രത്തിൽ അക്ബറിന്റെ അതേ പദവി റാണാ പ്രതാപിന് നൽകാത്തത് എന്തുകൊണ്ടെന്ന് ഒന്നിലേറെ വലതുപക്ഷ രാഷ്ട്രീയക്കാരും അനുഭാവികളും വിലപിച്ചിട്ടുണ്ട്. ശ്രീവാസ്തവയുടെ പുസ്തകത്തിലും തിമൂർ നേരിട്ട ഒരു ചെറുത്തുനില്പിനെക്കുറിച്ച് പരാമർശമില്ല. അദ്ദേഹം രണ്ട് ഹിന്ദു സൈന്യങ്ങളുമായി ഏറ്റുമുട്ടുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തുവെന്നല്ലാതെ ഏതെങ്കിലും സൈന്യം ആക്രമണകാരിക്ക് നാശമുണ്ടാക്കിയതായി പരാമർശമില്ല.


ഇതുകൂടി വായിക്കൂ: പ്രതിരോധിക്കുന്നത് ഫാസിസത്തെ


അലഹബാദ് സർവകലാശാലയിലെ മുന്‍ അധ്യാപകനും ചരിത്രകാരനുമായ ഹേരാംബ് ചതുർവേദി പറയുന്നത് ഈ അവകാശവാദം ‘തികച്ചും അസംബന്ധം’ എന്നാണ്. ‘1935ൽ പൂനയിൽ നടന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ, ഇന്ത്യയുടെ ദേശീയ ചരിത്രം ചിട്ടയായ രീതിയിൽ എഴുതണമെന്ന് തീരുമാനിച്ചു. കെ എം മുൻഷി, ആർ സി മജുംദാർ എന്നിവരുടെ നേതൃത്വത്തിൽ ഭാരതീയ വിദ്യാഭവനാണ് പദ്ധതി ഏറ്റെടുത്തത്. അതിന്റെ ഫലമാണ് ഇന്ത്യൻ ജനതയുടെ ചരിത്രവും സംസ്കാരവും എന്ന 11 വാല്യങ്ങളുള്ള കൃതി. വാല്യം ആറില്‍ ഡൽഹി സുൽത്താനേറ്റും തിമൂറിന്റെ അധിനിവേശവും ചർച്ച ചെയ്യുന്നു. കീഴടക്കലിനെതിരെ ഹിന്ദുസംഘങ്ങളില്‍ നിന്ന് ഏതെങ്കിലും പ്രതിരോധം ഉണ്ടായിരുന്നെങ്കിൽ, ഈ പുസ്തകം അത് രേഖപ്പെടുത്തുമായിരുന്നു. എന്നാൽ രാംപ്യാരി ഗുർജറോ ഏതെങ്കിലും പ്രാദേശിക തലവനോ നേരിയ പോരാട്ടമെങ്കിലും പ്രകടിപ്പിച്ചതായി പരാമർശമില്ല’ ചതുർവേദി പറഞ്ഞു. ഡൽഹിയിലെ മോത്തിലാൽ നെഹ്രു കോളജിലെ റിട്ട. പ്രിൻസിപ്പലും മധ്യകാല ചരിത്രത്തിന്റെ അസോസിയേറ്റ് പ്രൊഫസറുമായ സൂരജ്ഭൻ ഭരദ്വാജുമായി ബന്ധപ്പെട്ടു. രാജസ്ഥാന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് ഭരദ്വാജ് നിരവധി കൃതികള്‍ എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ‘തിമൂറിനെതിരായ രാംപ്യാരി ഗുർജാറിന്റെ പോരാട്ടത്തിന്റെ കഥ ഓരോ സമൂഹവും അവരുടേതായ കെട്ടുകഥകൾ സൃഷ്ടിക്കുന്ന പ്രവണതയുടെ ഭാഗമായി അടുത്തിടെ ഉണ്ടായതായിരിക്കണം. ഈ പ്രദേശത്തിന്റെ മധ്യകാല ചരിത്രത്തെയും നാടോടിക്കഥകളെയും കുറിച്ചുള്ള വർഷങ്ങളോളം നീണ്ട ഗവേഷണത്തിൽ അവരെക്കുറിച്ചുള്ള അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും കണ്ടിട്ടില്ല’-അദ്ദേഹം പറഞ്ഞു.

അവലംബം: ദ വയര്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.