Wednesday
21 Aug 2019

വിചാരണ

By: Web Desk | Sunday 23 June 2019 7:00 AM IST


ജലജ പ്രസാദ്

നിങ്ങള്‍
സ്വയം വരപ്പന്തലില്‍
വരണമാല്യം
കാംക്ഷിച്ചിരിക്കുന്നവരല്ല.
മറ്റാരേക്കാളും കേമനാണ്
എന്ന തോന്നലും
ഇപ്പോള്‍ നിങ്ങള്‍ക്കില്ല.
എന്നെ റാണിയാക്കി വാഴുന്ന
രാജാവിന്റെ
സങ്കല്പ ലോകവുമില്ല
നിന്റെ ചിന്തയില്‍..
നിങ്ങള്‍ 64 പേരല്ല ..!

വരണമാല്യമല്ല,
മരണമല്യമാണ്
എന്റെ കയ്യിലെന്ന്
നിങ്ങള്‍ക്കറിയാമെന്ന്
എനിക്കു മാത്രമേ അറിയൂ.
എന്റെ അടയാളങ്ങള്‍
നിങ്ങളിലോരോരുത്തരിലുമുണ്ട്.
പൊടിഞ്ഞമര്‍ന്ന കുങ്കുമം
വിരലടയാളങ്ങള്‍
നിറം
രുചി
ഗന്ധം
വിയര്‍പ്പിന്റെ നനവ്
കണ്ണീരുപ്പ്
ദന്ത ശക്തി
തെളിവുകള്‍
ഞാന്‍ തന്നെ
വാദിയും
വിധികര്‍ത്താവും

നിങ്ങള്‍
ഒറ്റയ്ക്കല്ല.
കാക്കത്തൊള്ളായിരം
ഒരു പ്രളയത്തിനും
നിങ്ങളെ
ശുദ്ധീകരിക്കാനാവില്ല.
എന്റെ കണ്ണുകളിലേക്കു
നോക്കുക.
കാരുണ്യത്തിന്റെ
നനവില്ലാത്ത ‘
അഗ്‌നി പ്രളയത്തില്‍
നിങ്ങള്‍
ശുദ്ധരാവുക.