15 April 2024, Monday

ജനം നിധി നിക്ഷേപ തട്ടിപ്പില്‍ കൂടുതല്‍ ഇരകൾ; പ്രതി മനോഹരനായി വല വിരിച്ച് പൊലീസ്

Janayugom Webdesk
പട്ടാമ്പി
September 25, 2021 9:36 am

നാല് വർഷമായി പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന ജനം നിധി ലിമിറ്റഡ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനം അടച്ചു പൂട്ടി കോടികളുമായി ഉടമ മനോഹരനായി വല വിരിച്ചുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇയാള്‍ മുങ്ങിയതിനെ തുടർന്ന് ഇടപാടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുന്നതായി തട്ടിപ്പിനിരയായവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാലക്കാട്, തൃശൂർ ജില്ലകളിലെ നാല് ശാഖകളും പൂട്ടി കടന്നു കളഞ്ഞ തൃശൂർ സ്വദേശിയായ ഉടമ മനോഹരനെ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്നും സ്വത്തുവഹകൾ കണ്ടു കെട്ടണമെന്നും വിവിധ സ്ഥലങ്ങളിലുള്ള ഇടപാടുകാരുടെ പരാതികൾ പ്രകാരം നഷ്ടപ്പെട്ട തുക തിരിച്ചു പിടിക്കാൻ പ്രത്യേക ഏജൻസിയെ നിയോഗിക്കണമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

നിക്ഷേപകരുടെ പരാതിയെ തുടർന്ന് പട്ടാമ്പി പോലീസ് കഴിഞ്ഞ ദിവസം സ്ഥാപനത്തിൻ്റെ ഓഫീസിൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. നിത്യ വരുമാനക്കാരായ സാധാരണക്കാരും വീട്ടമ്മമാരും ഉൾപ്പെടെ നൂറു കണക്കിന് ആളുകളാണ് റക്കറിങ്ങ്, സ്ഥിര നിക്ഷേപങ്ങളിൽ ഇടപാട് നടത്തി തുക നഷ്ടപ്പെട്ടത്. ഇവരുടെ ആവലാതികൾക്ക് പരിഹാരം കാണാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വീട്ടമ്മമാരെയും തൊഴിൽ രഹിതരായ യുവാക്കളെയും കളക്ഷൻ ഏജന്റുമാരാക്കിയാണ് കോടികളുടെ നിക്ഷേപം ഉണ്ടാക്കിയത്. പട്ടാമ്പി ശാഖയിൽ മാത്രം നൂറിലേറെ റക്കറിങ്ങ് ഇടപാടുകാരുണ്ട്.

60 ലക്ഷം രൂപയോളം ഇവർക്ക് നഷ്ടപ്പെട്ടു. 35 സ്ഥിര നിക്ഷേപകർക്ക് ഒരു കോടി 70 ലക്ഷം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. പട്ടാമ്പി ശാഖയിൽ മാത്രം രണ്ടര കോടിയോളം രൂപ നഷ്ടപ്പെട്ടെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ജനം നിധി ലിമിറ്റഡിന്റെ പാലക്കാട്, ഗുരുവായൂർ, തൃശൂർ എന്നിവിടങ്ങളിലുള്ള ശാഖകളിലും സമാനമായ തട്ടിപ്പ് നടന്നതായാണ് വിവരമെന്നും എല്ലാ കേസുകളും ഒരു ഏജൻസി അ ന്വേഷിക്കണമെന്നും ഭാരവാഹികളായ എ.ആർ.രാജേഷ്, ടി.വിഅശോകൻ, കെ.സനൂപ്, എം.സൂരജ്, റിജോയ് സി.ജോർജ് എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

 

Eng­lish Sum­ma­ry: Probe start­ed on Janam Nid­hi scam

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.