4 November 2024, Monday
KSFE Galaxy Chits Banner 2

മത തീവ്രവാദ രാഷ്ട്രീയത്തിന്റെ ഇരകൾ

കുരീപ്പുഴ ശ്രീകുമാർ
December 23, 2021 7:30 am

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം കേരളത്തെ ഞെട്ടിച്ചിരിക്കയാണ്. മത തീവ്രവാദ രാഷ്ട്രീയത്തിന്റെ ഇരകളെന്നോ വിതച്ച വിഷവിത്തിന്റെ വിളവെടുപ്പെന്നോ പറഞ്ഞ് ആരും ആ അരുംകൊലകളെ അവഗണിക്കുന്നില്ല. ദുഃഖിക്കുകയാണ്. നഷ്ടപ്പെട്ടത് രണ്ടു കേരളമക്കളെയാണ്. അവർ പ്രതിനിധീകരിച്ച രാഷ്ട്രീയധാരകളുടെ പ്രകോപനങ്ങളെ അവഗണിച്ചുകൊണ്ടു തന്നെ ദുഃഖിക്കുകയാണ്. ദുഃഖത്തിന്റെ മുൾത്തകിടിയിൽ നിന്നുകൊണ്ട് ആ ഹീനകൃത്യങ്ങളിലെ ആപൽ സൂചനകൾ തിരിച്ചറിയുകയാണ്. കൊലയും പകയും പകരക്കൊലയും ഇനിയും അരങ്ങേറാനുള്ള സാധ്യതകളെ കേരളം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മാന്യമായ രാഷ്ട്രീയ പ്രവർത്തനത്തിന് പകരം വിനാശകരമായ അറ്റോമിക് എനർജി അടങ്ങുന്ന മത തീവ്രവാദത്തെ കൂട്ടുപിടിക്കുന്നത് തന്നെയാണ് പ്രശ്നം. മത തീവ്രവാദം മുളച്ചു വരുന്നത് മത മൗലികവാദത്തിൽ നിന്നാണ്. കേവല മതവിശ്വാസമല്ല മത മൗലികവാദം. അത് അവനവന്റെ മതം മാത്രം ശരിയെന്ന വാദമാണ്. ഒരേ രക്തഗ്രൂപ്പിൽപ്പെട്ടവർ എല്ലാ മതങ്ങളിലും ഉണ്ട് എന്ന തിരിച്ചറിവിനപ്പുറം നമ്മുടെ രക്തം മാത്രം ശുദ്ധം എന്നു കരുതുന്നിടത്ത് മൗലികവാദം പുഷ്പിക്കുന്നു. യഥാർത്ഥ രക്തം ആവശ്യമായി വരുന്ന ആശുപത്രിക്കിടക്കയിൽ ഈ ആര്യ അനാര്യശുദ്ധരക്തവാദമൊന്നും പരിഗണിക്കപ്പെടുകയില്ലെന്നത് വേറെ കാര്യം.

മതവുമായി രാഷ്ട്രീയത്തെ ബന്ധിപ്പിച്ചാൽ അതിവേഗം അധികാരത്തിന്റെ അപ്പശാലയിൽ എത്താമെന്ന കുത്സിത കണ്ടുപിടിത്തമാണ് ഇത്തരം രാഷ്ട്രീയപ്പാർട്ടികളുടെ ഉത്ഭവകാരണം. അവർ ആയുധം താഴെ വയ്ക്കുകയും സമാധാനത്തിന്റെ സ്നേഹപ്രതലത്തിലേക്ക് വരികയും ചെയ്യണം. ഏതെങ്കിലും ഒരു മതത്തെ ഊതിവീർപ്പിക്കുകയും മറ്റ് മതങ്ങളെ ഇകഴ്ത്തുകയും ചെയ്യുന്ന പ്രസംഗങ്ങളെ രാഷ്ട്രീയപ്പാർട്ടികൾ പ്രോത്സാഹിപ്പിക്കരുത്. മതാഭിമാനത്തിൽ ഊന്നിയുള്ള ആയുധപരിശീലനവും പഠന പരിപാടികളും നിർബന്ധമായും ഒഴിവാക്കണം. മതത്തെക്കുറിച്ചും അതിന്റെ സാന്നിധ്യം ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും ഒരു ചിന്ത ഉണ്ടാകുന്നത് നല്ലതാണ്. മനുഷ്യനെ വിഭാഗീകരിച്ച് അപമാനിക്കുകയല്ലാതെ ഒരു ഗുണവും മതം മനുഷ്യരാശിക്ക് നൽകുന്നില്ല. പൗരോഹിത്യത്തിന്റെ ജീവനോപാധിയായി മാറുകമാത്രമേ മതം ചെയ്യുന്നുള്ളൂ. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ച് മനുഷ്യസമൂഹത്തെ ഇരുട്ടിലാഴ്ത്തിയിട്ടുള്ളതും ശാസ്ത്രത്തിന്റെ പ്രകാശനാളങ്ങളെ ഊതിക്കെടുത്താൻ ശ്രമിച്ചിട്ടുള്ളതും മതമാണ്. ഇത് മനസിലാക്കുവാൻ ഗലീലിയോയുടെ കാലം വരെയൊന്നും പോകേണ്ടതില്ല. കോവിഡ് പ്രതിരോധ മരുന്നുകൾ സ്വീകരിക്കാത്തവരിൽ ബഹുഭൂരിപക്ഷവും മതവിശ്വാസികൾ ആണെന്നതു ശ്രദ്ധിച്ചാൽ മാത്രം മതി. ഭൂരിപക്ഷ മതത്തിന്റെ കയ്യിലും ന്യൂനപക്ഷ മതത്തിന്റെ കയ്യിലും ആയുധം കിട്ടിയാൽ അവർ ഹലാൽ മനുഷ്യമാംസം വില്പനയ്ക്ക് വയ്ക്കുമെന്ന കാര്യം ഉറപ്പാണ്. ഭൂരിപക്ഷമതത്തിന്റെ കയ്യിലാണ് ആയുധമെങ്കിൽ മനുഷ്യമാംസ ഭോജനശാലകളുടെ പെരുങ്കളിയാട്ടമായിരിക്കും ഉണ്ടാവുക.


ഇതുകൂടി വായിക്കാം: കുരുതിയുടെ രാഷ്ട്രീയം


ജർമ്മനിയും അഫ്ഗാനിസ്ഥാനും ആയുധവും അധികാരവുമണിഞ്ഞ ഭൂരിപക്ഷ മത തീവ്രവാദത്തിന്റെ രക്തം പുരണ്ട ഉദാഹരണങ്ങളാണല്ലോ. ഇനി, സാമുദായിക ചിത്രം തന്നെ പരിശോധിച്ചാലോ? പിന്നാക്ക സമുദായക്കാർക്കെതിരെ അവരെ തന്നെ അണിനിരത്തുവാൻ മത തീവ്രവാദപ്പാർട്ടികൾക്ക് കഴിഞ്ഞിരിക്കുന്നു. പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രവർത്തനം കൊലപാതകത്തിലൂടെയല്ലല്ലോ സാക്ഷാത്ക്കരിക്കേണ്ടത്. മതം ലേബലായി കൊണ്ടുനടക്കുന്നതും അവിടെ തീരെ ഇല്ലാത്തതുമായ സ്നേഹമെന്ന ഉൽകൃഷ്ട വികാരമാണ് മനുഷ്യനാവശ്യം. എങ്കില്‍ പിഞ്ചുകുട്ടികൾ അടക്കമുള്ള കുടുംബങ്ങളെ അനാഥമാക്കുന്ന മതതീവ്രവാദ രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാവുകയില്ല. പ്രണയം തളിർക്കുന്നത് മതാതീതമായ താഴ്‌വരകളിലാണ്. അവിടെയാണ് സ്നേഹത്തിന്റെ നീലത്തടാകമുള്ളത്. സ്പർദ്ധ ആളിക്കത്തിക്കാൻ സെക്കുലർ പ്രസംഗങ്ങൾക്ക് സാധിക്കുകയില്ല. ഏതെങ്കിലും ഒരു മതത്തെ മഹത്വവൽക്കരിച്ചുകൊണ്ട് നടത്തുന്ന വാക് ധോരണികൾക്ക് അത് സാധിക്കുകതന്നെ ചെയ്യും. കാസർകോട്ടെ പിഞ്ചുബാലന്റെ കൊലയാളിയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത മതതീവ്രവാദ പ്രസംഗങ്ങളുടെ ശബ്ദകങ്ങൾ അതാണല്ലോ തെളിയിച്ചത്. വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കിയുള്ള ആവേശപ്രകടനങ്ങളും അപകടകരമാണ്. മതമല്ല, ജീവിതമാണ് പ്രധാനമെന്ന തിരിച്ചറിവിലേക്ക് നമ്മൾ എത്തേണ്ടിയിരിക്കുന്നു. കേരളം മലയാളിയുടെ മാതൃഭൂമിയാണ്. നവോത്ഥാനനായകൻമാർ ഉഴുതുമറിച്ചതിനാൽ ഭ്രാന്താലയമെന്ന ബഹുമതിയിൽ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടവരാണ് നമ്മൾ. തിരിച്ചു പോക്കിനൊരുങ്ങരുത്. പ്രാകൃതകാലത്തേക്ക് കേരളീയരെ കൂട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് മതതീവ്രവാദികളും അവരുടെ രാഷ്ട്രീയ സംഹിതകളും നടത്തുന്നത്. സ്നേഹരാഹിത്യത്തിന്റെ അടയാളമായ നരബലികൾ ആവർത്തിക്കാതിരിക്കട്ടെ.

TOP NEWS

November 4, 2024
November 3, 2024
November 3, 2024
November 3, 2024
November 3, 2024
November 3, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.