വിക്ടര്‍ ജോര്‍ജ് സ്മാരക പുരസ്‌കാരം മുസ്തഫ അബൂബക്കറിന്

Web Desk

കോട്ടയം

Posted on September 29, 2020, 3:03 pm

പ്രമുഖ ഫോട്ടോ ജേണലിസ്റ്റ് വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ഥം വിക്ടര്‍ ജോര്‍ജ് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വിക്ടര്‍ ജോര്‍ജ് പുരസ്‌കാരത്തിന് മാധ്യമം ദിനപത്രം മലപ്പുറം ബ്യൂറോയിലെ ഫോട്ടോജേണലിസ്റ്റ് മുസ്തഫ അബൂബക്കര്‍ അര്‍ഹനായി.10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2019 ഓഗസ്റ്റ് 18ന് മാധ്യമം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ജീവന്‍ കൂട്ടിപ്പിടിച്ച് എന്ന ചിത്രത്തിനാണ് അവാര്‍ഡ്. നിലമ്പൂരിലെ വനത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ വനത്തില്‍ ഒറ്റപ്പെട്ട ആദിവാസികള്‍ ചെങ്ങാടത്തില്‍ കരകവിഞ്ഞൊഴുകുന്ന ചാലിയാര്‍ പുഴ കടക്കുന്നതാണ് ചിത്രം.

മാതൃഭൂമി കോട്ടയ്ക്കല്‍ യൂണിറ്റിലെ ഫോട്ടോ ജേണലിസ്റ്റ് അജിത്ത് ശങ്കരനും മലയാള മനോരമ കോട്ടയം യൂണിറ്റിലെ എസ് എസ് ഹരിലാലും പ്രോല്‍സാഹന സമ്മാനത്തിന് അര്‍ഹമായി.ജീവിതം തിരിച്ചുപിടിക്കാന്‍ എന്ന ശീര്‍ഷകത്തില്‍ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് അജിത് ശങ്കരനെ സമ്മാനാര്‍ഹനാക്കിയത് 2020 മെയ് 18ന് മലയാള മനോരമ നേര്‍ക്കാഴ്ച്ച പേജില്‍ കിണര്‍ സമ്മാനം എന്ന ശീര്‍ഷകത്തിലാണ് സമ്മാനാര്‍ഹമായ എസ്. എസ് ഹരിലാലിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്.

മംഗളം ദിനപത്രം ചീഫ് ന്യൂസ് എഡിറ്റര്‍ ഇ പി ഷാജുദ്ദീന്‍ അധ്യക്ഷനും കേരള മീഡിയ അക്കാദമി ഫോട്ടോ ജേണലിസം കോഴ്‌സ് കോര്‍ഡിനേറ്റര്‍ ലീന്‍ തോബിയാസ്, ദ് ഹിന്ദു മുന്‍ ചീഫ് ഫോട്ടോജേണലിസ്റ്റ് എസ്. ഗോപകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 2019 ജൂലൈ 1 മുതല്‍ 2020 ജൂണ്‍ 30 വരെ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച അതിജീവനം എന്ന പ്രമേയം ആസ്പദമായ 49 ചിത്രങ്ങളാണ് അവാര്‍ഡിനു പരിഗണിച്ചത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് കോട്ടയം പ്രസ്‌ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
Eng­lish sum­ma­ry: Vic­tor George memo­r­i­al award