Monday
24 Jun 2019

കിഫ്ബി വിജയം എതിരാളികള്‍ക്കുള്ള മറുപടി

By: Web Desk | Monday 8 April 2019 10:32 PM IST


കിഫ്ബിയുടെ മസാല ബോണ്ടുകളില്‍ വിദേശത്തുനിന്ന് വന്‍നിക്ഷേപം ലഭിച്ചതില്‍ വിളറിപൂണ്ടിരിക്കുകയാണ് പ്രതിപക്ഷം. വന്‍വിജയമായ കിഫ്ബിയുടെ മസാല ബോണ്ട് വില്‍പ്പനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവര്‍ത്തിച്ചുള്ള നുണപ്രചാരണത്തിനൊപ്പം യുവമോര്‍ച്ച ഉള്‍പ്പെടെ സംഘപരിവാര്‍ സംഘങ്ങളും ചേര്‍ന്നിരിക്കുന്നു.
കിഫ്ബി മസാലബോണ്ട് വില്‍പ്പനയിലൂടെ ഇതുവരെ 2150 കോടിയാണ് സമാഹരിച്ചത്. ലണ്ടന്‍, സിംഗപ്പൂര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴിയായിരുന്നു മസാല ബോണ്ടുകളുടെ വില്‍പ്പന. മാര്‍ച്ച് 26നാണ് വില്‍പ്പന തുടങ്ങിയത്. മൂന്നുദിവസങ്ങള്‍ കൊണ്ടാണ് 2150 കോടിയുടെ ബോണ്ടുകള്‍ വിറ്റുപോയത്.
ലോകത്തില്‍ ഏറ്റവുമധികം മസാല ബോണ്ടുകള്‍ വില്‍പ്പന നടക്കുന്നത് ലണ്ടന്‍ എക്‌സ്‌ചേഞ്ച് വഴിയാണ്.
കിഫ്ബിയുടേതുള്‍പ്പെടെ 51,000 കോടി രൂപയിലേറെ മൂല്യമുള്ള ബോണ്ടുകളാണ് ഇവിടെ ഇതുവരെ വില്‍പ്പന നടന്നത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഏറ്റവുംവലിയ രണ്ടാമത്തെ മസാല ബോണ്ട് ഇടപാടായിരുന്നു കിഫ്ബിയുടേത്.
ഇതോടെ വിദേശ വിപണിയില്‍ പ്രവേശിച്ച് കടപത്രം വഴി പണം സമാഹരിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമെന്ന നേട്ടമാണ് കേരളം കൈവരിച്ചത്. ഇത് കിഫ്ബിയുടെ വിശ്വാസ്യതയ്ക്കും പ്രവര്‍ത്തന മികവിനും ആഗോള നിക്ഷേപകര്‍ നല്‍കിയ അംഗീകാരം കൂടിയാകുന്നു. ഇതിലൂടെ കിഫ്ബി രാജ്യത്തെ ഏറ്റവും മികച്ച ഒരു സര്‍ക്കാര്‍ ഏജന്‍സിയായി വളര്‍ന്നിരിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളുടേയും നിക്ഷേപകരുടേയും അംഗീകാരമാണ് കിഫ്ബിക്ക് ലഭിച്ചിരിക്കുന്നത്.
ഈ ഇടപാട് ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കടമെടുത്തതിനേക്കാള്‍ കുറഞ്ഞ പലിശനിരക്കിലുമായിരുന്നു. നിക്ഷേപകരുടെ ആവശ്യം പരിഗണിച്ച് വീണ്ടും മസാല ബോണ്ട് വില്‍പ്പനയ്ക്ക് വയ്ക്കാന്‍ കിഫ്ബി തീരുമാനിച്ചിട്ടുണ്ട്. ഈയാഴ്ച 400 കോടിരൂപയുടെ ബോണ്ടുകളാണ് ലണ്ടന്‍, സിംഗപ്പൂര്‍ എക്‌സ്‌ചേഞ്ചുകള്‍ വഴി വില്‍ക്കുക.
മെയ് 17ന് ലണ്ടനില്‍ മസാല ബോണ്ടുകള്‍ പൊതുവിപണിയിലിറക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം ലഭിച്ചതും ശ്രദ്ധേയമാണ്. കിഫ്ബിക്കുള്ള അംഗീകാരത്തിനുപുറമേ കേരള വികസനത്തെ നുണപ്രചാരണങ്ങളിലൂടെ പിന്നോട്ടടിക്കാനും ഇല്ലാതാക്കാനും ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണിത്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഓഹരിവിപണികളില്‍ ഒന്നാണ് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്. കഴിഞ്ഞ ഏപ്രിലിലെ കണക്ക് പ്രകാരം നാലരലക്ഷം കോടി ഡോളറാണ് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ വിപണനമൂല്യം.
കേരളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിനായി ധനസമാഹരണം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രൂപംകൊടുത്ത ധനകാര്യസ്ഥാപനമാണ് കിഫ്ബി. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആക്റ്റ് പ്രകാരമായിരുന്നു കിഫ്ബിക്ക് രൂപംനല്‍കിയത്. സംസ്ഥാന റവന്യു ബജറ്റിന് പുറത്തുനിന്ന് ധനസമാഹരണം നടത്തുകയാണ് ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ ഭാവി വരുമാനത്തെ മുന്നില്‍ക്കണ്ട് ഇന്ന് വായ്പയെടുത്ത് ഇന്നുതന്നെ നല്ല റോഡും പാലവും സ്‌കൂളും ആശുപത്രിയും വ്യവസായ പശ്ചാത്തല സൗകര്യവും ഒരുക്കുക. അതിനുവേണ്ട പണം ബോണ്ടുകള്‍ തുടങ്ങിയിട്ടുള്ള പലതരം ഘടകങ്ങളിലൂടെ സമാഹരിക്കുക. ആഗോള നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യത്തിന്റെ സൗഭാഗ്യം തലമുറകള്‍ക്ക് ഇന്നേ ലഭ്യമാക്കുക. തുടങ്ങിയവയായിരുന്നു കിഫ്ബിയിലൂടെ ലക്ഷ്യമിട്ടിരുന്നത്.
കിഫ്ബി കടലാസിലെ മാത്രം സംവിധാനമാണെന്ന പ്രതിപക്ഷ നേതാക്കളുടെ ആക്ഷേപം നിലനില്‍ക്കെയാണ് കിഫ്ബി വലിയ നേട്ടം കൊയ്തിരിക്കുന്നത്. പ്രതിവര്‍ഷം 9.723 ശതമാനം പലിശനിരക്കിലാണ് ഈ ധനസമാഹരണം. ഇതുവരെയുള്ള മസാലബോണ്ടുകളില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കിഫ്ബിക്ക് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ നല്‍കിയ മികച്ച റേറ്റിംഗാണ് ഇതിന് വഴിയൊരുക്കിയത്.
കേരളത്തിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് ഈ തുക ഉപയോഗിക്കുക. കിഫ്ബി മുഖേന നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ധനസമാഹരണം നടത്താനുള്ള അവസരവും ഇതുവഴി ലഭിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. മസാല ബോണ്ടിന് പിന്നാലെ ഡയസ്‌പോറാ ബോണ്ട് വഴി ധനസമാഹരണത്തിനും വഴിയൊരുങ്ങിയിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ നിന്ന് പണം സമാഹരിക്കാനുള്ള കടപത്രമാണ് ഡയസ്‌പോറാ ബോണ്ട്. ഇന്ത്യയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ധനസമാഹരണം വേറെയും വരും.
ഭാവനാ സമ്പന്നമായ പദ്ധതികളിലൂടെയും നിശ്ചയദാര്‍ഢ്യം തുളുമ്പുന്ന ഇടപെടലിലൂടെയും സാധ്യമാകുന്ന നവകേരള നിര്‍മ്മിതിയില്‍ ജനങ്ങള്‍ ഇടതുസര്‍ക്കാരിനു പിന്നില്‍ അണിനിരക്കുകയാണ്. ഇത് പ്രകടവുമാണ.് പ്രതിപക്ഷത്തെയും പ്രതിലോമ ശക്തികളെയും നിര്‍ണ്ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ ഭയപ്പെടുത്തുന്നതും ജനങ്ങളുടെ ഇടത് അനുകൂല മനസ്സാണ്. പരിഹാരമായി അപവാദങ്ങളിലൂടെ തടയിടാനാകുമോ എന്നാണ് പരിശ്രമം. എന്നാല്‍ എത്ര വലിയ അപവാദപ്രചാരണങ്ങളെയും പുറംകാലുകൊണ്ട് തട്ടിയകറ്റി ഇടതുപക്ഷത്തെയും ഇടതുസര്‍ക്കാരിനെയും കേരള ജനത നെഞ്ചേറ്റുക തന്നെ ചെയ്യും.

Related News