Janayugom Online
LDF Janayugom

നാമജപവും ശരണമായില്ല; ജനമനസ് ഇടതുമുന്നണിക്കൊപ്പം

Web Desk
Posted on November 30, 2018, 11:22 pm

ഇടതുമുന്നണിക്ക് തിളക്കമാര്‍ന്ന വിജയം ബിജെപി സിറ്റിംഗ് സീറ്റ് സിപിഐ തിരിച്ചുപിടിച്ചു

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയമുയര്‍ത്തി തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പുകളില്‍ വിജയം നേടാനുള്ള ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും തന്ത്രങ്ങള്‍ പാളി. സംസ്ഥാനത്തെ 39 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 22 സീറ്റുകള്‍ നേടി. 39 സീറ്റുകളില്‍ ആറ് സീറ്റ് യുഡിഎഫില്‍ നിന്നും ഒരു സീറ്റ് ബിജെപിയില്‍ നിന്നും എല്‍ഡിഎഫ് തിരിച്ച് പിടിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വത്തിനും ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തിനും എതിരെ നേടിയ വിജയമാണിത്.
തൃശ്ശൂര്‍ ജില്ലയിലെ പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പള്ളം സീറ്റ് ബിജെപിയില്‍ നിന്ന് സിപിഐ പിടിച്ചെടുത്തു. കഴിഞ്ഞ തവണ 200ഓളം വോട്ടുകള്‍ക്ക് ബിജെപി ജയിച്ച സീറ്റിലാണ് സിപിഐയിലെ പി ജെ സിബി ഇക്കുറി 161 വോട്ടിന് വിജയിച്ചത്. എറണാകുളം ജില്ലയിലെ പറവൂര്‍ വാവാക്കാട് ബ്ലോക്ക് ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ രജിതാ ശങ്കര്‍ 821 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ശബരിമല വിഷയം ആളിക്കത്തിച്ച പത്തനംതിട്ട നഗരസഭ 13-ാം വാര്‍ഡില്‍ ബിജെപിക്ക് ലഭിച്ചത് ഏഴ് വോട്ട് മാത്രമാണ്. പന്തളത്ത് ലഭിച്ചത് 12 വോട്ട് മാത്രവും. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയില്‍ വോട്ട് കുറഞ്ഞത് ബിജെപിയെ തെല്ലൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്. ശബരിമലയുടെ മൂലസ്ഥാനമലങ്കരിക്കുന്ന പന്തളത്തുണ്ടായ പരാജയമാണ് ഏറെ ദയനീയം.
ബിജെപിയോടൊപ്പം ശബരിമല വിഷയത്തില്‍ സമരം നടത്തുന്ന കോണ്‍ഗ്രസില്‍ നിന്ന് ആലപ്പുഴ ജില്ലയില്‍ ബിജെപി രണ്ട് സീറ്റുകള്‍ പിടിച്ചെടുത്തു. എറണാകുളം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന അഞ്ചിടത്തും എല്‍ഡിഎഫ് വിജയിച്ചു. മൂന്ന് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തു. കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തി. ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കൈപ്പ വാര്‍ഡില്‍ സിപിഐ പിന്തുണയുള്ള സ്വതന്ത്രന്‍ പി കെ ശശി വിജയിയായി. ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫ് ഒരു സീറ്റ് നിലനിര്‍ത്തി. തിരുവനന്തപുരം ജില്ലയില്‍ ഒരു വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു.
എല്‍ഡിഎഫ് വിജയിച്ച വാര്‍ഡ് സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം എന്ന ക്രമത്തില്‍ തിരുവനന്തപുരം — അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് — 12 നെല്ലിമൂട് — ചന്ദ്രിക. എല്‍ — 91, ആലപ്പുഴ — അമ്പലപ്പുഴ തെക്ക് — 06 കരുമാടി പടിഞ്ഞാറ് — ജിത്തു കൃഷ്ണന്‍ — 176, എറണാകുളം — തൃപ്പുണ്ണിത്തുറ മുനിസിപ്പാലിറ്റി — 49.മാരംകുളങ്ങര — കെ ജെ ജോഷി — 450, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് — 22 ചെറിയാപ്പിള്ളി — ആശ സിന്തില്‍ — 32, വടക്കേക്കര — 09.മടപ്ലാത്തുരുത്ത് കിഴക്ക് — ടി എ ജോസ് — 181, എളങ്കുന്നപ്പുഴ — 22 പഞ്ചായത്ത് വാര്‍ഡ് — സമ്പത്ത് കുമാര്‍ വി കെ — 47, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് — 13 വാവക്കാട് — രജിതാ ശങ്കര്‍ — 821, തൃശൂര്‍ — ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി — 02.ബംഗ്ലാവ് — കെ എം കൃഷ്ണകുമാര്‍ — 85, കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് — 05.കോടത്തുംകുണ്ട് — കെ വി രാജന്‍ — 149, ചേലക്കര ഗ്രാമപഞ്ചായത്ത് — 02.വെങ്ങാനെല്ലൂര്‍ നോര്‍ത്ത് — ഗിരീഷ് (മണി) പറങ്ങോടത്ത് — 121, വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് — 14.യത്തീംഖാന — പി നിര്‍മ്മലാദേവി — 343, പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് — 02.പറപ്പൂക്കര പള്ളം — പി. ജെ. സിബി — 161, പാലക്കാട് — പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് — 21 കൊളക്കണ്ടാംപറ്റ — ഷിമല്‍കുമാര്‍ ടി എം — 614, തൃത്താല ബ്ലോക്ക് പഞ്ചായത്ത് — 10, കോതച്ചിറ — ഉഷ — 2373, മലപ്പുറം — വട്ടംകുളം ഗ്രാമപഞ്ചായത്ത് — 19 മേല്‍മുറി — കെ വി കുമാരന്‍ — 61, കോഴിക്കോട് — പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് — 04. പാലേരി — കിഴക്കയില്‍ ബാലന്‍ — 1192, കണ്ണൂര്‍ — പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് — 06.കോട്ടക്കുന്ന് — അഡ്വ. സുലേഖ ഷംസുദ്ദീന്‍ — 229, കണ്ണൂര്‍ — കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് — 13 വന്‍കുളത്ത് വയല്‍ — പി. പ്രസീത — 1717, കാസര്‍ഗോഡ് — ബേഡഡുക്ക ഗ്രാമപഞ്ചായത്ത് — 05.ബീമ്പുങ്കാല്‍ — സി എം വിജയകുമാര്‍ — 543, കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് — 05 ചെറിയാക്കര — പി ഇന്ദിര — 300.