October 6, 2022 Thursday

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ; ശാന്തിവിള ദിനേശിനെതിരെയും കേസ്

Janayugom Webdesk
തിരുവനന്തപുരം
September 27, 2020 10:05 pm

സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യുബിൽ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ ഡോ. വിജയ് പി നായർക്കെതിരെയും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സിനിമാസംവിധായകൻ കൂടിയായ ശാന്തിവിള ദിനേശിനെതിരെയും പൊലീസ് കേസെടുത്തു.
യൂട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് അപകീർത്തിപ്പെടുത്തിയതായി ഭാഗ്യലക്ഷ്മി സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയിരുന്നു. ഇതനുസരിച്ച് ഹൈടെക് സെൽ അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശാന്തിവിള ദിനേശിനെതിരെ മ്യൂസിയം പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വനിതകളുടെ പരാതിയില്‍ വിജയ് പി നായര്‍ക്കെതിരേ രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തു. ശ്രീലക്ഷ്മി അറയ്ക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 509 പ്രകാരവും, കെപി ആക്ട് സെക്ഷന്‍ 120 പ്രകാരവുമാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. പിന്നീട് വനിതകൾ നേരിട്ടെത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 354 പ്രകാരം തമ്പാനൂര്‍ പൊലീസും കേസെടുത്തു.

അതേസമയം വിജയ് പി നായര്‍ നല്‍കിയ പരാതിയില്‍ അതിക്രമിച്ച് കയറല്‍, മര്‍ദനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വനിതാസംഘത്തിനെതിരേയും കേസെടുത്തു. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം ഇവർ ഇയാൾ താമസിക്കുന്ന ഗാന്ധാരിയമ്മൻ കോവിൽ റോഡിലെ ലോഡ്ജിലെത്തി ഇയാൾക്ക് മേൽ കറുത്ത മഷി ഒഴിച്ച് പ്രതിഷേധിച്ചിരുന്നു.

താമസസ്ഥലത്ത് അതിക്രമിച്ചുകയറി ദേഹത്ത് കരി ഓയിൽ ഒഴിക്കുകയും ദേഹോപദ്രവം ഏൽപ്പിച്ച് തന്റെ ലാപ് ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചുപറിച്ചു കൊണ്ടുപോയതായിട്ടുമാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്. യൂട്യുബില്‍ ലൈംഗിക അധിക്ഷേപം നടത്തുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്ത വിജയ് പി നായര്‍ക്കെതിരേ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.

Eng­lish sum­ma­ry; Video abus­ing women; Case against Shan­thivi­la Dinesh

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.