മലയാളി വിദ്യാർഥിനി അറബിക് ഭാഷയിൽ പ്രതിജ്ഞചൊല്ലി; വിസ്‌മയത്തോടെ ദുബായ് പോലീസ്

Web Desk
Posted on March 23, 2019, 8:13 pm

ദുബായ്: അറബിക് ഭാഷയിൽ സത്യപ്രതിജ്ഞചൊല്ലി മലയാളി വിദ്യാർഥിനി ഞെട്ടിപ്പിച്ചത് ദുബായ് പൊലീസിനെയാണ്. അക്ഷരസ്ഫുടതയോടും ചടലതയോടെയുമാണ് മലയാളി വിദ്യാർത്ഥിനിയായ നിക്കോൾ പ്രതിജ്ഞ വാചകം ചൊല്ലിയത്.

ദുബായ് പൊലീസ് ജീവനക്കാരുടെ മക്കൾ പഠിക്കുന്ന കറാമയിലെ ഹിമായ സ്കൂൾസിൽ നടന്ന പരിശീലന പരിപാടിയുടെ സമാപന ചടങ്ങിലാണ് നിക്കോൾ ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി അടക്കമുള്ളവരെ വിസ്മയിപ്പിച്ചു പ്രതിജ്ഞ ചൊല്ലി കൈയ്യടി വാങ്ങിയത്.

ഇവിടുത്തെ വിദ്യാർഥിനി കൂടിയാണ് നിക്കോൾ.

ഹിമായ സ്കൂള്‍സിൽ നിന്ന് ലഭിച്ച പരിശീലനം തനിക്ക് വലിയ ആത്മവിശ്വാസം നൽകിയതായി നിക്കോൾ പറഞ്ഞു. ഒരു വ്യക്തിയിലേയ്ക്കുള്ള പ്രയാണത്തിന് ഇൗ മാർഗനിർദേശങ്ങൾ കരുത്തുപകർന്നു. താനൊരു പുതിയ വ്യക്തിയായി മാറിയെന്നും നിക്കോള്‍ പറഞ്ഞു. ഇതിന് അവസരമൊരുക്കിയ ഭരണാധികാരികൾക്കും ദുബായ് പൊലീസിനും നിക്കോളിന്റെ പിതാവ് നന്ദി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി(കെഎച്‍ഡിഎ) യുടെയും സഹകരണത്തോടെ ദുബായ് പൊലീസ് നടത്തുന്ന വിദ്യാലയമാണ് ഹിമായ സ്കൂൾസ്.