വിധിയും വിധികര്‍ത്താവും

Web Desk
Posted on July 14, 2019, 5:10 am

എ കെ അനില്‍കുമാര്‍

കുന്നിറങ്ങിവരുന്ന
പൊള്ളുന്ന വെയിലിന്റെ
മാറാപ്പില്‍
ആരോ
പണ്ടെങ്ങോ വഴിയിലുപേക്ഷിച്ച
നരച്ച സ്വപ്‌നത്തിന്റെ
വാടിക്കരിഞ്ഞ ഇലത്തണ്ടുകള്‍.

ഉണക്കമരത്തിന്റെ വരണ്ട ഞരമ്പുകളില്‍
ഒരുകിളി
കൊക്കുതല്ലി ചികയുന്നു
പണ്ടു പാടി മറന്ന ഗാനത്തിന്റെ
അവസാന വരിയുടെ തിരുശേഷിപ്പുകള്‍

ഉണങ്ങിയ പാടത്തിന്‍ മാറില്‍
ബോധമറ്റുകിടക്കുന്നു
നൂലുപൊട്ടി വീണുടഞ്ഞ
ആകാശത്തിന്റെ
ചതുരക്കഷണങ്ങള്‍

വെള്ളാരംകല്ലുകള്‍
തേടിനടന്ന കുട്ടിയുടെ
കൈവെള്ളയില്‍ നിന്നു
മാഞ്ഞു പോകുന്നു
പ്രതീക്ഷയറ്റ ഭാവിരേഖകള്‍

ജയത്തില്‍
പരാജിതനായി നിന്നു ചിരിക്കുന്ന
സ്വന്തം നിഴലില്‍ ചവിട്ടി
അകലേക്കു നടന്നു മറയുന്നു
വിധിയും വിധികര്‍ത്താവും