23 April 2024, Tuesday

വിധുബാലയ്ക്കൊപ്പം ഒരു ഓണം

രവി മേനോൻ
September 4, 2022 7:59 am

രോഷൻ ടാക്കീസിൽ നിന്ന് തിരുവോണ ദിവസം വൈകീട്ട് ‘കോളജ് ഗേൾ’ കണ്ട് അമ്മയ്ക്കും ചിന്നമ്മു വല്യമ്മയ്ക്കുമൊപ്പം വീട്ടിലേക്ക് തിരിച്ചുനടക്കവെ ഒരു ആത്മഗതം മൗനത്തിന്റെ അതിരുകൾ ലംഘിച്ച് പുറത്തുചാടുന്നു: ”ഇനിക്ക് ഈ സിനിമേലെ രാധേനെ ഭയങ്കര ഇഷ്ടായി ട്ടോ. നല്ല രസംണ്ട് കാണാൻ ആ ചിരീം ഡാൻസുമൊക്കെ. ചെറ്യേ കുട്ട്യോളെപ്പോലെ…”
‘സ്വകാര്യം’ വിചാരിച്ചതിലും കുറച്ചുറക്കെ ആയിപ്പോയതു കൊണ്ടാവണം, ഉടൻ വന്നു ഉരുളക്കുപ്പേരി പോലെ വല്യമ്മയുടെ പ്രതികരണം: ”ഓ, ഓന്റെ ഒരു ഇഷ്ടം. അത്രക്ക് ഇഷ്ടാച്ചാൽ ആയമ്മേനെ പോയി കല്യാണം കഴിച്ചോണ്ടു നീയ്യ്… ”
മുഖം പൊടുന്നനെ ലജ്ജ കൊണ്ട് തുടുക്കുന്നു. കല്യാണം എന്തോ ഒരു അരുതായ്കയാണ് എന്നാണ് അന്നത്തെ പതിനൊന്നു വയസ്സുകാരന്റെ ധാരണ. മാസങ്ങൾക്ക് മുൻപ് പൊന്നാനിയിലെ ഒരു ബന്ധുവീട്ടിൽ നടന്ന വിവാഹാഘോഷത്തിന്റെ ചിത്രം അപ്പോഴും ഉണ്ടായിരുന്നു അവന്റെ മനസിൽ. രാത്രിക്കല്യാണമാണ്. പെട്രോമാക്സും റാന്തലുമൊക്കെയായി കുറേപ്പേർ മുന്നിൽ നടക്കുന്നു. പിന്നാലെ നാണത്താൽ മുഖം കുനിച്ച് വധു. കണ്ണടക്കാരൻ വരൻ തൊട്ടരികെ. ചുറ്റുമുള്ള സ്ത്രീകൾ എന്തൊക്കെയോ പാരഡി പാട്ടുകൾ പാടി കൈകൊട്ടി കളിയാക്കുമ്പോൾ വധുവിന്റെ മുഖം ചുവന്നു തുടുക്കുന്നത് പെട്രോമാക്സിന്റെ വെളിച്ചത്തിൽ കാണാം.
എന്താണാവോ ഇത്ര കളിയാക്കാൻ? അത്ര മോശമാണോ ഈ കല്യാണം എന്ന ഏർപ്പാട്? പിടികിട്ടിയില്ല ആറാം ക്ലാസുകാരന്. ആ ഓർമ്മച്ചിത്രം ഉള്ളിൽ മങ്ങാതെ കിടന്നതുകൊണ്ടാവണം ചിന്നമ്മു വല്യമ്മയുടെ വാക്കുകൾക്ക് മുന്നിൽ തെല്ലൊന്നു ചൂളിയത്. ഉത്തരം മുട്ടി ഒന്നും മിണ്ടാതെ നടക്കവേ അതാ വരുന്നു വല്യമ്മയുടെ തുടർപ്പരിഹാസം: ”ഇനിപ്പോ ഓരോന്ന് ആലോചിച്ച് ണ്ടാക്കണ്ട നീയ്യ്. എന്ത് ഹൈറ്റാണ് വിധുബാലക്ക്. നീ വെറും കുറുഞ്ചാത്തൻ. ഒരു ചേർച്ചയും ഇല്യ ങ്ങള് തമ്മില്. ആളോള് കളിയാക്കും കാണുമ്പോ…”
ഇത്തവണ അമ്മയുടെ ചുണ്ടിലും പൊടിഞ്ഞു ഒരു ചെറുചിരി. കൂടെ ”ഏയ് ഓൻ കുറുഞ്ചാത്തനൊന്നും അല്ല, സ്വർണ്ണക്കട്ടയല്ലേ” എന്നൊരു ആശ്വാസവചനവും.
വിധുബാല. തെല്ലൊരു ബംഗാളി സ്പർശമുള്ള ആ പേര് മനസ്സിൽ തങ്ങിയത് അന്നാണ്.
ഞങ്ങൾ വയനാട്ടുകാരുടെ സ്വന്തം ഓലക്കൊട്ടാരമായ ചുണ്ടേൽ റോഷൻ ടാക്കീസിലെ ആ വർഷത്തെ തിരുവോണം റിലീസായിരുന്നു ഹരിഹരന്റെ സംവിധാനത്തിൽ പ്രേംനസീറും വിധുബാലയും മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ‘കോളേജ് ഗേൾ.’ പ്രധാന കേന്ദ്രങ്ങളിൽ ആഴ്ചകളോളം, ചിലപ്പോൾ മാസങ്ങളോളം ഓടിക്കഴിഞ്ഞേ പുതിയ മലയാള സിനിമകൾ വയനാടൻ ചുരം കയറിവരൂ. വന്നാൽത്തന്നെ കല്പറ്റ അനന്തപദ്മയിലാണ് ആദ്യം കളിക്കുക. കുറച്ചു കൂടി മുന്തിയ തിയേറ്ററാണത്. എന്നിട്ടേ ആ പടം ഞങ്ങളുടെ രോഷൻ ടാക്കീസിലെ തുന്നിക്കൂട്ടിയ വെള്ളിത്തിര തേടിവരൂ; അതും എം ജി ആറും ശിവാജി ഗണേശനും ജയശങ്കറും അവധിയെടുത്ത് നാട്ടിൽ പോയെങ്കിൽ മാത്രം.
പ്രേംനസീറിന്റെ പടമായതുകൊണ്ട് നല്ല തിരക്കുണ്ടായിരുന്നു മാറ്റിനിക്ക്. ബീഡിപ്പുകയും കള്ളിന്റേയും വാറ്റു ചാരായത്തിന്റെയും രൂക്ഷ ഗന്ധവും സഭ്യേതരമായ കമന്റുകളുമൊക്കെ ചേർന്ന് സൃഷ്ടിക്കുന്ന മനം മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ ഇരുന്ന് പടം കാണുക അത്ര സുഖകരമായ അനുഭവമായിരുന്നില്ല അമ്മയ്ക്കും വല്യമ്മക്കും. പ്രേംനസീറിനോടുള്ള ആരാധനയാണ് അമ്മയെ കസേരയിൽ തളച്ചിട്ടതെങ്കിൽ (ഓണത്തിനൊരു നസീർ സിനിമ പതിവായിരുന്നു അമ്മയ്ക്ക്), വല്യമ്മയെ ആകർഷിച്ചത് നല്ല പാട്ടുകളായിരുന്നു. പ്രത്യേകിച്ച് യേശുദാസ് പാടിയ ”ചന്ദനക്കുറിയിട്ട ചന്ദ്രലേഖേ നിന്നെ ചന്ദനപ്പല്ലക്കിൽ ഏറ്റിടട്ടെ…”
സുന്ദരനും എന്നും നീതിക്ക് വേണ്ടി നിലകൊള്ളുന്നവനുമായ നസീറിന്റെ രൂപഭാവങ്ങളും സ്റ്റണ്ടും എനിക്കും പെരുത്ത് ഇഷ്ടം; യേശുദാസിന്റെ പാട്ടുകളും. പക്ഷേ അന്നെന്റെ മനം കവർന്നത് അവയൊന്നുമല്ല; വിധുബാലയുടെ കുസൃതിക്കാരിയായ രാധ എന്ന കോളജ് കുമാരിയാണ്. ആദ്യമായി കാണുകയായിരുന്നിരിക്കണം വിധുബാലയെ നായികയുടെ റോളിൽ.
അടുത്ത ഓണത്തിനും കണ്ടു വിധുബാലയെ; ഇത്തവണ ശശികുമാർ സംവിധാനം ചെയ്ത ‘സിന്ധു‘വിൽ. മധുവിനൊപ്പം ”ചന്ദ്രോദയം കണ്ടു കൈകൂപ്പി നിൽക്കും സിന്ദൂര മണി പുഷ്പം നീ…” എന്ന് പ്രണയപരവശയായി പാടുന്ന വിധുബാലയോട് സ്നേഹം കൂടിവന്നതേയുള്ളൂ. പ്രേക്ഷകരുടെ ഇഷ്ട ജോഡിയായിരുന്നല്ലോ ‘മധു–വിധു’ അക്കാലത്ത്. 

തുടർന്ന് വിഷുക്കണി, പ്രവാഹം, ഞാവൽപ്പഴങ്ങൾ, ഓർമ്മകൾ മരിക്കുമോ, ശംഖുപുഷ്പം, സരിത, ഇതാ ഇവിടെ വരെ തുടങ്ങി നിരവധി ചിത്രങ്ങൾ. വിഷുക്കണി കണ്ടിറങ്ങിയപ്പോൾ തിരൂർ ചിത്രസാഗർ തിയേറ്ററിൽ നിന്ന് കൂടെപ്പോന്നത് വിധുബാല മാത്രമല്ല ജാനകിയമ്മയുടെ ”മലർക്കൊടി പോലെ” എന്ന പാട്ടുകൂടിയാണ്. വിധുബാലയോടുള്ള ഇഷ്ടത്തിന് പിന്നിൽ വെള്ളിത്തിരയിൽ അവർ പ്രത്യക്ഷപ്പെട്ട ഗാനരംഗങ്ങളോടുള്ള പ്രണയം കൂടി ഉണ്ടായിരുന്നിരിക്കണം: ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി (കാത്തിരുന്ന നിമിഷം), പാതിരാത്തണുപ്പ് വീണു (ഭൂമിദേവി പുഷ്പിണിയായി), വൃശ്ചികപ്പെണ്ണേ വേളിപ്പെണ്ണേ (തോമാശ്ലീഹ), സീമന്തരേഖയിൽ (ആശീർവാദം), മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു (പ്രവാഹം), ചന്ദ്രമദത്തിന്റെ ഗന്ധമാദനത്തിലെ (ഓർമ്മകൾ മരിക്കുമോ), വെണ്ണയോ വെണ്ണിലാവുറഞ്ഞതോ (ഇതാ ഇവിടെ വരെ), കറുകറുത്തൊരു പെണ്ണാണ് (ഞാവൽപ്പഴങ്ങൾ), വിലാസലോലുപയായി (ശ്രീമദ് ഭഗവദ് ഗീത)… എല്ലാം പ്രിയഗാനങ്ങൾ.
പിന്നെയെപ്പൊഴോ വിധുബാല സിനിമയിൽ നിന്ന് മറഞ്ഞു. വിവാഹത്തിന് പിന്നാലെ സ്വയം തിരഞ്ഞെടുത്ത അജ്ഞാതവാസം. പിന്നീടൊരോണത്തിനും വിധുബാലയുടെ വരവുണ്ടായില്ല. കാലം വല്ലാതെ മാറിപ്പോയിരുന്നു അപ്പോഴേക്കും; ഓണവും.
നീണ്ട ഇടവേളക്ക് ശേഷം മിനിസ്ക്രീനിൽ തെല്ലും നിനച്ചിരിക്കാതെ ഒരു നാൾ ഇഷ്ടനായികയുടെ മുഖം തെളിഞ്ഞുകണ്ടപ്പോൾ സ്വാഭാവികമായും സന്തോഷം തോന്നി. മാഞ്ഞുപോയെന്ന് കരുതിയിരുന്ന പഴയൊരു കാലം കണ്മുന്നിൽ പുനർജ്ജനിച്ചപോലെ. ജനപ്രിയ ടെലിവിഷൻ ഷോയുടെ അവതാരകയായിട്ടായിരുന്നു രണ്ടാം വരവ്.
ആയിടക്കൊരിക്കൽ ‘ചക്കരപ്പന്തൽ’ എന്ന ടിവി സംഗീത പരിപാടിയിലെ അതിഥിയായി ഗാനങ്ങൾ അവതരിപ്പിക്കാൻ ക്യാമറക്ക് മുന്നിൽ വന്നിരുന്നപ്പോൾ ”മുത്തിയമ്മ പോലെ വന്ന് പുലിയെപ്പോലെ ചീറിനിന്ന പ്രിൻസിപ്പാളേ” എന്ന് പാടി കൂട്ടുകാർക്കൊപ്പം ചുവടുവെക്കുന്ന പഴയ കോളജ് ഗേളിനെ വിധുബാലയിൽ തിരയുകയായിരുന്നു ഞാൻ; വെറുതെ ഒരു കൗതുകത്തിന്. വർഷങ്ങൾക്കപ്പുറത്തു നിന്ന് ചിന്നമ്മു വല്യമ്മയുടെ ശബ്ദം വീണ്ടും കാതിൽ ഒഴുകിയെത്തിയ പോലെ: ”അത്രക്ക് ഇഷ്ടാച്ചാൽ ആയമ്മേനെ പോയി കല്യാണം കഴിച്ചോണ്ടു നീയ്യ്…” പരിസരം മറന്നു ചിരിച്ചുപോയി അപ്പോൾ; ഞാനല്ല, എന്നിലെ ആറാം ക്ലാസ്സുകാരൻ. വിധുബാല എന്ത് വിചാരിച്ചു കാണും ആവോ.
ചിന്നമ്മു വല്യമ്മ പോയി; പിന്നാലെ അമ്മയും. ചുണ്ടേൽ റോഷൻ ടാക്കീസ് ഇന്ന് ഓർമ്മ മാത്രം. കഴിഞ്ഞ ഓണക്കാലത്ത് ആ വഴി പോയപ്പോൾ കാർ നിർത്തി പുറത്തിറങ്ങി കുറച്ചു നേരം വെറുതെ കാതോർത്തുനിന്നു റോഡരികിൽ. ഇവിടെ ഈ മണ്ണിൽ എങ്ങോ പുതഞ്ഞുകിടപ്പുണ്ടല്ലോ ആ പഴയ കുറുഞ്ചാത്തന്റെ ഏറ്റവും പ്രിയപ്പെട്ട ഓണക്കാല ഓർമ്മകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.