പി ജി രവികുമാര്‍

December 10, 2019, 8:45 pm

വിദ്യ മടങ്ങിയത് മരണത്തിലേയ്ക്ക്; ‌ഞെട്ടല്‍ മാറാതെ അമ്മ സുന്ദരമ്മാള്‍

Janayugom Online

ചേർത്തല: മകള്‍ വിദ്യ മടങ്ങിയത് മരണത്തിലേയ്ക്കാണെന്ന് ഒരിക്കലും സുന്ദരമ്മാള്‍ അറിഞ്ഞിരുന്നില്ല. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ആഗസ്റ്റിൽ മകളുടെ വിവാഹ തലേന്ന് വിദ്യ സ്വന്തം വീട്ടിൽ എത്തുന്നതെന്ന് മാതാവ് സുന്ദരമ്മൾ ഓര്‍ക്കുന്നു. മകളുടെ മരണവാര്‍ത്ത അറിഞ്ഞ ഞെട്ടലിലാണ് സുന്ദരമ്മാള്‍. ഭര്‍ത്താവ് പ്രേംകുമാറും കാമുകി സുനിതയും തമ്മില്‍ ദൃശ്യം സിനിമയുടെ മോഡലിലാണ് കഞ്ഞിക്കുഴി പഞ്ചായത്ത് പുത്തനമ്പലം പോലേച്ചിറയിൽ (പുതിയാപറമ്പിൽ) പരേതനായ തമ്പിയുടെയും സുന്ദരമ്മാളിന്റെയും മകളായ വിദ്യയെ കൊലപ്പെടുത്തിയത്.

28 വർഷം മുമ്പ് വിദ്യാ ചേർത്തല സ്വദേശിയായ യുവാവുമായി വിവാഹം ചെയ്തിരുന്നു. അതിൽ രണ്ട് മക്കളുണ്ട്. ഒരാണും ഒരുപെണ്ണും. മുത്ത മകൻ ദീപക് വിദേശത്താണ്. ഇള മകൾ പൗർണമി ആയുർവേദ ഡോക്ടറാണ്. കുട്ടികളുടെ ചെറുപ്രായത്തിൽ തന്നെ വിദ്യ ചേർത്തല സ്വദേശിയുമായി വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം 16 വർഷങ്ങൾക്ക് മുമ്പാണ് ചങ്ങനാശേരി സ്വദേശിയായ പ്രേംകുമാറുമായി വിവാഹം കഴിക്കുന്നത്. അതിന് ശേഷം കുടുംബവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. വിവാഹ ശേഷം വിദ്യയുടെ മകളായ പൗർണമിയെ പോറ്റി വളത്തിയതും പഠിപ്പിച്ച് ആയുർവേദ ഡോക്ടറാക്കിയതും അമ്മുമ്മയായ സുന്ദരമ്മാളാണ്. ആഗസ്റ്റ് 25നായിരുന്നു മകളുടെ വിവാഹം.

ചടങ്ങിൽ പങ്കെടുക്കാൻ ഭർത്താവ് പ്രേംകുമാറും മക്കളുമൊത്താണ് വിദ്യ എത്തിയത്. വിവാഹത്തിന് ക്ഷണിച്ചില്ലെന്ന കാരണം പറഞ്ഞ് ഇയാൾ തലേന്ന് ബന്ധക്കളുമായി കശപിശ ഉണ്ടാക്കി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിൽ ഇവർ പങ്കെടുത്തിരുന്നു. പിന്നിട് കല്യാണം ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം പരിഹരിക്കുന്നതിനായി ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തിയെങ്കിലും പൂർത്തിയാക്കാതെ പ്രേംകുമാർ വിദ്യയെയും കൂട്ടി പോകുകയായിരുന്നെന്നും പിന്നീട് ഉദയംപേരുരിലെ വാടക വീട്ടിൽ അന്വേഷിച്ചെത്തിയെങ്കിലും വീട് അടച്ചു പൂട്ടിയ നിലയിലായിരുന്നു.

തുടർന്ന് ഇവരെ കുറിച്ച് യാതൊരു വിവരവും അറിയില്ലെന്നും മൂന്നു ദിവസം മുമ്പ് പൊലീസ് അറിയിച്ചതനുസരിച്ച് ഉദയം പേരൂരിലെത്തിയതോടയാണ് വിവരങ്ങൾ അറിഞ്ഞതെന്ന് സുന്ദരാമ്മാൾ പറഞ്ഞു. വിവാഹ ചടങ്ങിൽ രക്ഷിതാക്കളെ പങ്കെടുപ്പിക്കണമെന്ന ആവശ്യം ഉയർന്നതോടെയാണ് വിദ്യയെ ക്ഷണിച്ചതെന്നും വിദ്യയുടെ മടക്കം മരണത്തിലേക്കാണന്ന കാര്യം അറിഞ്ഞില്ലെന്നും വിദ്യയുടെ മാതാവ് സുന്ദരന്മാൾ പറയുന്നത്.