ജനിതക പരിശോധനയുമായി വീറൂട്ട്‌സ് വെല്‍നസ് സൊല്യൂഷന്‍സ്

Web Desk
Posted on March 21, 2019, 3:52 pm

കൊച്ചി: ഒരു വ്യക്തിക്ക് ജനിതകമായി വരാവുന്ന രോഗങ്ങള്‍ കണ്ടെത്താനും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും സഹായകമാകുന്ന വീജിനോമിക്‌സ് എന്ന ജനിതക പരിശോധനയുമായി ബംഗലൂരു ആസ്ഥാനമായ വീറൂട്ട്‌സ് വെല്‍നസ് സൊല്യൂഷന്‍സ് കേരളത്തില്‍. പാശ്ചാത്യ രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള ജനിതക പരിശോധന ഇതാദ്യമായാണ് കേരളത്തില്‍ അവതരിപ്പിക്കുന്നത്.

ഒരു വ്യക്തിയില്‍ ജനിതകമായി കൈമാറപ്പെടാന്‍ ഇടയുള്ള രോഗങ്ങളെ കണ്ടെത്താനുള്ള ജീന്‍ ടെസ്റ്റ് നടത്തുന്നതിന് വീറൂട്ട്‌സ് പ്രൊമോട്ട് ചെയ്യുന്ന ബ്രാന്‍ഡാണ് വീജിനോമിക്‌സ്. മാതാപിതാക്കളില്‍ നിന്നും പാരമ്പര്യമായി ലഭിക്കുന്ന ചില പ്രത്യേക ജനിതക വ്യതിയാനങ്ങളെ തുടര്‍ന്നാണ് ജനിതക വൈകല്യങ്ങള്‍ കൈമാറപ്പെടുന്നത്. ഒരേ കുടുംബത്തില്‍ തന്നെ ജനിതക വ്യതിയാനമുള്ള ചിലര്‍ക്ക് രോഗം പിടിപെടുമ്പോള്‍ മറ്റു ചിലര്‍ക്ക് രോഗം പിടിപെടുകയേയില്ല. മിക്ക ജീനുകളിലെയും വ്യതിയാനങ്ങള്‍, ഓരോന്നും ചെറിയ പ്രഭാവത്തോടെയാണെങ്കിലും കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി, മാനസിക രോഗം ഉള്‍പ്പെടെയുള്ള സാധാരണ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്നതാകാം. ജനിതകമായി രോഗം വരാന്‍ സാധ്യതയുള്ള വ്യക്തികളില്‍ ജനിതക വ്യതിയാനത്തിന് പുറമേ രോഗം വരാനുള്ള സാധ്യത മറ്റനേകം ഘടകങ്ങളെ ആശ്രയിച്ചാകാമെന്ന് വീറൂട്ട്‌സ് ജനിറ്റിക്‌സ് വിഭാഗം മേധാവി ഡോ. അനുരാധ ഉടുമുടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.. ജനിതക സ്വഭാവത്തില്‍ മാറ്റം വരുത്താനാകില്ലെങ്കിലും ജനിതകമായി രോഗം വരാനിടയുള്ള ആളുകളില്‍ ചില ജീവിതശൈലി, പാരിസ്ഥിതിക നവീകരണത്തിലൂടെ രോഗസാധ്യത കുറയ്ക്കാനാകുമെന്നും ഡോ. അനുരാധ പറഞ്ഞു. വീജിനോമിക്‌സ് ടെസ്റ്റിന് ഉമിനീര്‍ സാമ്പിള്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നതെന്ന് വീറൂട്ട്‌സ് അധികൃതര്‍ പറഞ്ഞു.

രാജ്യത്തെ ഏറ്റവും മികച്ച ജനിറ്റിക് ലാബായ ഹൈദരാബാദ് ആസ്ഥാനമായുള്ള ജീന്‍ടെക്കുമായി സഹകരിച്ച് ലഭ്യമാക്കുന്ന വീജിനോമിക്‌സ് ടെസ്റ്റ് എല്ലാ പ്രായത്തിലുമുള്ളവര്‍ക്കായി രൂപകല്‍പന ചെയ്തിട്ടുള്ളതാണെന്നും വീറൂട്ട്‌സ് അധികൃതര്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ആദിത്യ നാരായണന്‍, ശ്രീനിവാസ് എന്നിവരും പങ്കെടുത്തു.