December 2, 2022 Friday

ചരിത്രത്തെ അഗാധമാക്കിയ ഹോ!..

ഹാരിസ് ടി എം
April 3, 2022 6:32 am

ഗ്രാനൈറ്റിൽ പണിതീർത്ത ഈ നിർമ്മിതി നാട്ടുകാർക്ക് വെറുമൊരു കെട്ടിടമല്ല, തങ്ങളുടെ മനസ്സിൽ എന്നെന്നും ജീവിച്ചിരിക്കുന്ന പ്രിയനേതാവിന്റെ സ്മൃതികൾ ജ്വലിച്ചുനിൽക്കുന്ന ഒരു പാവനഗേഹമാണ്. രാഷ്ട്രീയനേതാവും വിപ്ലവകാരിയും മാത്രമായിരുന്നില്ല ഹോ, അന്നാട്ടിൽ ഏറ്റവും ആദരിക്കപ്പെടുന്ന രാഷ്ട്രബിംബവും ദേശീയനായകനുമാണ്.
വിയറ്റ്നാം സഞ്ചാരദിനങ്ങളിലൊന്നിൽ ഞങ്ങൾ ഹാനോയിലെ ഹോ ചി മിൻ മൊസോളിയത്തിനു മുന്നിലെത്തി. ബാദിൻ സ്ക്വയറിലാണ് വിയറ്റ്നാമിന്റെ രാഷ്ട്രപിതാവായ ഹോ ചി മിന്റെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നത്. ഫ്രഞ്ച് കൊളോണിയൽ കാലത്തെ ഭരണസിരാകേന്ദ്രം. ഫ്രഞ്ച് നിർമ്മിതികൾ ഇവിടെ ധാരാളമായി കാണാം. ‘ആഗസ്ത് വിപ്ലവ’ത്തിൽ ഫ്രഞ്ചുകാരെ തൂത്തെറിഞ്ഞശേഷം ഈ പ്രദേശത്തിന് ഹോ ചി മിൻ നൽകിയ പേരാണ് ‘ബാ ദിൻ സ്ക്വയർ’ 1945 സെപ്തംബർ രണ്ടിന് വിയറ്റ്നാമിൻറെ സ്വാതന്ത്ര്യ പ്രഖാപനം നടത്തിയത് ഇവിടെ വെച്ചായിരുന്നു.
വെളുത്ത യൂണിഫോമണിഞ്ഞ ഭടന്മാർ സദാസമയവും പുറത്ത് കാവലുണ്ട്. മിനിസ്കർട്ടോ ഷോർട്ട്സോ ധരിച്ച് അകത്തുപ്രവേശിക്കാനാവില്ല. ഫോട്ടോഗ്രഫി അനുവദിക്കില്ല. നിശ്ശബ്ദതപാലിച്ച്, ആദരപൂർവ്വം ഉള്ളിലേക്കു കടക്കാം.
തന്റെ മരണാനന്തരച്ചടങ്ങുകൾ വളരെ ലളിതമാവണന്നാണ് ഹോ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. എന്നാൽ, ജീവിച്ചിരിക്കുമ്പോൾ എക്കാലത്തും തങ്ങളുടെ പ്രിയനേതാവിന്റെ ആജ്ഞകൾ അനുസരിച്ചിരുന്നവർ, സ്നേഹാധിക്യത്താൽ അദ്ദേഹത്തിന് സമുചിതമായ യാത്രയയപ്പ് നൽകി, മഹത്തായ സ്മാരകം പണിതുയർത്തി.
നാട്ടുകാർ സ്നേഹത്തോടെ ‘ഹോ അമ്മാവൻ’ എന്നുവിളിക്കുന്ന ഹോ ചി മിന്റെ അന്ത്യവിശ്രമസ്ഥാനം തേടിയാണ് ഹാനോയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നത്. മോസ്കോയിലെ റെഡ് സ്ക്വയറിലുള്ള ലെനിൻ മോസോളിയത്തിന്റെ മാതൃകയിലാണ് ഇതിന്റെ നിർമ്മാണം. മൃതശരീരം എംബാം ചെയ്യുന്നതിനും മോസോളിയം നിർമ്മിക്കുന്നതിനും സോവിയറ്റ് സഹായം ഉണ്ടായി. തങ്ങളുടെ സ്നേഹാദരങ്ങൾ പ്രകടിപ്പിക്കാൻ വിയറ്റ്നാമിന്റെ ഓരോ പ്രവിശ്യയിൽനിന്നുള്ളവരും എന്തെങ്കിലുമൊക്കെ വസ്തുക്കൾ സ്മാരകസൗധ നിർമ്മാണത്തിനായി എത്തിച്ചുനൽകി. ഗറില്ലായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന കാക്കി വസ്ത്രവും റബ്ബർ ചെരുപ്പുമിട്ടാണ് ഹോയുടെ അന്ത്യവിശ്രമം. സ്മൃതികുടീരത്തിനകത്ത് സ്വർണ്ണലിപികളിൽ ഹോ ചി മിന്റെ വാക്കുകൾ വെട്ടിത്തിളങ്ങുന്നു.
”Noth­ing is More Pre­cious than Free­dom And Indipenence”
ഗ്രാനൈറ്റിൽ പണിതീർത്ത ഈ നിർമ്മിതി നാട്ടുകാർക്ക് വെറുമൊരു കെട്ടിടമല്ല, തങ്ങളുടെ മനസ്സിൽ എന്നെന്നും ജീവിച്ചിരിക്കുന്ന പ്രിയനേതാവിന്റെ സ്മൃതികൾ ജ്വലിച്ചുനിൽക്കുന്ന ഒരു പാവനഗേഹമാണ്. രാഷ്ട്രീയനേതാവും വിപ്ലവകാരിയും മാത്രമായിരുന്നില്ല ഹോ; അന്നാട്ടിൽ ഏറ്റവും ആദരിക്കപ്പെടുന്ന രാഷ്ട്രബിംബവും ദേശീയനായകനുമാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിയറ്റ്നാമിൽ ഉച്ചത്തിലുയർന്നുവന്ന സ്വാതന്ത്ര്യത്തിന്റെ ശബ്ദം ഹോ ചി മിന്റെതായിരുന്നു. പ്രോജ്വലമായ ഒരു സമരേതിഹാസ നായകൻ. സാമ്രാജ്യത്വത്തിനതിരെ വിയറ്റ്നാം ജനത നടത്തിയ വീറുറ്റപോരിലെ വിജയാസൂത്രകൻ. ദേശാരാധകനും പ്രകൃതിസ്നേഹിയും കവിയും തത്ത്വജ്ഞാനിയും യുദ്ധതന്ത്രശാലിയും ധീരവിപ്ലവകാരിയുമായിരുന്ന ഹോ ലോകത്തിന്റെ നെറുകയിൽ സ്ഥാനം നേടി. എംബാം ചെയ്ത വെറുമൊരു മൃതദേഹമല്ല, മറിച്ച്, സ്വതന്ത്രവായു ശ്വസിക്കാൻ അവസരമൊരുക്കിയ മഹാനുഭാവന്റെ മരിക്കാത്ത കണ്ണുകളും തുടിക്കുന്ന ഹൃദയവുമാണ് അന്നാട്ടുകാർ മോസോളിയത്തിൽ ദർശിക്കുന്നത്.
1945ൽ വടക്കൻ വിയറ്റ്നാമിന്റെ പ്രസിഡണ്ടായ ഹോ ചി മിൻ പത്തുവർഷക്കാലം പ്രധാനമന്ത്രി സ്ഥാനവും വഹിച്ചു. 1954 മുതൽ മരിക്കുന്നതുവരെയും രാഷ്ട്രത്തിന്റെ പ്രസിഡണ്ട് പദവിയിൽ തുടർന്നു. അമേരിക്കയ്ക്കെതിരെ വീഴാതെ പോരാടിക്കൊണ്ടിരിക്കെ, 1969 സെപ്തംബർ രണ്ടിനാണ് ഹോ ചി മിൻ മരണത്തിന് കീഴടങ്ങുന്നത്, എഴുപത്തിഒമ്പത് വയസ്സുള്ളപ്പോൾ. അമേരിക്കയെന്ന ലോകസാമ്രാജ്യത്വ വൻശക്തി ഈ ചെറിയ മനുഷ്യനുമുമ്പിലാണ് ആദ്യമായി തോൽവിയുടെ കയ്പ്പറിഞ്ഞത്.

വളരെ എളിയനിലയിൽ ഒരു കപ്പലിലെ പാചക്കാരനായി ജീവിതം തുടങ്ങിയ ഹോ ചി മിൻ കമ്മ്യൂണിസം പഠിച്ച്, വായനയിലൂടെയും പഠനത്തിലൂടെയും യാത്രകളിലൂടെയും രാഷ്ട്രമീമാംസയിൽ വിജ്ഞാനം നേടി വളർന്നുവന്ന ലോകനേതാവാണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള, മൂന്ന് പതിറ്റാണ്ടുകാലം വിയറ്റ്നാം ദേശീയപ്രക്ഷോഭത്തിന്റെ നായകത്വം വഹിച്ച നേതാവ്.
1890 May 19ന്, ഫ്രഞ്ച് ഇന്തോ-ചൈനയുടെ ഭാഗമായിരുന്ന മദ്ധ്യവിയറ്റ്നാമിലെ നാംദാൻ ജില്ലയിലെ കിം ലിൻ ഗ്രാമത്തിലാണ് ഹോയുടെ ജനനം. തിരസ്കൃതമായ ബാല്യത്തിലും പോരാട്ട വീര്യമുണ്ടായിരുന്ന ഹോ, ഫ്രഞ്ച് പാവഭരണത്തിന്റെ തലവനായ ബാവോ ദായി രാജാവിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ നാഷണൽ അക്കാദമിയിൽനിന്ന് പുറത്താക്കപ്പെട്ടു. 14–18 വയസ്സിനിടയിൽ ഹ്യുവിലെ ഗ്രാമർ സ്കൂളിൽ പഠനം. 1911ൽ ഒരു ഫ്രഞ്ച് കപ്പലിൽ പാചക സഹായിയായി ചേർന്നു. മൂന്നുവർഷക്കാലം കപ്പൽ ജോലിക്കാരനെന്നനിലയിൽ പല ആഫ്രിക്കൻ, അമേരിക്കൻ, ബ്രിട്ടീഷ് നഗരങ്ങളിലെ തുറമുഖങ്ങൾ സന്ദർശിച്ചു. 1915–17 കാലത്ത് ലണ്ടനിൽ താമസിച്ചശേഷമാണ് ഫ്രാൻസിലെത്തുന്നത്. തോട്ടക്കാരനായും തൂപ്പുകാരനായും ഹോട്ടൽ ജോലിക്കാരനായും പല പല വേഷങ്ങൾ.
1919ൽ ഫ്രാൻസിലുള്ള വിയറ്റ്നാംകാരെ ഒരുമിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ മുഴുകി. ഫ്രഞ്ച് അധീനപ്രദേശമായിരുന്ന വിയറ്റ്നാമിലെ പൗരന്മാരായ തങ്ങൾക്ക് ഫ്രഞ്ചുകാരുടേതിന് തുല്യമായ അവകാശങ്ങൾ വേണമെന്ന് ഹൊ വാദിച്ചു. റഷ്യയിലെ ബോൾഷെവിക് വിപ്ലവത്തിൽ ആകൃഷ്ടനായ അദ്ദേഹം 1920ൽ ഫ്രാൻസിലെ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1917–23 കാലത്തെ ഫ്രഞ്ച് ജീവിതത്തിനിടെ സോഷ്യലിസ്റ്റ് ആശയങ്ങളുമായി ഹോ കൂടുതൽ ഇഴുകിച്ചേർന്നു.
1920 മുതൽ ഹോ ചി മിന്റെ രാഷ്ട്രീയവളർച്ചയുടെ കാലമായിരുന്നു. ഫ്രാൻസിലും സോവിയറ്റ് യൂണിയനിലും യൂറോപ്പിലും ചൈനയിലും നിരവധിവട്ടം അദ്ദേഹം സന്ദർശനം നടത്തി. 1930ൽ വിയറ്റ്നാമിൽ തിരിച്ചെത്തി ഇന്തോ-ചൈന കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചു. 1935ൽ വീണ്ടും മോസ്കോയിൽ പോയി. 1936ൽ കോളനി വിരുദ്ധ — ഫാഷിസ്റ്റ് വിരുദ്ധ മുന്നണിയുണ്ടാക്കി.
രണ്ടാം ലോകയുദ്ധത്തിനിടെ, 1940 മെയ് മാസത്തിൽ, ജർമ്മനി ഫ്രാൻസിനെ തോൽപ്പിച്ചതോടെ ഹോ വിയറ്റ്നാം ദേശീയ പ്രസ്ഥാനത്തിന്റെ വിജയം സ്വപ്നം കണ്ടുതുടങ്ങി. 1941ൽ തന്റെ സഹചരൻമാരായ വോ ഗ്യുയെൻ ഗിയപ്പിനും ഫാം വാൻ ഡോങ്ങിനുമൊപ്പം വീണ്ടും സ്വദേശത്ത് തിരിച്ചെത്തിയ അദ്ദേഹം മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പുതിയൊരു ഐക്യമുന്നണി – വിയറ്റ് മിൻ — രൂപീകരിച്ചു. ആ വർഷം തന്നെ ഹോ ചി മിൻ എന്ന പേർ സ്വീകരിച്ചു (പ്രകാശം ചൊരിയുന്നവൻ എന്ന് അർത്ഥം).
സ്വാതന്ത്യപ്പോരാട്ടങ്ങൾക്ക് ചൈനയുടെ സഹായം തേടിയെത്തിയ ഹോയെ ചിയാങ് കൈഷക്കിന്റെ ഭരണകൂടം ചാരനെന്നു മുദ്രകുത്തി അറസ്റ്റ്ചെയ്തു. പതിനെട്ടുമാസത്തിനിടയിൽ അദ്ദേഹം മുപ്പതുതവണ ജയിൽ മാറ്റപ്പെട്ടുവത്രേ! ചൈനയിലെ പലപല തടവറകളിൽ വാസം. ആ തടവുകാലത്താണ് ‘നോട്ട് ബുക്ക് ഫ്രം പ്രിസൺ’ എന്ന കവിതകളുടെ പുസ്തകം ഹോ ചി മിൻ എഴുതുന്നത്. ക്ളാസിക് ചൈനീസ് ഭാഷയിൽ എഴുതിയ ആ സമാഹാരത്തിലെ ഓരോ കൊച്ചുകവിതയും ജയിലിനകത്തെ ദുരിതപർവ്വങ്ങൾ ഒന്നൊന്നായി വിവരിക്കുന്നവയും, അതോടൊപ്പം പ്രതീക്ഷയും വിപ്ളവാഹ്വാനവും നിറഞ്ഞുതുളുമ്പുന്നവയുമായിരുന്നു എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.