19 April 2024, Friday

വിയറ്റ്നാമിന് പുതിയ പ്രസിഡന്റ്

സി ആദികേശവന്‍
March 6, 2023 4:30 am

വിയറ്റ്നാമിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാം (സിപിവി) പുതിയ പേര് നിർദേശിച്ചിരിക്കുകയാണ്. മാർച്ച് ഒന്നിന് ചേർന്ന സിപിവിയുടെ 13-ാം കേന്ദ്ര കമ്മിറ്റിയുടെ അസാധാരണ യോഗത്തിലാണ് നിർദേശമുണ്ടായത്. അഴിമതിയോട് ഒരു തരത്തിലും സന്ധി ചെയ്യില്ലെന്നാണ് അസാധാരണമായ ഈ നിർദേശത്തിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി വ്യക്തമാക്കുന്നത്. 52 കാരനായ വോ വാൻ തുവോങ്ങിനെയാണ് സിപിവി രാജ്യത്തിന്റെ അടുത്ത പ്രസിഡന്റായി നിർദേശിച്ചിരിക്കുന്നത്. രാജ്യത്തെ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളെടുക്കുന്ന ഏറ്റവും ഉയർന്ന സമിതിയായ പോളിറ്റ് ബ്യൂറോയിലെ 16 അംഗങ്ങളിൽ പ്രായം കുറഞ്ഞ വ്യക്തിയാണ് തുവോങ്. സിപിവി ജനറൽ സെക്രട്ടറി ഗുയേൻ ഫു ത്രോങ്ങുമായി അടുത്ത ബന്ധമുള്ള തുവോങ് കേന്ദ്ര കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ്. ഇവയെല്ലാം തന്നെ വിയറ്റ്നാമിനെ സംബന്ധിച്ച രാജ്യത്തെ ഉയർന്ന സ്ഥാനങ്ങളാണ്. ഇവിടെ നിന്നാണ് അദ്ദേഹം രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. തുവോങ്ങിന്റെ നാമനിർദേശം ദേശീയ അസംബ്ലി അംഗീകരിക്കേണ്ടതുണ്ട്. മാർച്ച് രണ്ടിന്റെ അസാധാരണ യോഗത്തിൽ ഇതുണ്ടായെങ്കിലും മേയ് മാസത്തിൽ ചേരുന്ന ഔപചാരിക സമ്മേളനം കൂടി അംഗീകരിക്കണം. ഔപചാരികമായി ചേരുന്ന ദേശീയ അസംബ്ലിയുടെ സമ്മേളനമാണ് 2021–26 കാലയളവിലേക്കുള്ള പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടത്. 2013ലെ ഭരണഘടനയനുസരിച്ച് പ്രസിഡന്റാണ് രാജ്യത്തിന്റെ തലവനും ആഭ്യന്തര — വിദേശ കാര്യങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയും. അസംബ്ലി അംഗങ്ങളിൽ നിന്നാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടതെന്നാണ് ഭരണഘടന നിഷ്കർഷിക്കുന്നത്. പ്രസിഡന്റായിരുന്ന ഗുയേൻ ഷുവാങ് ഫുക് രാജിവച്ച് ആഴ്ചകൾക്കു ശേഷമാണ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ പാർട്ടി നിർദേശിച്ചത്.

ജനുവരി 17നാണ് ഫുക് രാജിവച്ചത്. കത്തിൽ ആവശ്യപ്പെട്ടതനുസരിച്ച് പൊളിറ്റ് ബ്യൂറോ അംഗം, വിയറ്റ്നാമീസ് പ്രസിഡന്റ്, കൗൺസിൽ അധ്യക്ഷൻ, 2021–26 കാലത്തേക്കുള്ള ദേശീയ പ്രതിരോധ, സുരക്ഷാ സമിതി അധ്യക്ഷൻ എന്നീ ചുമതലകളിൽ നിന്ന് ഒഴിയുവാൻ കേന്ദ്ര കമ്മിറ്റി അദ്ദേഹത്തെ അനുവദിച്ചു. അടുത്ത ദിവസം തന്നെ ദേശീയ അസംബ്ലി യോഗം ചേർന്ന് അദ്ദേഹത്തെ സ്ഥാനങ്ങളിൽ നിന്ന് നീക്കുകയും ഇടക്കാല പ്രസിഡന്റായി നിലവിലെ വൈസ് പ്രസിഡന്റ് വോ തിആൻ സുവാനെ നിശ്ചയിക്കുകയും ചെയ്തു. ഏകദേശം രണ്ടു വർഷത്തോളം രാജ്യത്തിന്റെ തലവനെന്ന പദവി അലങ്കരിച്ചാണ് 69 കാരനായ ഫുക് സ്ഥാനമൊഴിഞ്ഞത്. രണ്ട് ഉപ പ്രധാനമന്ത്രിമാരും മൂന്ന് മന്ത്രിമാരുമുൾപ്പെടെ നിരവധി ഉന്നതർ കോവിഡ് 19 കാലത്ത് ലംഘനങ്ങൾ നടത്താൻ അനുവദിച്ചത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നും അതിൽ തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും ഫുക് അറിയിച്ചിരുന്നു. ജനുവരി അഞ്ചിന് നടന്ന ദേശീയ അസംബ്ലിയുടെ അസാധാരണ യോഗത്തിൽ ഉപപ്രധാനമന്ത്രിമാരായിരുന്ന ഫാം ബിൻഞ് മിൻ, വു ഡുക് ഡാം എന്നിവരെ നീക്കുകയും ചെയ്തിരുന്നു. ഗുയെൻ താൻ ലോങ്, ചു ഗോക് ആൻ എന്നീ രണ്ട് മുൻ മന്ത്രിമാരെ കോവിഡ് പരിശോധനാ കിറ്റ് തട്ടിപ്പിൽ ഉൾപ്പെട്ടതിന്റെ പേരിലും ഒഴിവാക്കി. 78 കാരനായ ജനറൽ സെക്രട്ടറി ത്രോങ് മൂന്നാം തവണത്തെ കാലാവധി പൂർത്തിയാക്കി 2026ൽ സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ പുതിയ തലമുറയിലെ പ്രതിനിധികളെ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പാർട്ടി തുവോങ്ങിനെ പ്രസിഡന്റായി നിർദേശിച്ചത്. ഉന്നത നേതാക്കളിൽ ഒരാളെയാണ് പലപ്പോഴും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്, കൂടാതെ, 2021‑ൽ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട ത്രോങ് തനിക്കുകൂടി സ്വീകാര്യനായ പിൻഗാമി ഉണ്ടെന്ന് ഉറപ്പാക്കുകയുമാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: ക്യൂബന്‍ നേട്ടങ്ങള്‍ ഉപരോധം വഴി നിരാകരിക്കുന്ന അമേരിക്ക


അഫ്ഗാൻ സർവകലാശാലകൾ തകർച്ചയിൽ 

മൂടുപട വിവാദത്തെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയ താലിബാൻ നടപടി സർവകലാശാലകളെ തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുന്നു. രാജ്യത്തെ സ്വകാര്യ സർവകലാശാലകൾക്ക് പ്രതാപം നഷ്ടപ്പെടുകയും അടച്ചുപൂട്ടൽ ആസന്നമാവുകയും ചെയ്തിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. 30–35 സർവകലാശാലകളെങ്കിലും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. പെൺകുട്ടികളെ ഉന്നത പഠനത്തിന് അനുവദിക്കുന്നില്ലെങ്കിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവരുമെന്ന് സർവകലാശാല ഉടമകൾ മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്. സ്ത്രീകൾക്കായുള്ള വിദ്യാഭ്യാസ കേന്ദ്രമായ മോറയുടെ സ്ഥാപകൻ അസീസുള്ള ആമിർ പറയുന്നത്, തങ്ങളുടെ സ്ഥാപനത്തിൽ ഒരു പുരുഷ വിദ്യാർത്ഥിയുമില്ലെന്നാണ്. താലിബാന്റെ ഉത്തരവ് നടപ്പിലാക്കുന്നത് കർശനമായി തുടരുകയാണെങ്കിൽ സ്ഥാപനം അടച്ചിടാൻ നിർബന്ധിതമാകുമെന്നും അദ്ദേഹം പറയുന്നു. സർവകലാശാലകൾ സ്ത്രീ പ്രവേശനം നിർത്തിയിട്ടുണ്ടെങ്കിലും ഈ അടച്ചുപൂട്ടൽ താല്‍ക്കാലികം മാത്രമാണെന്ന് പ്രതീക്ഷിക്കുന്നതായി അഫ്ഗാനിസ്ഥാനിലെ ദവാത്ത് സർവകലാശാലയുടെ ഡെപ്യൂട്ടി മേധാവിയെ ഉദ്ധരിച്ച് പുറത്തുവന്ന വാർത്തകളിലുണ്ട്.

വിദ്യാർത്ഥിനികൾക്ക് വിദ്യാഭ്യാസം തുടരുന്നതിനായി ഉടൻ തന്നെ സർവകലാശാലകൾ വീണ്ടും തുറക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ താലിബാൻ നിയമിത വക്താവും വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളുടെ തത്വങ്ങൾ ലഘൂകരിക്കാനും സർവകലാശാലകൾക്ക് സേവനങ്ങൾ തുടരാനും തടസങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ ഡിസംബറിൽ താലിബാൻ നിയമിച്ച അഫ്ഗാനിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ത്രീകളെ സർവകലാശാല വിദ്യാഭ്യാസത്തിൽ നിന്ന് വിലക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രസ്താവിച്ചിരുന്നു. വിഷയത്തിൽ ലോകത്തിന്റെ പല കോണുകളിൽ നിന്നും ശക്തമായ വിമർശനം ഉയരുന്ന വേളയിലായിരുന്നു ഇത്. എന്നാൽ സ്ത്രീകളെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിലക്കിയ നടപടികള്‍ക്കെതിരെ തങ്ങളുടെ രോഷവും പ്രതിഷേധവും പ്രകടിപ്പിക്കുവാൻ പുരുഷ വിദ്യാർത്ഥികൾ രംഗത്തെത്തി. ഒന്നുകില്‍ എല്ലാവർക്കും വിദ്യാഭ്യാസം അല്ലെങ്കിൽ ആർക്കും വേണ്ട എന്നായിരുന്നു അവരുടെ പ്രധാന മുദ്രാവാക്യം. അഫ്ഗാനിൽ സർവകലാശാല വിദ്യാർത്ഥികളെ തടയുന്നത് ഇസ്ലാമിക നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ആരും അംഗീകരിക്കുന്നില്ല. സ്ത്രീകൾ ഉന്നത വിദ്യാഭ്യാസം നേടുന്നത് ഇസ്ലാം മതം അനുവദിക്കുന്നില്ലെന്ന പ്രചരണം വിശ്വസിക്കുവാനും മുസ്ലിങ്ങളായാലും മുസ്ലിം ഇതരരായാലും സന്നദ്ധമല്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും നിയമപരമായ അവകാശങ്ങൾ ഇസ്ലാം മതം ഒരുപോലെ ഉറപ്പുനൽകുന്നതിനാൽ അത്തരം നിരോധനത്തെ മതം അംഗീകരിക്കുന്നില്ലെന്നാണ് അവർ ഉറച്ചു വിശ്വസിക്കുന്നത്.


ഇതുകൂടി വായിക്കൂ: ഒക്ടോബർസൂര്യന്റെ ദ്രാവിഡരശ്മി


പ്രസിഡന്റിന്റെ രാജിക്കായി ഇക്വഡോറിൽ വിദ്യാർത്ഥി പ്രക്ഷോഭം 

പ്രസിഡന്റ് ഗ്വില്ലർമോ ലസോയുടെ രാജി ആവശ്യപ്പെട്ട് ഇക്വഡോറിലെ വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലാണ്. അഴിമതിയും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ലസോ സർക്കാരിനെതിരെ ആരോപണമുയർന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ ഈ ആവശ്യമുയർത്തി പ്രതിഷേധം ആരംഭിച്ചത്. അഴിമതിയും മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഇക്വഡോർ കേന്ദ്ര സർവകലാശാല (യുസിഇ) യ്ക്ക് മുന്നിൽ പ്രകടനം നടത്തി. യൂണിവേഴ്സിറ്റി വിദ്യാർത്ഥി ഫെഡറേഷൻ ഓഫ് ഇക്വഡോറി (എഫ്ഇയുഇ)ന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. ഒന്നുകിൽ ലസോ രാജിവയ്ക്കുക, അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കുന്നതിന് ഭരണഘടനാ പരമായ നടപടികൾ സ്വീകരിക്കുക എന്നാണ് വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം. ചെങ്കാടികളും പ്ലക്കാർഡുകളുമായാണ് വിദ്യാർത്ഥികൾ ലസോ പുറത്തുപോവുക എന്ന മുദ്രാവാക്യവുമായി യുസിഇക്കു മുന്നിലെ പ്രകടനത്തിനെത്തിയത്. ലസോ സർക്കാർ പൊതു വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന ബജറ്റ് വിഹിതംപോലും അനുവദിക്കുന്നില്ലെന്ന് എഫ്ഇയുഇ നേതാവ് നെരി പാഡില്ല പറഞ്ഞു.

നൈപുണ്യ പരിശീലനത്തിലുള്ള ബജറ്റ് വിഹിതമാകട്ടെ വെട്ടിക്കുറയ്ക്കുകയും ചെയ്തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലുള്ള പ്രസിഡന്റ് ലസോയ്ക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പാഡില്ല, കേന്ദ്ര സർവകലാശാലയ്ക്ക് ഒരുകോടി ഡോളറും ഗ്വയാക്കിൽ സർവകലാശാലയ്ക്ക് 50 ലക്ഷം ഡോളറും സർക്കാർ വിഹിതം നല്കാനുണ്ടെന്നും അറിയിച്ചു. പൊതു സ്ഥാപനങ്ങളിലെ അഴിമതി, സംഘടിത കുറ്റകൃത്യങ്ങളുമായുള്ള ലസോ സർക്കാരിന്റെ ബന്ധം എന്നിവയാണ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോർട്ട് ദേശീയ അസംബ്ലിയുടെ ബഹുപാർട്ടി കമ്മിഷൻ പരിശോധിച്ചശേഷം സഭയുടെ പരിഗണനയ്ക്ക് വയ്ക്കും. രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരായ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് വ്യക്തമായാൽ ഗ്വില്ലർമോ ലസോയെ പുറത്താക്കുന്നതി (ഇംപീച്ച്മെന്റ്) നുള്ള ഭരണഘടനാപരമായ നടപടി ആരംഭിക്കണമെന്ന് ദേശീയ അസംബ്ലിയിൽ അംഗങ്ങൾക്ക് നിർദേശിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.