വയലന്‍സിന്‍റെ അതിപ്രസരം; ജോക്കര്‍ സിനിമയക്ക് രൂക്ഷ വിമര്‍ശനം

Web Desk
Posted on October 08, 2019, 10:46 pm

ആരാധകവൃന്ദം ഏറ്റെടുത്ത സിനിമയായ ജോക്കര്‍ സിനിമയക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നു.  വയലന്‍സിനെ മഹത്വവല്‍ക്കരിക്കുന്ന ചിത്രമാണ് ജോക്കര്‍ എന്നാണ് വിമര്‍ശനം.

വയലന്‍സിന്റെയും, മാനസിക പിരിമുറുക്കത്തിന്റെയും അതി പ്രസരമുള്ള സിനിമ മാനസികമായി ബാധിച്ചെന്നും സിനിമ മുഴുവനായി കാണാന്‍ കഴിയാതെ തിയ്യറ്ററില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നെന്നുമാണ് ഒരു വിഭാഗം പ്രേക്ഷകര്‍ പറയുന്നത്.

‘തിയ്യറ്ററില്‍ നിന്നും ഇറങ്ങപ്പോകേണ്ടി വന്നു. അത്രമാത്രം ഗണ്‍ വയലന്‍സിനെയും, മാനസിക പിരിമുറുക്കങ്ങളെയും മഹത്വ വല്‍ക്കരിക്കുന്നുണ്ട്’, ‘മാനസിക പ്രശ്‌നങ്ങളെ തെറ്റായി വ്യഖ്യാനിക്കുന്ന ഈ സിനിമ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും ചിത്രം നിരോധിക്കണം’ എന്നിങ്ങനെയാണ് ചില പ്രേക്ഷകര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ചിത്രത്തില്‍ നടന്‍ വാക്കിന്‍ ഫീനിക്‌സാണ് ജോക്കറെ അവതരിപ്പിക്കുന്നത്. 234 മില്യണ്‍ ഡോളറാണ് ഇതുവരെ സിനിമ നേടിയിരിക്കുന്നത്. കോമാളി വേഷം കെട്ടി ഉപജീവനം മാര്‍ഗം നടത്തുന്ന കടുത്ത മാനസിക സംഘര്‍ഷം നേരിടുന്ന ആര്‍തര്‍ ഫ്‌ലേക്ക് എന്നയാള്‍ വില്ലനായി മാറുന്നതാണ് സിനിമയുടെ പ്രമേയം.

പല തിയേറ്ററുകളിലും സുരക്ഷാ പ്രശ്‌നത്താല്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചിരുന്നു. കാലിഫോര്‍ണിയയിലെ ഒരു തിയ്യറ്ററിലെ പ്രദര്‍ശനം ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. ജോക്കര്‍ കൊലപാതകങ്ങള്‍ നടത്തുന്ന സീനുകള്‍ എത്തിയപ്പോള്‍ അസാധാരണമായി കൈയ്യടിച്ച് ആര്‍പ്പു വിളിച്ച ഒരാളെ ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു തിയ്യറ്ററില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.