February 1, 2023 Wednesday

കോവിഡ്കാല കാഴ്ചകൾ

യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്ത
ഉള്‍ക്കാഴ്ച
April 23, 2020 5:15 am

ദീർഘമായൊരു അമേരിക്കൻ സന്ദർശനത്തിന് ഒരുങ്ങിപ്പോയ ഞാൻ അന്തരീക്ഷം ശരിയല്ല എന്ന് കണ്ട് യാത്ര അവസാനിപ്പിച്ച് മാർച്ച് 21 ന് നാട്ടിലെത്തി. തുടർന്ന് ഏകാന്ത വാസത്തിലാണ്, നാളിതുവരെ. ധാരാളം വായിക്കാനും കുറച്ചെഴുതാനും ഏറെ ചിന്തിക്കാനും മാധ്യമങ്ങൾ ശ്രദ്ധിക്കാനും ആവശ്യത്തിന് സമയവും സാവകാശവും ലഭിച്ച കാലമായിരുന്നു. വല്ലാതെ വിരസമാകുമ്പോൾ ടെലിവിഷനിൽ സിനിമയും കാണാൻ പറ്റി. ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള വാർത്തകൾ വിലയേറിയ പാഠങ്ങൾ നൽകുന്നവയായിരുന്നു.

സാഹചര്യങ്ങളോട് മനുഷ്യൻ എങ്ങിനെ പ്രതികരിക്കുന്നു എന്നറിയാൻകഴിഞ്ഞ കാലം! കണ്ണും കാതും തുറന്നുവച്ചാൽ വിലയേറിയ പാഠങ്ങൾ ലഭിക്കുന്ന കാലം. സ്വന്തം സൗഖ്യം ഉറപ്പാക്കാൻ വേണ്ടി ഒൻപത് പേരുടെ എങ്കിലും ജീവൻ കവർന്ന്, അനേകരുടെ സൗഖ്യത്തിന് മണ്ണിട്ടതിർ തീർത്ത ഹൃദയശൂന്യത, അത് കണ്ട് മിണ്ടാതിരുന്ന രാഷ്ടീയ, നീതിന്യായ വ്യവസ്ഥയെ എനിക്ക് കാണാനായി. മനുഷ്യരെല്ലാം മുഖംമൂടിയണിഞ്ഞ് സ്വന്തം ഭവനങ്ങളിൽ ഒതുങ്ങിക്കൂടിയപ്പോൾ മുഖാവരണം മാറ്റി മാധ്യമങ്ങളുടെ മുൻപിൽ ഭോഷ്ക് പറയുന്ന അല്പത്വം നിറഞ്ഞ രാഷ്ട്രീയ നേതൃത്വത്തെ കണ്ടു. സ്വന്തം കഴിവുകേടിനെ മറച്ചുവയ്ക്കാൻ മറ്റുള്ളവരിൽ പഴിചാരുന്ന സമ്പന്ന രാജ്യപിതാവിനെ കണ്ടു. സ്വന്തം കുടുംബവും ആരോഗ്യവും മറന്ന് തെരുവിൽ കൃത്യനിർവ്വഹണം നടത്തുന്ന നിയമപാലകരെയും ആശുപത്രികളിൽ രാപ്പകൽ വ്യത്യാസമില്ലാതെ സഹജീവികളുടെ രോഗശാന്തിക്കായി പരിശ്രമിക്കുന്ന ആരോഗ്യമേഖലയിലെ മാലാഖമാരെയും കണ്ടു. പേരിൽ ഒരു “വാ” കൂടുതലുണ്ട് എങ്കിലും മറ്റെല്ലാ നരന്മാർക്കുമുള്ളതുപോലെ വാനരന്മാർക്കും വായും വിശപ്പുമുണ്ട് എന്നറിഞ്ഞ, തെരുവിലെ നായ്ക്കളെവരെ കരുതുന്ന സംസ്ഥാന നേതാവിനെ കണ്ടു. അന്യദേശ തൊഴിലാളികൾ എന്ന് വിളിക്കപ്പെട്ടിരുന്നവരെ അതിഥി തൊഴിലാളികൾ എന്ന് വിളിച്ച് അവരോടുള്ള കരുതലിൽ “അതിഥി ദേവോ ഭവ” എന്നത് പ്രായോഗികമാക്കിയ ഭരണത്തലവനെ കണ്ടു.

സമൃദ്ധിയായി ഭക്ഷണം കിട്ടുമ്പോഴും പച്ചമുളക് തികഞ്ഞില്ല എന്ന പരാതി ചീഫ് സെക്രട്ടറിയിൽ നിന്ന് ചീഫ് സെക്രട്ടറി വരെ എത്തിക്കാൻ നിർദ്ദേശിക്കുന്ന കുത്തിത്തിരുപ്പുകാരായ പ്രാദേശിക നേതാക്കളെ കണ്ടു. അതിഥി തൊഴിലാളികളെ നിയന്ത്രണം ലംഘിച്ച് തെരുവിലിറക്കി വരുന്ന തെരഞ്ഞെടുപ്പിൽ പത്ത് വോട്ട് കൂടുതലുണ്ടാക്കാൻ കഴിയുമോ എന്നന്വേഷിച്ച രാഷ്ട്രീയ കോമരങ്ങളെ കണ്ടു. തെരഞ്ഞെടുക്കപ്പെട്ട് ഭരിക്കുന്ന സർക്കാരിനെ പണാധിപത്യത്തിന്റെ പിന്തുണയോടെ താഴെ ഇറക്കി ഭരണം പിടിച്ചെടുക്കാൻ സാവകാശം ലഭിക്കാൻ കൊറോണ പ്രതിരോധ പ്രഖ്യാപനം മാറ്റിവച്ച കേന്ദ്ര ഭരണത്തലവന്റെ രാഷ്ടീയം കണ്ടു. വീട്ടിലിരുപ്പുകാലം കുടുംബോത്സവമാക്കിയ കുടുംബാംഗങ്ങളെയും കുഞ്ഞുങ്ങളെയും കണ്ടു. വീട്ടിലിരുന്നു മടുക്കുമ്പോൾ വിരസത അകറ്റാൻ പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനം ശ്രദ്ധിക്കാൻ നിർദ്ദേശിക്കുന്ന ട്രോളും കണ്ടു. ആരോഗ്യവകുപ്പ് മന്ത്രിയുടെ വാക്കുകളിൽ ആകൃഷ്ടയായി അവ പുനരവതരിപ്പിക്കുന്ന അഞ്ചുവയസായ പെൺകുട്ടിയുടെ ടിക് ടോക് അവതരണം കണ്ടു. മന്ത്രിക്ക് മീഡിയ മാനിയയാണ് എന്ന് പറഞ്ഞ് സ്വയം അപമാനിതനായ നേതാവിനെയും കണ്ടു.

റോഡിലെത്രപേരുണ്ട് എന്നറിയാൻ ബൈക്കുമായി റോഡിലേക്കിറങ്ങി പൊലീസിന്റെ പിടിയിലായ ചുള്ളന്മാരെ കണ്ടു. പത്തുകാശ് കൂടുതലുണ്ടാക്കാനുള്ള വ്യഗ്രതയിൽ ഭക്ഷ്യവസ്തുക്കളുടെ വിലയ്ക്ക് തീ പിടിപ്പിച്ച വ്യാപാരികളെ കണ്ടു. മദ്യം കിട്ടാത്തതിന് ആത്മഹത്യ ചെയ്തവരെയും അത് സ്വയമായി ഉണ്ടാക്കി മദ്യപരെ സഹായിക്കാൻ തുനിഞ്ഞിറങ്ങിയവരെയും കണ്ടു. കൂട്ടംകൂടിയിരുന്ന് സൊറ പറഞ്ഞിരുന്നവരും ചീട്ട് കളിച്ച് വിരസത അകറ്റിയവരും പൊലീസയച്ച ഡ്രോൺ കണ്ട് കണ്ടംവഴി ഓടുന്നതും കണ്ടു. ശുദ്ധാത്മാക്കളായ വിശ്വാസികളെ മറുഭാഷയെന്ന ഇല്ലാഭാഷ പറഞ്ഞും ഉരുട്ടിഇട്ടും കവടി നിരത്തിയും രോഗസൗഖ്യം എന്ന പ്രലോഭനത്താൽ വിഡ്ഢികളാക്കിയ അത്ഭുത രോഗശാന്തിക്കാരും സിദ്ധന്മാരും മുഖാവരണം ധരിച്ച് വീടുകളുടെ ഉള്ളറകളിലേക്ക് വലിഞ്ഞതും ഞാൻ കണ്ടു. ഉവ്വ്, ഇനിയുമുണ്ട് കാഴ്ചകൾ അനവധി, അവ നിങ്ങളും കാണുന്നുണ്ടാവുമല്ലോ? എന്നെ ആകർഷിച്ച ഒരു പ്രതികരണം സിഐഎ (കോമ്രേഡ് ഇൻ അമേരിക്ക) എന്ന സിനിമയിൽ കേട്ടു. തന്നോടൊപ്പം അമേരിക്കയിലേക്ക് പോരാൻ കാമുകി കാമുകനോട് ആവശ്യപ്പെടുന്നു, ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ നായകൻ അത് നിഷേധിച്ചു. നായികയുടെ “ഇവിടെ എന്താണൊരു ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ഉള്ളത്” എന്ന ചോദ്യത്തിന് നായകന്റെ “ഒരു കാറ്റോ മഴയോ വന്നാൽ തീരാവുന്ന ഫിനാൻഷ്യൽ സ്റ്റെബിലിറ്റിയെ ലോകത്തെവിടെയും ഉള്ളൂ” എന്ന മറുപടി.

ഈ കോവിഡ്-19 കാലത്ത് ഏറ്റവും പ്രസക്തമായ വാക്കുകളാണിവ. എന്റെ ധാരണയിൽ രാജ്യാന്തര കോർപ്പറേറ്റുകളുടെ സ്വഭാവമാണ് കൊറോണാ വൈറസിനുള്ളത്. സ്വയമായി പ്രത്യുല്പാദന ശേഷി ഇല്ലാത്ത ഇവ ജീവനുള്ള ശരീരകോശങ്ങളെ ഉപയോഗപ്പെടുത്തിയാണ് പെരുകുന്നത്. സ്വന്തമായി മൊട്ടുസൂചി പോലും ഉല്പാദിപ്പിക്കാത്ത കോർപ്പറേറ്റുകൾ മറ്റ് രാജ്യങ്ങളിലെ വിഭവങ്ങളെയും കമ്പനികളെയും സ്ഥാപനങ്ങളെയും ഏറ്റെടുത്ത് അവയെ ഉപയോഗിച്ച് വലുതാവുകയും മടുക്കുമ്പോൾ പാപ്പരാക്കുകയോ ഇട്ടിട്ട് പോവുകയോ കൈമാറുകയോ ചെയ്യും. പ്രവർത്തന ശൈലികൊണ്ട് പേര് ചീത്തയായാൽ മ്യുട്ടേഷൻ രീതിയിൽ മറ്റൊരു പേരിൽ വീണ്ടും രംഗത്ത് വരും. ആറ് കമ്പനികൾ ഉണ്ടാക്കുകയും ആറും പാപ്പരാക്കുകയും ചെയ്ത ഒരാൾ ഒരു പ്രബല രാജ്യത്തിന്റെ തലപ്പത്തുണ്ട് എന്നത് ഉദാഹരിക്കാവുന്ന വിരോധാഭാസം. ഇതുതന്നെയാണ് 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കും കാരണം. ലോകത്തിലെ കോവിഡ് മരണ സംഖ്യയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുമ്പോഴും നിയന്ത്രണങ്ങൾ പിൻവലിക്കാൻ തിടുക്കം കൂട്ടുന്നതിന്റെ തത്വശാസ്ത്രവും ഇതുതന്നെയാണ്. കോർപ്പറേറ്റുകൾക്ക് മനുഷ്യൻ ഒരു വിഭവം മാത്രമാണ്.

ഗൾഫിൽ നിന്നും എണ്ണ കിട്ടാതായാൽ, ടെക്സാസിൽ നിന്നും അലാസ്കായിൽ നിന്നും എണ്ണ എടുക്കാം സൂര്യനെയും ആശ്രയിക്കാം. കുറെ മനുഷ്യർ കോവിഡിനാൽ മരിച്ചാലും തൊഴിൽരഹിതരായ എത്രപേരാണ് വികസ്വര രാജ്യങ്ങളിലുള്ളത്. അതാണല്ലോ കമ്പ്യൂട്ടറുകൾക്ക് എണ്ണം തെറ്റുന്ന രണ്ടായിരം വരുന്നു എന്ന വൈ ടു കെ യെക്കുറിച്ചുള്ള അങ്കലാപ്പിൽ ഇന്ത്യക്കാരെ കമ്പ്യൂട്ടർ പഠിപ്പിച്ചത്. ഇപ്പോൾ വല്യേട്ടൻ പറയുന്ന ബി വൺ വിസാക്കാരെ ഇനി ആവശ്യമില്ല എന്ന്. തിടുക്കത്തിൽ നിയന്ത്രണങ്ങൾ നീക്കാനുള്ള താല്പര്യത്തിനെതിരെ ന്യൂയോർക്ക് മേയർ പറഞ്ഞത് മനുഷ്യൻ ചെകുത്താനും കടലിനും നടുക്കാണ് എന്ന് സൂചിപ്പിക്കുന്ന കാര്യമാണ്. അദ്ദേഹം പറഞ്ഞു, “രോഗത്തെ പേടിച്ച് വീട്ടിലിരുന്നാൽ തൊഴിലില്ലാതാവും വരുമാനവും ഇല്ലാതാകും. പ്രസിഡന്റ് പറയും പോലെ തൊഴിൽ നഷ്ടപ്പെടാതിരിക്കാൻ ജോലിക്കായി പുറത്തിറങ്ങിയാൽ കോവിഡ് പിടിപെടും. രണ്ടായാലും മരണം തന്നെ മുൻപിൽ”. ഇത് മുതലാളിത്ത വ്യവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങളിലെ സാധാരണക്കാരന്റെ അവസ്ഥയാണ്. സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ പരീക്ഷണത്തിനുള്ള അന്തരീക്ഷമാണ് ഈ രാജ്യങ്ങൾക്ക് കോവിഡ്-19 നൽകുന്ന പാഠംമൂലം ലഭ്യമായിരിക്കുന്നത്.

ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ പരിമിതമായ വിഭവങ്ങൾ കൊണ്ട് ജീവിക്കേണ്ടിവരുന്ന സാഹചര്യമാണ് ചേർന്നിരിക്കുന്നത്. ഒന്നുമില്ലാത്തവരെ സമൂഹം/രാഷ്ട്രം കരുതുകയും ചെയ്യുന്നു. സോഷ്യലിസ്റ്റ് സാമ്പത്തിക ശാസ്ത്രത്തിന്റെ കർമ്മപഥമാണ് ലോകത്തിന് തന്നെ മാതൃകയായിതീരാൻ കേരളത്തെ സഹായിച്ചത്. ജനസംഖ്യാപെരുപ്പംകൊണ്ടും മറ്റ് സാമൂഹിക പ്രശ്നങ്ങൾ കൊണ്ടും രോഗവ്യാപനത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ള നാടായിട്ടും ഭാരതത്തിൽതന്നെ ആദ്യത്തെ രോഗിവന്ന നാടായിരുന്നിട്ടും ഏറ്റവും കുറവു രോഗികളും ഏറ്റവും ആദ്യം രോഗമുക്തിയും ഉണ്ടാകാൻ കാരണമായത് ഈ സാമ്പത്തിക തത്വസംഹിതയുടെ ഗുണംകൊണ്ടും അത് നടപ്പാക്കാൻ ഭരണനേതൃത്വം കാണിച്ച ആത്മാർത്ഥത കൊണ്ടുമാണ്. പക്ഷെ അത് പരീക്ഷിക്കാനുള്ള ഇച്ഛാശക്തി അവർക്കുണ്ടാകുമോ എന്ന് സംശയമാണ്. ക്യൂബയിൽ നിന്നുള്ള മെഡിക്കൽ സംഘം ഇറ്റലിയിലും റഷ്യയിൽ നിന്നുള്ള മെഡിക്കൽ ഉപകരണങ്ങൾ അമേരിക്കയിലും എത്തി എന്നതും ചൈനയോട് സുരക്ഷിതത്വ ഉപകരണങ്ങൾ അയയ്ക്കാൻ അപേക്ഷിക്കേണ്ടിവന്നതും ഇന്ത്യയോട് മലേറിയയ്ക്കുള്ള മരുന്ന് വേണമെന്ന് പറഞ്ഞതും പാഠമാകുമോ എന്നത് കാത്തിരുന്നാലും കാണാൻ പറ്റുമോ എന്ന് സംശയമാണ്. മരുന്ന് കിട്ടുന്നതുവരെ അപേക്ഷാ സ്വരമായിരുന്നു, കിട്ടിക്കഴിഞ്ഞപ്പോൾ മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനുമുൻപിൽ പ്രകടിപ്പിച്ചത് ധാർഷ്ഠ്യത്തിന്റെ മുഖമായിരുന്നു എന്നതാണ് ഇപ്പറഞ്ഞതിന് കാരണം.

ദുഃഖകരമായ കാര്യം നമ്മുടെ കേന്ദ്ര സർക്കാരും ഏതാണ്ട് മുതലാളിത്ത വ്യവസ്ഥയിലാണ് തുടക്കത്തിൽ പ്രവർത്തിച്ചത് എന്നതാണ്. കൊറോണയെക്കുറിച്ച് മുന്നറിയിപ്പ് ഉണ്ടായിരുന്നു എങ്കിലും മധ്യപ്രദേശിലെ സർക്കാരിനെ അട്ടിമറിക്കുന്നതുവരെ മുൻകരുതൽ‑പ്രതിരോധ നടപടികൾ സ്വീകരിക്കാൻ വൈകിച്ചത് വെളിവാക്കുന്നത് ഈ തത്വസംഹിതയാണ്. എന്തിന് കേരളത്തിന്റെ നേട്ടങ്ങളെ അംഗീകരിക്കാൻ പോലും കേന്ദ്ര ആരോഗ്യ മന്ത്രാലയം പത്രസമ്മേളനത്തിൽ വിസമ്മതിക്കുന്ന അവസ്ഥയാണുള്ളത്. ന്യായമായി ലഭിക്കേണ്ട ജിഎസ്‌ടി കുടിശിക നൽകുന്നില്ല എന്ന് മാത്രമല്ല മഹാവ്യാധി കൊണ്ടുണ്ടായ പ്രത്യേക സാഹചര്യം പരിഗണിച്ച് വേണ്ടത്ര സഹായ ധനം അനുവദിക്കാനും കേന്ദ്രം തയ്യാറാകുന്നില്ല എന്നതും പോരാതെ എവിടെ നിന്നെങ്കിലും കിട്ടാവുന്ന സഹായം സ്വീകരിക്കാൻ അനുവദിക്കുകയുമില്ല എന്നത് ഫെഡറലിസത്തിന്റെ എല്ലാ മാനദണ്ഡങ്ങളും ലംഘിക്കുന്നതാണ്. ഇതിലും ഗൗരവമായ വിഷയമാണ് വിദേശത്തുള്ള മലയാളികളെ കൊണ്ടുവരാൻ അനുവദിക്കണമെന്നത്. കൊണ്ടുവരുന്നവരെ എല്ലാ സുരക്ഷിതത്വ മാനദണ്ഡങ്ങളും പാലിച്ച് സംരക്ഷിച്ചുകൊള്ളാം എന്ന കേരളത്തിന്റെ അപേക്ഷ കേന്ദ്രം നിർദ്ദയം തള്ളി. ബ്രിട്ടണും ഫ്രാൻസും അവരുടെ പൗരന്മാരെ കൊണ്ടുപോകാൻ ചെയ്ത ക്രമീകരണങ്ങളും അതിനോട് സഹകരിച്ച കേരളത്തിന്റെ സമീപനവും കണ്ടിട്ടും ഇതാണ് നിലപാട്.

ഇതൊക്കെ ആയിട്ടും കുറ്റമറ്റ ഇടപെടലിലൂടെ കോവിഡ്-19 കാലത്തെ അതിജീവിക്കാൻ അതുമൂലം ലോകത്തിന് മുൻപിൽ സ്വാഭിമാനത്തോടെ തലഉയർത്തി നിൽക്കാൻ, ഈ ചെറിയ സംസ്ഥാനത്തിന് സാധിച്ചു എന്നത് അവിതർക്കിതമാണ്. കോവിഡ് കാലം നമുക്കു നൽകുന്ന ചില ഉപദേശങ്ങൾ കേൾക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. മതങ്ങൾ വലിയ വെല്ലുവിളി നേരിട്ട കാലമാണിത്. പരസ്യമായ ആരാധനയും ചടങ്ങുകളും ആഘോഷങ്ങളും ഒഴിവാക്കേണ്ടിവന്നു. അതിൽ വിശുദ്ധ വാരാചരണം, ഹോളി, വിഷു, രാമനവമി, ഹനുമാൻ ജയന്തി, പതിവിൻപടിയുള്ള വെള്ളിയാഴ്ച നിസ്ക്കാരം കൂടാതെ മാർച്ച് 22, ഏപ്രിൽ എട്ട് തീയതികളിലെ വിശേഷങ്ങളും റമദാനും ഒക്കെ പരിമിതമായ സാഹചര്യങ്ങളിലേക്ക് ഒതുക്കേണ്ടിവന്നു. ഞങ്ങൾ തൃശൂരുകാരുടെ സ്വന്തം അഭിമാനമായ പൂരവും ഉണ്ടാവില്ല എന്ന അറിയിപ്പ് വന്നിരിക്കുന്നു. പോയ വർഷാരംഭത്തിൽ ആചാര സംരക്ഷകരായി അവതരിച്ചവരെ കാണാനുമുണ്ടായില്ല ഈ ദിനങ്ങളിൽ. അപ്പോൾ പാഠമെന്താണ്? മനുഷ്യന്റെ ജീവനും സുരക്ഷയ്ക്കുമാണ് സകല ആചാരങ്ങളേയുംകാൾ പ്രാധാന്യം ലഭിക്കേണ്ടത് എന്നതു തന്നെ. ഈ ബോധമാണ് നമ്മെ ലോകത്തിന് മുഴുവൻ ഉദാഹരണമാക്കുന്നതും അതോടൊപ്പം മതത്തിന്റെ സ്വഭാവത്തെ വിശദമാക്കുന്നതും. മതവും മതാനുഷ്ഠാനങ്ങളും മനുഷ്യനുവേണ്ടിയാണ്, മറിച്ച് മതത്തിനുവേണ്ടിയല്ല മനുഷ്യൻ എന്ന് നമുക്ക് ഉറക്കെ പറയാം (ഇത് മതസ്ഥാപകർ മുന്നേ തന്നെപറഞ്ഞിട്ടുള്ളതും എന്നാൽ പിന്നീടുവന്ന മതനേതാക്കൾ മറന്നിട്ടുള്ളതുമായ കാര്യമാണ്). ഒരു പാഠം കൂടെ നമുക്ക്, പ്രത്യേകിച്ച് മലയാളിക്ക് പഠിക്കേണ്ടതുണ്ട്.

മിതവ്യയത്തിന്റെ പഠമാണത്. അത്യാവശ്യവും ആഡംബരവും തമ്മിൽ തിരിച്ചറിയാൻ വിഷമമായിതീർന്ന ഒരു സമീപഭൂതകാലമുണ്ട് നമുക്ക്. അധികകാലമായില്ല ഈ രോഗം നമ്മെ കീഴടക്കിയിട്ട്. വാഹനം, ഭവനം, ഭക്ഷണം, വിദ്യാഭ്യാസം, നിത്യോപയോഗ വസ്തുക്കൾ, ആഹ്ലാദ സന്ദർഭങ്ങൾ എന്നിവയൊക്കെ എങ്ങനെ ആചരിക്കണം എന്ന കാര്യത്തിൽ നമുക്ക് ധാരണപിശക് വന്നുചേരുകയുണ്ടായി. വിവാഹത്തിനും പുരയുടെ പാലുകാച്ചിനും കുട്ടിയുടെ ചോറൂണിനും മാമ്മോദീസാക്കും ഒക്കെവേണ്ടി നാം കാത്തിരിക്കുന്ന ധാരാളിത്തം പ്രകടമാക്കാൻ. ഇപ്പോൾ നമുക്ക് മനസിലാകുന്നു ഇക്കാര്യങ്ങളൊക്കെ പരിമിതമായ രീതിയിൽ നടത്താനും കഴിയും എന്ന്. ഇനി ചോദ്യം ഇതൊരു സംസ്ക്കാരമാക്കാൻ നമുക്കാകുമോ എന്നതാണ്. ആകുമെങ്കിൽ കോവിഡ്-19 നെ നാം അതിജീവിച്ചു എന്ന് മാത്രമല്ല അതുണ്ടാക്കിയ സാഹചര്യത്തെ പോസിറ്റീവ് ആയി പരിവർത്തനപ്പെടുത്തി എന്നഭിമാനിക്കാനും കഴിയും. സിഐഎ യിൽ പറയുന്നതുപോലെ, “ഒരു കാറ്റോ മഴയോ മതി ഈ ധാരാളിത്തത്തിന്റെ പ്രതീകങ്ങളെ നിലംപരിശാക്കാൻ”. കഴിഞ്ഞ രണ്ട് പ്രളയ കാലത്തും ഇത് നാം കണ്ടതാണ്, അനുഭവിച്ചതാണ്. ഇനിയും പഠിക്കാൻ വൈകാതിരിക്കാം. ഒരുകാര്യം കൂടെ പറയാതെ പോകരുത് എന്ന് ഞാൻ കരുതുന്നു. ആരോഗ്യ സംരക്ഷണ പ്രവർത്തകരുടെയും നീതിപാലകരുടെയും കാര്യം മുൻപേ ഞാൻ പറഞ്ഞു. അതുപോലെ ജനം പൊതുവെ നിബന്ധനകളോട് സഹകരിച്ചു എന്നതോടൊപ്പം മറ്റുള്ളവരെ സഹായിക്കാൻ അനേകം വ്യക്തികളും പ്രസ്ഥാനങ്ങളും സമൂഹങ്ങളും മുന്നിട്ടിറങ്ങി എന്നത് നമ്മിലെ മനുഷ്യത്വത്തിന്റെ ശ്രേഷ്ഠ മാതൃകകളായി. മനുഷ്യനാണ് ഹീറോ എന്ന പ്രഖ്യാപനമാണിത്; അതങ്ങിനെതന്നെ ആകട്ടെ എക്കാലവും.

ENGLISH SUMMARY: Views in covid time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.