ടി ഒ സൂരജിനെ ചോദ്യം ചെയ്യാന്‍ വിജിന്‍സ് അനുമതി; പാലം 10 വരെ പൊളിക്കരുതെന്ന് ഹൈക്കോടതി

Web Desk
Posted on September 24, 2019, 2:29 pm

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ടി ഒ സൂരജിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് അനുമതി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. നാളെ രാവിലെ 10 മുതല്‍ ഒരു മണിവരെ സൂരജിനെ ജയിലില്‍വെച്ച് ചോദ്യം ചെയ്യും.

കൂടാതെ അഴിമതി കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ വിജിലന്‍സിന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് അന്വേഷണം ഒരു ഘട്ടം കഴിഞ്ഞ പശ്ചാത്തലത്തില്‍ ഇനി തന്നെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വയക്കേണ്ടതില്ലെന്നു കാണിച്ച് അറസ്റ്റിലുള്ള പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ദേശം. കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനാണ് കേസ് ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെട്ടതെന്നു കോടതി വ്യക്തമാക്കി.

അതേസമയം പാലാരിവട്ടം പാലം ഒക്ടോബര്‍ 10 വരെ പൊളിക്കരുതെന്ന് ഹൈക്കോടതി വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. പാലം പൊളിക്കുന്നതിനെതിരേ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി തീരുമാനം.

പാലം പൊളിച്ച് പണിയാന്‍ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. പാലത്തില്‍ ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമേ പൊളിച്ചുപണിയാന്‍ തീരുമാനമെടുക്കാവൂ എന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
എന്നാല്‍ പാലം പൊളിക്കുന്നതിനുള്ള പ്രാരംഭ ജോലികളുമായി മുന്നോട്ടുപോകുന്നതിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.