10 October 2024, Thursday
KSFE Galaxy Chits Banner 2

എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം

Janayugom Webdesk
തിരുവനന്തപുരം
September 19, 2024 9:23 pm

എഡിജിപി എം ആർ അജിത്‌ കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനവും കൈക്കൂലിയും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് അന്വേഷിക്കുക. സംസ്ഥാന പൊലീസ്‌ മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ്‌ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. സസ്പെന്‍ഷനിലായ എസ്‌പി സുജിത് ദാസിനെതിരെയും അന്വേഷണം നടത്തും. പി വി അൻവർ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഏത്‌ യൂണിറ്റിന്‌ അന്വേഷണ ചുമതല നൽകണമെന്നതടക്കമുള്ള കാര്യങ്ങളിൽ നാളെ വിജിലൻസ്‌ തീരുമാനമെടുക്കും. 

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പി വി അന്‍വര്‍ നല്‍കിയ പരാതിയിലുള്ളത്. മലപ്പുറം ജില്ലാ പൊലീസ്‌ മേധാവിയുടെ ക്യാമ്പ്‌ ഓഫിസിലെ വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചുകടത്തി, ഓൺലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയ്ക്ക്‌ എതിരായ കേസുമായി ബന്ധപ്പെട്ട്‌ കൈക്കൂലി വാങ്ങി, കവടിയാറില്‍ കോടികള്‍ ചെലവിട്ട് വീട് നിര്‍മ്മിക്കുന്നു, കള്ളക്കടത്ത്‌ സ്വർണവുമായി ബന്ധപ്പെട്ട്‌ എഡിജിപിയും സുജിത്‌ ദാസും ഡാൻസാഫ്‌ അംഗങ്ങളും വഴിവിട്ട ഇടപെടൽ നടത്തി, എം ആർ അജിത്‌കുമാറിനും സുജിത്‌ ദാസിനും മലപ്പുറം ഡാൻസാഫ്‌ ടീമംഗങ്ങൾക്കും അനധികൃത സ്വത്തുസമ്പാദനമുണ്ട്‌ തുടങ്ങിയ ആരോപണങ്ങളാണ്‌ പി വി അൻവർ എംഎൽഎ ഉന്നയിച്ചത്‌. 

മലപ്പുറം പൊലീസ്‌ മേധാവിക്ക്‌ പി വി അൻവർ നൽകിയ പരാതിയുടെയും എം ആർ അജിത്‌കുമാർ നൽകിയ കത്തിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ്‌ മേധാവി ഷേഖ് ദർവേഷ്‌ സാഹിബിന്റെ നേതൃത്വത്തിൽ സർക്കാർ പ്രത്യേകാന്വേഷണ സംഘത്തിന്‌ രൂപം നൽകിയിരുന്നു. തുടർന്ന്‌ നടത്തിയ മൊഴിയെടുപ്പിൽ എഡിജിപിക്കും എസ്‌പിക്കുമെതിരെ ആരോപണങ്ങൾ അൻവർ ആവർത്തിച്ചു. എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ വിജിലൻസ്‌ അന്വേഷണം ആവശ്യമാണെന്ന്‌ ചൂണ്ടിക്കാട്ടി പൊലീസ്‌ മേധാവി സർക്കാരിന്‌ റിപ്പോർട്ട്‌ നൽകി. 

റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഇന്നലെ എത്തിയതിന് പിന്നാലെയാണ് വിജിലൻസ്‌ അന്വേഷണത്തിന്‌ നിർദേശിച്ച്‌ സർക്കാർ ഉത്തരവിറക്കിയത്. ഇരുവർക്കുമെതിരെ ഉയർന്ന ആരോപണങ്ങൾ വിശദമായി അന്വേഷിച്ച്‌ റിപ്പോർട്ട്‌ നൽകാൻ സർക്കാർ വിജിലൻസ്‌ മേധാവിക്ക്‌ നിർദേശം നൽകി. അതിനിടെ മലപ്പുറം ക്യാമ്പ് ഓഫിസിലെ മരങ്ങൾ മുറിച്ചു കടത്തിയെന്ന പരാതിയില്‍ മുൻ എസ്‌പി സുജിത് ദാസിനെതിരെ വിജിലൻസ് പ്രാഥമികാന്വേഷണം തുടങ്ങി. വിജിലൻസ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയാണ് വിജിലൻസ് തിരുവനന്തപുരം പ്രത്യേക അന്വേഷണ വിഭാഗം- ഒന്ന് അന്വേഷിക്കുന്നത്.
എസ്‍പിയുടെ ക്യാമ്പ് ഓഫിസിലുണ്ടായിരുന്ന ഒരു തേക്കും മഹാഗണിയും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറും മലപ്പുറം എസ്‌പിയായിരുന്ന സുജിത് ദാസും മുറിച്ചുമാറ്റി വീട്ടിലേക്ക് ആവശ്യമുള്ള ഫർണിച്ചറുകൾ ഉണ്ടാക്കിയെന്നാണ് പി വി അൻവർ എംഎൽഎ ആരോപിച്ചത്. ക്യാമ്പ് ഓഫിസിലെ മരംമുറിച്ച് കടത്തിയെന്ന പരാതി പിൻവലിച്ചാൽ ജീവിതകാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്ന് പി വി അൻവറിനോട് സുജിത് ദാസ് പറയുന്ന ഓഡിയോയും പുറത്തായിരുന്നു. അൻവറുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ സുജിത് ദാസിനെ സസ്‍പെൻഡ് ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.