Web Desk

തിരുവനന്തപുരം

July 04, 2021, 12:04 pm

കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം

Janayugom Online

അഴിമതി ആരോപണത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിന്മേലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. കെ സുധാകരന്റെ മുന്‍ ഡ്രെെവര്‍ പ്രശാന്ത് ബാബുവാണ് പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പുണ്ടോയെന്നാണ് പ്രാഥമികമായ പരിശോധന. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ഡയറക്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് എസ്പിക്ക് കൈമാറി.

കെ കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്നും കണ്ണൂര്‍ ഡിസി സി ഓഫീസ് നിര്‍മ്മാണത്തില്‍ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നും സുധാകരന്റെ മുന്‍ ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്. കണ്ണൂര്‍ ഡിസിസി ഓഫീസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിദേശത്തുനിന്നുൾപ്പെടെ കോടിക്കണക്കിന്‌ രൂപ പിരിച്ചെടുത്തുവെന്നും ഇതിൽ തിരിമറി നടത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്‌. ഈ പണംകൊണ്ടണ്‌ സുധാകരൻ ആറ്‌ കോടി ചെലവിൽ ആഡംബര വീട്‌ പണികഴിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.

വലിയ രീതിയിലുള്ള ആക്ഷേപം സുധാകരനെതിരെ നേരത്തേതന്നെ മുതിർന്ന നേതാക്കൾ ആരോപിച്ചിരുന്നു. മമ്പറം ദിവകരനുൾപ്പെടെയുള്ള നേതാക്കൾ ഈ വിഷയം സംബന്ധിച്ച്‌ തുറന്നടിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കേസെടുത്ത് തുടര്‍ അന്വേഷണത്തിലേക്ക് പോകാനാണ് വിജിലന്‍സിന്റെ തീരുമാനം

Eng­lish sum­ma­ry: Vig­i­lance inves­ti­ga­tion Against K sudhakaran
You may also like this video: