മരണനിരക്ക് കൂടുന്നത് തടയാൻ കനത്ത ജാഗ്രത ആവശ്യം: മന്ത്രി കെ കെ ശൈലജ ടീച്ചർ

Web Desk

കോഴിക്കോട്:

Posted on October 26, 2020, 6:31 pm

കോവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ മരണനിരക്ക് തടഞ്ഞുനിർത്തുന്നതിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം പൊതുജനങ്ങളും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് കോവിഡ് മരണം സ്ഥിരീകരിച്ചതിൽ കൂടുതലും മറ്റുഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നവരാണ്. മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മരണനിരക്ക് കൂടുവാനുള്ള സാധ്യതയാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ജനസാന്ദ്രതയും ജീവിതശൈലീ രോഗങ്ങളും പ്രായമേറിയവരും കേരളത്തിൽ കൂടുതലുണ്ടെന്ന കാരണമാണ് ഇതിന് അടിസ്ഥാനമായി പറയുന്നത്. മരണനിരക്ക് കൂടുന്നത് തടയാൻ കനത്ത ജാഗ്രത ആവശ്യമാണ്. ഗുരുതര രോഗങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവർക്ക് വ്യക്തിഗത ശ്രദ്ധവേണം. ഇതിനായി മെഡിക്കൽ കോളേജുകളിൽ ടെലി മെഡിസിൻ സംവിധാനം ഒരുക്കും.

വിവിധ വകുപ്പുകളിലെ ഡോക്ടർമാർ രോഗികളുടെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിച്ച് ചികിത്സാ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. 2019നെ അപേക്ഷിച്ച് കോവിഡ് സാഹചര്യത്തിലും കേരളത്തിൽ മരണനിരക്ക് കുറവാണ്. ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലത്തെ മരണനിരക്ക് പരിശോധിച്ചതിൽ നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്. രോഗവ്യാപനത്തിന്റെ തോത് കേരളത്തിൽ നവംബർ മാസത്തോടെ കുറയാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടികാട്ടുന്നു. എങ്കിലും രോഗവർധന ഉണ്ടാവുമെന്ന മുൻകരുതലോടുകൂടി തന്നെയാണ് ആരോഗ്യസംവിധാനത്തെ സജ്ജമാക്കി നിർത്തിയിട്ടുള്ളത്. ബ്രേക്ക് ദി ചെയിൻകാംപയിനിന്റെ ഭാഗമായി മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം തുടങ്ങിയ കാര്യങ്ങൾ ബഹുഭൂരിപക്ഷം ആളുകളും പാലിക്കുന്നത് കൊണ്ടും ആരോഗ്യപ്രവർത്തകരുടെ ശക്തമായ ഇടപെടൽ കൊണ്ടുമാണ് വ്യാപനം കുറയുമെന്ന നിഗമനത്തിൽ ആരോഗ്യവിദഗ്ധർ എത്തിയിട്ടുള്ളത്.

ചികിത്സാ സൗകര്യങ്ങളുടെ അഭാവംകൊണ്ട് രോഗികൾ മരിക്കാൻ ഇടവരരുത്. ആവശ്യമായ വെന്റിലേറ്ററുകൾ ലഭ്യമാക്കാൻ മെഡിക്കൽ കോളജുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ 68 വെന്റിലേറ്ററുകൾ കോവിഡിന് വേണ്ടി മാത്രം നീക്കിവച്ചിട്ടുണ്ട്. ഇതിൽ 14 എണ്ണത്തിലാണ് നിലവിൽ രോഗികളുള്ളത്. ഓക്സിജൻ ബെഡുകളുടെ സൗകര്യവും എല്ലാ മെഡിക്കൽ കോളജുകളിലും വർധിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരോ ദിവസത്തേയും ഉപയോഗത്തിന് 177 മെട്രിക് ടൺ ഓക്സിജൻ ഇപ്പോൾ സ്റ്റോക്കുണ്ട്. അതിൽ 31 മെട്രിക് ടൺ മാത്രമേ ദിവസത്തിൽ ഉപയോഗിക്കുന്നുള്ളു. കോഴിക്കോട് മെഡിക്കൽ കോളജിൽ ഓക്സിജൻ സംവിധാനമുള്ള 300 ബെഡുകൾ ഉണ്ട്. 200 ബെഡുകൾ കൂടി ഒരുക്കും. നിലവിൽ 211 രോഗികൾക്കാണ് ഓക്സിജൻ ബെഡ് ഉപയോഗപ്പെടുന്നത്. ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നടപടിയുണ്ടായെങ്കിലും വേണ്ടത്ര ഡോക്ടർമാരെ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.

രോഗത്തെ നിസാരമായി കാണുന്ന പ്രവണത ശരിയല്ല. നിലവിലുള്ള ആരോഗ്യപ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് രോഗവ്യാപനം ഇത്രത്തോളമെങ്കിലും പിടിച്ചുനിർത്താൻ സാധിക്കുന്നത്. രോഗം ഭേദമായവർക്ക് വീണ്ടും രോഗലക്ഷണങ്ങൾ തുടരുന്ന സാഹചര്യമുണ്ട്. ഇതിനായി ആയുർവേദ വകുപ്പിന്റെ പങ്കാളിത്തത്തോടെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ എല്ലാ ജില്ലകളിലും ഒരുക്കും.

യോഗത്തിൽ ജില്ലാ കലക്ടർ സാംബശിവ റാവു, സംസ്ഥാന ഹെൽത്ത് ഏജൻസി ജോ. ഡയരക്ടർ ഡോ. ബിജോയ്, നാഷണൽ ഹെൽത്ത് മിഷൻ ഡി. പി. എം ഡോ. എ. നവീൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി. ആർ രാജേന്ദ്രൻ, സുപ്രണ്ടുമാരായ ഡോ. എം. പി. ശ്രീജയൻ, ഡോ. സി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ENGLISH SUMMARY: Vig­i­lance need­ed to curb ris­ing death toll

YOU MAY ALSO LIKE THIS VIDEO