17 April 2024, Wednesday

Related news

April 16, 2024
April 15, 2024
April 15, 2024
April 15, 2024
April 14, 2024
April 12, 2024
April 11, 2024
April 10, 2024
April 9, 2024
April 9, 2024

കെ സുധാകരനെതിരേ വിജിലന്‍സ് അന്വേഷണം; സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയം കൂടുതല്‍ പ്രതിസന്ധിയിലേക്ക്

പുളിക്കല്‍ സനില്‍രാഘവന്‍
October 2, 2021 2:49 pm

സംസ്ഥാന കോണ്‍ഗ്രസ് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.സംസ്ഥാന കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമെന്ന്‌ കഴിഞ്ഞ ദിവസം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ പറഞത്. തമ്മിലടി പരിഹരിക്കാതെ പുനഃസംഘടന സുഗമമാകില്ലെന്നും ഹൈക്കമാൻഡിനെ അറിയിച്ചു. നേതാക്കൾ തമ്മിൽ ആശയവിനിമയത്തിൽ വിടവുള്ളതിനാൽ പുനഃസംഘടനയുമായി മുന്നോട്ടുപോയാൽ കൂടുതൽ സംഘർഷമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. പുനസംഘടന പാതിവഴിയില്‍ നില്‍ക്കുമ്പോഴാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലെത്തിയിരിക്കുന്നത്. നിരവധി നേതാക്കളും, പ്രവര്‍ത്തകരും ദിനം പ്രതിപാര്‍ട്ടി വിടുന്ന ഒരു സാഹചര്യവും നിലനില്‍ക്കുന്നു.കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു ആണ് രംഗത്ത് വന്നിരിക്കുന്നത്. വനംമന്ത്രി ആയിരുന്നപ്പോള്‍ സുധാകരന്‍ ചന്ദനക്കടത്ത് നടത്തിയെന്നും പ്രശാന്ത് ബാബു പറഞ്ഞു. സുധാകരന്‍ പൊതുരംഗം ക്രിമിനല്‍വല്‍ക്കരിക്കുന്നുവെന്നും 32 കോടിയുടെ അഴിമതി നടത്തിയെന്നും പ്രശാന്ത്‌ ആരോപണം ഉന്നയിച്ചു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ ആരോപണമെന്നും പ്രശാന്ത് ബാബു പറഞ്ഞു. അതേസമയം സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്‌തു. അനധികൃത സ്വത്ത് സമ്പാദന പരാതിയിലാണ് അന്വേഷണം.

 


ഇതുകൂടി വായിക്കൂ: മോന്‍സന്റെ തട്ടിപ്പിന് അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍; കേസ് സിബിഐ അന്വേഷിക്കണം : വി എം സുധീരന്‍


 

പ്രശാന്ത് ബാബു പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. കെ കരുണാകരന്‍ ട്രസ്റ്റിന് വേണ്ടി പിരിച്ച 32 കോടിയില്‍ ഉള്‍പ്പെടെ കെ സുധാകരന്‍ ക്രമക്കേട് നടത്തി എന്നാണ് ബാബുവിന്റെ ആരോപണം. തന്റെ കയ്യില്‍ എല്ലാ തെളിവുകളുമുണ്ടെന്നും മമ്പറം ദിവാകരന്‍ ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് തനിക്ക് തെളിവുകള്‍ കൈമാറിയതെന്നും പ്രശാന്ത് ബാബു പറഞ്ഞു.വിശദമായ അന്വേഷണത്തിന് അനുമതി തേടി സര്‍ക്കാരിന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ്‌ വിജിലന്‍സ് നിലപാട്. കേസെടുത്ത് അന്വേഷണത്തിന് നിയമതടസ്സമുണ്ടോ എന്നറിയാന്‍ വിജിലന്‍സ് നിയമോപദേശം തേടിയിട്ടുണ്ട്‌. കെ കരുണാകരന്‍ ട്രസ്റ്റ്, കണ്ണൂര്‍ ഡിസിസി ഓഫീസ് നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് സുധാകരന്‍ അഴിമതി നടത്തിയെന്നും അനധികൃത സ്വത്ത് സമ്പാദിച്ചെന്നുമായിരുന്നു ആരോപണം. സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിനു പിന്നാലെ ജൂണ്‍ ഏഴിന് പ്രശാന്ത് ബാബു വിജിലന്‍സിന് ഈ വിഷയത്തില്‍ പരാതി നല്‍കുകയായിരുന്നു.കെപിസിസി, ഡിസിസി പുനഃസംഘടന വേഗത്തിലാക്കാൻ സംസ്ഥാനത്ത്‌ ചർച്ചയ്ക്കെത്തിയ താരിഖ്‌ അൻവർ യഥാർഥ സ്ഥിതി അറിയിച്ചതോടെ ഹൈക്കമാൻഡ്‌ പ്രതിസന്ധിയിലായി. വി എം സുധീരന്റെ രാജിയിലും മുല്ലപ്പള്ളി രാമചന്ദ്രന്റെ രൂക്ഷ പ്രതികരണത്തിലും കടുത്ത അതൃപ്‌തിയുള്ള ഹൈക്കമാൻഡ്‌, പുതിയ നേതൃത്വത്തിനെതിരെ വ്യാപക പരാതിയുണ്ടാകുന്നത്‌ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ്‌.എഐസിസി അംഗത്വത്തിൽനിന്നുള്ള സുധീരന്റെ രാജി ഹൈക്കമാൻഡ്‌ തള്ളിയെന്നാണ്‌ വിവരം.

 


ഇതുകൂടി വായിക്കൂ: വൃത്തികെട്ട സംസ്കാരം: കോണ്‍ഗ്രസിനെപ്പറ്റി കെ സുധാകരന്‍


 

സുധീരൻ പ്രതികരിച്ചിട്ടില്ല. മുതിർന്ന നേതാക്കൾ ശൈലീമാറ്റത്തോട്‌ മുഖം തിരിക്കുകയും പുതിയ നേതൃത്വത്തിന്‌ വഴിമുടക്കുകയുമാണെന്ന്‌ കെ സുധാകരനും വി ഡി സതീശനും ഹൈക്കമാൻഡിന്‌ വിശദീകരണം നൽകി. ഇതിനിടെ, പുരാവസ്‌തു തട്ടിപ്പുകേസ്‌ പ്രതി മോൻസൺ മാവുങ്കലുമായുള്ള ദുരൂഹ ഇടപാടുകളിൽ കൂടുതൽ വെളിപ്പെടുത്തൽ വന്നതോടെ കെ സുധാകരൻ പ്രതിരോധത്തിലായി. തട്ടിപ്പുകേസ്‌ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട ബെന്നി ബഹനാനെ സുധാകരൻ പരസ്യമായി തള്ളി. ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കൾക്ക്‌ സുധാകരനെതിരെ അന്വേഷണം വേണമെന്ന നിലപാടാണ്‌. മോൻസൺ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയാൽ കെ സുധാകരനെതിരെ കൂടുതൽ നേതാക്കൾ പരസ്യപ്രതികരണത്തിന്‌ മുതിരും. കേരളത്തിലെ കോൺഗ്രസിൽ സെമികേഡർ സംവിധാനം നടപ്പാക്കാൻ അനുമതി നൽകിയിട്ടില്ലെന്ന്‌ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ പറഞ്ഞു. ഹൈക്കമാൻഡിന്‌ ഈ വിഷയം കൂടുതൽ പരിശോധിക്കേണ്ടിവരും. ഡിസിസി നിയമനത്തിലുള്ള പ്രശ്‌നം തീർന്നിട്ടില്ല. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാൻ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു രാഷ്ട്രീയസാഹചര്യത്തിലൂടെയാണ് സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയം കടന്നു പോകുന്നത്.

 

Eng­lish Sum­ma­ry: Vig­i­lance probe against K Sud­hakaran; State Con­gress pol­i­tics into fur­ther crisis

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.