പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎയെ വിജിലൻസ് ചോദ്യം ചെയ്തു. തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്തത്. ചോദ്യംചെയ്യൽ മൂന്ന് മണിക്കൂർ നീണ്ടു. ഈ മൊഴിയും മുമ്പ് ലഭിച്ച മൊഴികളും വിവിധ രേഖകളും വിശദമായി പരിശോധിച്ചശേഷം കേസിൽ പ്രതിചേർത്ത് അറസ്റ്റിലേക്ക് വിജിലൻസ് കടന്നേക്കുമെന്നാണ് വിവരം. അതിന് മുമ്പ് ഒരിക്കൽകൂടി ചോദ്യം ചെയ്യും. അതിനായി ആവശ്യപ്പെട്ടാൽ ഹാജരാകണമെന്ന് നിർദേശിച്ചാണ് വിട്ടയച്ചത്.
അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ വിജിലൻസിന് ലഭിച്ച സുപ്രധാന രേഖകൾ, മുൻ പൊതുമരാമത്ത് സെക്രട്ടറിയും നാലാം പ്രതിയുമായ ടി ഒ സൂരജിന്റെ മൊഴി, ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലെ വിവരങ്ങൾ ഉൾപ്പെടെ നിരത്തിയായിരുന്നു ചോദ്യം ചെയ്യൽ. മന്ത്രിയായിരിക്കെ ഇബ്രാഹിംകുഞ്ഞ് ഒപ്പിട്ട ഏകദേശം 140 രേഖ അഴിമതിക്ക് തെളിവായി വിജിലൻസിന് ലഭിച്ചിട്ടുണ്ട്. നിലവാരമില്ലാത്ത സിമന്റാണ് ഉപയോഗിച്ചത്. വേണ്ടത്ര കമ്പിയും ഉപയോഗിച്ചില്ല. പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയതിലും ക്രമക്കേട് നടന്നു. ഇതേത്തുടർന്നാണ് പാലത്തിൽ വിള്ളലുണ്ടായതെന്ന് മൂവാറ്റുപുഴ കോടതിയിൽ നൽകിയ എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽത്തന്നെ ക്രമക്കേടിൽ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് വിജിലൻസിന് ലഭിച്ചിരുന്നു.
പാലം നിർമ്മാണത്തിലെ എല്ലാ തീരുമാനങ്ങളും മന്ത്രിയുടെ അറിവോടെയായിരുന്നു. റോഡ് ഫണ്ട് ബോർഡിന്റെയും കേരള ബ്രിഡ്ജസ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെയും ഫയലുകൾ മന്ത്രി കണ്ടിരുന്നു. മാത്രമല്ല സുപ്രധാന തീരുമാനങ്ങളുടെ മിനിട്സിൽ മന്ത്രിയുടെ ഒപ്പുമുണ്ട്. കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജും ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് വ്യക്തമാക്കുന്ന മൊഴി നൽകിയിരുന്നു. മേൽപ്പാലം പണിയാൻ കരാറുകാർക്ക് മുൻകൂർ പണം നൽകാൻ ഇബ്രാഹിം കുഞ്ഞ് ഒപ്പിട്ടതിന്റെ രേഖകളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്.
പണം നൽകിയത് ഉദ്യോഗസ്ഥതല തീരുമാനമാണെന്ന ഇബ്രാഹിം കുഞ്ഞിന്റെ വാദം ഇതോടെ പൊളിഞ്ഞു. ഇതിലെല്ലാം വ്യക്തത തേടിയാണ് വിജിലൻസ് ചോദ്യം ചെയ്തത്. നേരത്തെ രണ്ട് തവണ വിജിലൻസ് ഇബ്രാഹിം കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും പല കാര്യങ്ങളിലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. ഇത്തവണയും പല ചോദ്യങ്ങൾക്കും അദ്ദേഹം വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. രാവിലെ 11ന് ഹാജരാകാനാണ് ഇബ്രാഹിംകുഞ്ഞിന് വിജിലൻസ് നോട്ടീസ് നൽകിയത്. 10. 50 ന് തന്നെ അദ്ദേഹം ഹാജരായി. രണ്ട് മണിക്ക് ചോദ്യം ചെയ്യൽ പൂർത്തിയായി. എല്ലാചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകിയതായി അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മൊഴികളും രേഖകളും വീണ്ടും പരിശോധിച്ച് അദ്ദേഹത്തെ വീണ്ടും വിളിച്ചുവരുത്തേണ്ടിവരുമെന്ന് ചോദ്യംചെയ്യലിന് നേതൃത്വം നൽകിയ വിജിലൻസ് എസ്പി വിനോദ്കുമാർ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ശ്യാംകുമാറും ചോദ്യം ചെയ്യലിൽ പങ്കെടുത്തു.
ENGLISH SUMMARY: Vigilance questioned Ibrahim kunj again
YOU MAY ALSO LIKE THIS VIDEO