Web Desk

കോഴിക്കോട്

March 10, 2020, 11:19 am

ചന്ദ്രിക ദിനപത്രത്തിന്റെ ഓഫീസിൽ വിജിലൻസ് റെയ്ഡ്

Janayugom Online

മുസ്ലീം ലീഗിന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രിക ദിനപത്രത്തിന്റെ കോഴിക്കോടുള്ള ഹെഡ് ഓഫീസിൽ വിജിലൻസ് റെയ്ഡ്. പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ചന്ദ്രികയുടെ ഓഫീസിലും റെയ്ഡ് നടന്നത്.

പാലം അഴിമതിയുമായി ബന്ധപ്പെട്ട് ചന്ദ്രികയുടെ പേരും കേസിൽ പരാമർശിക്കപ്പെട്ടിരുന്നു. ഇബ്രാഹിം കുഞ്ഞിനായിരുന്നു ചന്ദ്രികയുടെ ചുമതലയുണ്ടായിരുന്നത്. പാലാരിവട്ടം പൂർത്തിയായ സമയത്ത് ചന്ദ്രികയുടെ അക്കൗണ്ടിലേക്ക് പത്തുകോടി രൂപ കള്ളപ്പണം എത്തിയെന്നാണ് പരാതി. ഇതിൽ അഞ്ചു കോടി രൂപ അദ്ദേഹം സ്വന്തം അക്കൗണ്ടിലൂടെ പിൻവലിച്ചതായും ഹർജിയിലുണ്ടായിരന്നു. ചന്ദ്രികയുടെ സത്പേര് നശിപ്പിക്കാനാണ് ശ്രമമെന്ന് ചന്ദ്രികയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. അക്കൗണ്ടിലേക്കെത്തിയ പത്തുകോടി രൂപ വായനക്കാരുടെ വരിസംഖ്യയാണെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

പാലാരിവട്ടം മേൽപ്പാലം അഴിമതി നടക്കുന്ന സമയത്ത് തന്നെ ആരോപണവിധേയനായ ആൾക്ക് ചുമതലയുള്ള പത്രത്തിന്റെ അക്കൗണ്ടിലേക്ക് പത്ത് കോടി രൂപ എത്തിയത് അന്വേഷിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. നോട്ടുനിരോധന കാലത്ത് ചന്ദ്രികയുടെ അക്കൗണ്ടിലേക്ക് കണക്കിൽപ്പെടാത്ത കോടികൾ വന്നപ്പോൾ വാണിജ്യനികുതി ഉദ്യോഗസ്ഥ സംഘം ചന്ദ്രികയിൽ റെയ്ഡ് നടത്തിയിരുന്നു. പുതിയ ഫിനാൻസ് ഡയറക്ടർ ആരുടേയോ താൽപ്പര്യപ്രകാരം കാശ് നിക്ഷേപിക്കുകയായിരുന്നെന്നാണ് അന്നുണ്ടായ ആരോപണം.

ഇതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ചന്ദ്രിക ഇപ്പോൾ കടന്നുപോകുന്നത്. ജീവനക്കാർക്ക് കൃത്യമായി ശമ്പളം പോലും ലഭിക്കാത്ത അവസ്ഥ. പല തവണ ജീവനക്കാർ സ്ഥാപനത്തിന് മുന്നിൽ ശമ്പളത്തിന് വേണ്ടി സമരം ചെയ്യുക പോലും ഉണ്ടായി. പിഎഫ് അടവ് വൈകിയതിനാൽ ലക്ഷങ്ങൾ അടച്ചതും ഈ കാലയളവിൽ തന്നെയാണ്.

Eng­lish Sum­ma­ry; vig­i­lance raid at kozhikode chan­dri­ka office

YOU MAY ALSO LIKE THIS VIDEO