August 19, 2022 Friday

അനധികൃത സ്വത്ത് സമ്പാദനം: ശിവകുമാർ കുടുങ്ങും — നിർണായക രേഖകൾ കണ്ടെടുത്തു

Janayugom Webdesk
തിരുവനന്തപുരം
February 21, 2020 10:12 pm

അനധികൃത സ്വത്ത് സമ്പാദന കേസിൽ വി എസ് ശിവകുമാർ എംഎൽഎ കുടുങ്ങും. നിർണായക രേഖകൾ വീട്ടിൽ നിന്നും വിജിലൻസ് കണ്ടെടുത്തു. 14 മണിക്കൂർ നീണ്ട വിജിലൻസ് റെയ്ഡിലാണ് രേഖകൾ, ശിവകുമാറിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത്. ഇവ വിശദമായി പരിശോധിച്ച ശേഷം രേഖകൾ വിജിലൻസ് കോടതിയിൽ ഹാജരാക്കും. മന്ത്രിയായിരിക്കെ തന്റെ പേരിലും ബിനാമി പേരിലും നടത്തിയ നിക്ഷേപങ്ങളും ഇടപാടുകളും സംബന്ധിച്ചവയാണ് പിടിച്ചെടുത്ത രേഖകൾ. വീട്ടിലെ റെയ്ഡിൽ ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ തയ്യാറാകാത്ത ശിവകുമാർ, ലോക്കറിന്റെ താക്കോൽ നൽകിയില്ല. ഉദ്യോഗസ്ഥർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും താക്കോൽ കാണാനില്ലെന്ന് പറഞ്ഞു. ഇക്കാര്യം വിജിലൻസ് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശിവകുമാറിന്റെ ബിനാമികളായി പ്രവർത്തിച്ച കൂട്ട് പ്രതികളുടെ വീടുകൾ ഉൾപ്പെടെ ഏഴിടങ്ങളിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്.

ശാസ്തമംഗലം ശ്രീരംഗം ലെയ്നിലുള്ള ശിവകുമാറിന്റെ വീട്ടിൽ വ്യാഴാഴ്ച രാവിലെ എട്ടരമണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. വിജിലൻസ് എസ്‌പി വി എസ് അജിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡ് രാത്രി പത്തര വരെ നീണ്ടു. ഡ്രൈവർ ഷൈജുഹരൻ, എൻ എസ് ഹരി കുമാർ, എം എസ് രാജേന്ദ്രൻ എന്നിവരുടെ വീടുകളിലും വിജിലൻസ് സംഘം ഒരേസമയം പരിശോധന നടത്തി. പ്രതികൾ തമ്മിലുള്ള ഇടപാടുകളും, ഇവരുടെ ബാങ്ക് ലോക്കർ രേഖകളും കണ്ടെത്താനായിരുന്നു പരിശോധന. ശിവകുമാറിന്റെ ഉൾപ്പെടെ പ്രതികളുടെ ബാങ്ക് നിക്ഷേപങ്ങൾ, ആധാരങ്ങൾ, സ്വർണം എന്നിവയുടെ വിവരങ്ങൾ വിജിലൻസ് ശേഖരിച്ചു. ശിവകുമാറിന്റെ ഡ്രൈവറായിരുന്ന ഷൈജു ഹരൻ ലക്ഷങ്ങൾ ചെലവാക്കി നിർമ്മിച്ച വീടിന്റെ വിശദാംശങ്ങൾ, സുഹൃത്തായ അഡ്വ. ഹരികുമാർ വഞ്ചിയൂരിൽ വാങ്ങിയ അഞ്ച് സെന്റ് വീട്, ശാന്തി വിള എം രാജേന്ദ്രൻ ബേക്കറി ജംഗ്ഷനിൽ വാങ്ങിയ ഭൂമി എന്നിവയെ കുറിച്ചുള്ള വിവരങ്ങളും വിജിലൻസ് പരിശോധിച്ചു.

തെളിവുകൾ ശേഖരിച്ച ശേഷം ചോദ്യം ചെയ്യാനായി ശിവകുമാറിന് വിജിലൻസ് നോട്ടീസ് നൽകും. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിവകുമാറിനെതിരെ അന്വേഷണത്തിന് സർക്കാർ ദിവസങ്ങൾക്ക് മുമ്പാണ് അനുമതി നൽകിയത്. ശിവകുമാർ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പേഴ്സനൽ സ്റ്റാഫുകളുടേയും സഹൃത്തുക്കളുടേയും സമ്പാദ്യത്തിൽ വർധനയുണ്ടായെന്ന വിജിലൻസ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടി. സർക്കാർ അനുമതി ലഭിച്ചതിനെ തുടർന്ന് ശിവകുമാർ ഉൾപ്പെടെ നാല് പേരെ പ്രതി ചേർത്ത് വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കോടതിയുടെ അനുമതിയോടെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം റെയ്ഡ് നടത്തിയത്.

Eng­lish Sum­ma­ry: vig­i­lance raid in shiv­aku­mars home followup

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.