പാലാരിവട്ടം പാലം അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് പ്രത്യേകം അന്വേഷിക്കാന്‍ സര്‍ക്കാരിനോട് അനുമതി തേടി വിജിലന്‍സ്

Web Desk
Posted on October 04, 2019, 10:01 am

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കുന്നതിന് സര്‍ക്കാരിനോട് അനുമതി തേടി വിജിലന്‍സ്. മന്ത്രി എന്ന നിലയ്ക്ക് ഇബ്രാഹിം കുഞ്ഞ് നടത്തിയ ഇടപെടലുകള്‍ വ്യക്തമാകുന്നതിന് വേണ്ടിയാണ് വിജിലന്‍സ്‌ പ്രത്യേക അന്വേഷണം ആവശ്യപ്പെടുന്നത്.

പാലം അഴിമതിയില്‍ പൊതുവായ അന്വേഷണവും അതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലുമാണ് ഇതുവരെ നടന്നത്. ഇബ്രാഹിം കുഞ്ഞിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. 2018‑ലെ അഴിമതി നിരോധന നിയമഭേദഗതി പ്രകാരമുള്ള അന്വേഷണമാണ് വിജിലന്‍സ് ഉദ്ദേശിക്കുന്നത്. കളമശ്ശേരി സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ വെച്ച്‌ നേരത്തെ വിജിലന്‍സ് ഇബ്രഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.

ടി.ഒ.സൂരജ് ഇബ്രാഹിം കുഞ്ഞിനെതിരെ നല്‍കിയ മൊഴി കള്ളമാണെന്ന് നേരത്തെ വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യാവാങ്മൂലം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നിര്‍മാണ കമ്ബനിക്ക് മുന്‍കൂര്‍ പണം കൈമാറിയതെന്ന മൊഴിയാണ് കള്ളമാണെന്ന് വിജിലന്‍സ് കണ്ടെത്തിയത്. എന്നാല്‍ പാലം അഴിമതിയില്‍ മന്ത്രിക്ക് പൂര്‍ണ്ണമായും ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് വിജിലന്‍സ് പിന്നീട് വ്യക്തമാക്കുകയുണ്ടായി. ഇതിന്റെ ഭാഗമായിട്ടാണ് അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടോയെന്ന് പ്രത്യേകമായി അന്വേഷിക്കുന്നത്.