കെ രംഗനാഥ്

അബുദാബി

February 17, 2020, 10:32 am

ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് സമൂഹത്തെ വരുതിക്കു കൊണ്ടുവരാനുള്ള മോഡി ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം: കാനം

Janayugom Online

സമൂഹത്തില്‍ ഭയം സ്ഥായീഭാവമാക്കാന്‍ സംഘപരിവാര്‍ ഭരണം നടത്തുന്ന ഗൂഢാലോചനയുടെ ഭീകരദൃശ്യങ്ങളാണ് രാജ്യത്തെങ്ങും കാണുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് സമൂഹത്തെ വരുതിക്കു കൊണ്ടുവരാനുള്ള മോഡി ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരേ നിതാന്തജാഗ്രത പുലര്‍ത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ നൂറ്റാണ്ടില്‍ നാം നേടിയ സാംസ്കാരിക സാമൂഹ്യമുന്നേറ്റങ്ങള്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും നിലനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ട വര്‍ത്തമാനകാലമിതാണെന്നും അബുദാബി യുവകലാസാഹിതിയുടെ ഈ വര്‍ഷത്തെ യുവകലാസന്ധ്യയ്ക്ക് തിരിതെളിയിച്ചുകൊണ്ട് കേരള സോഷ്യല്‍ സെന്ററില്‍ നിറഞ്ഞുതുളുമ്പിയ കലാസ്വാദകസദസില്‍ കാനം ഓര്‍മ്മിപ്പിച്ചു.

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി നടത്തിയ ആശംസാ പ്രസംഗത്തില്‍ കലയിലൂടെ സമൂഹത്തെ ഇളക്കിമറിക്കാനാവുമെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇതു മനസിലാക്കിയാണ് വര്‍ഗീയ‑പ്രതിലോമശക്തികള്‍ കലാസൗകുമാര്യങ്ങളെയും നമ്മുടെ സാംസ്കാരിക തനിമയേയും ചവിട്ടിമെതിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്നും സത്യന്‍ മൊകേരി പറഞ്ഞു. അബുദാബി യുവകലാസാഹിതി പ്രസിഡന്റ് തോപ്പില്‍ ശങ്കർ അധ്യക്ഷത വഹിച്ചു.

യുവകലാസാഹിതിയുടേയും പുരോഗമന പ്രസ്ഥാനങ്ങളുടേയും യുഎഇയിലെ ശബ്ദവും വെളിച്ചവുമായിരുന്നു അന്തരിച്ച മുഗള്‍ ഗഫൂറിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരം ചടങ്ങില്‍ വച്ച് പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനായ എം എം നാസര്‍ കാഞ്ഞങ്ങാടിന് കാനം രാജേന്ദ്രന്‍ സമ്മാനിച്ചു. ലൂയിസ് കുര്യക്കോസ്, എ കെ സജീവന്‍ എന്നിവര്‍ക്കും അദ്ദേഹം പുരസ്കാര സമര്‍പ്പണം നടത്തി. യുവകലാസാഹിതി യുഎഇ ദേശീയ പ്രസിഡന്റും ലോക കേരള സഭാംഗവുമായ ബാബു വടകര, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റും ലോക കേരള സഭാംഗവുമായ വി കെ ബിരാന്‍കുട്ടി, ജയകൃഷ്ണന്‍, ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ഡി നടരാജന്‍, ശക്തി തിയേറ്റേഴ്സ് പ്രസിഡന്റ് അഡ്വ. അന്‍സാരി, അബുദാബി മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗ്ഗീസ്, അനീഷ് (യുഎഇ എക്സ്ചേ‍ഞ്ച്), സൂരജ് പ്രഭാകര്‍ (അഹല്യ), അബുദാബി കമ്മ്യൂണിറ്റി പൊലിസ് മേധാവി ഐഷാ അലി അല്‍ഹൈസിം, യുവകലാസാഹിതി സംഘടനാ സെക്രട്ടറി റോയി വര്‍ഗ്ഗീസ്, യുവകലാസാഹിതി അബുദാബി സെക്രട്ടറി എം സുനീര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

മുഗള്‍ ഗഫൂറിനെക്കുറിച്ച് യുവകലാസാഹിതി മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ റഷീദ് പാലയ്ക്കല്‍ നടത്തിയ അനുസ്മരണ പ്രഭാഷണം നിറഞ്ഞ സദസില്‍ വികാരനിര്‍ഭരമായ ഓര്‍മ്മകളുടെ കടലിരമ്പമായി. തുടര്‍ന്നു നടന്ന യുവകലാസന്ധ്യയില്‍ നാടന്‍ പാട്ട് കലാകാരി പ്രസീത ചാലക്കുടിയും യുവകലാസാഹിതി പ്രവര്‍ത്തകനായ യാസിറിന്റെ നേതൃത്വത്തിലുള്ള ‘ഉറവ്’ സംഘവും അവതരിപ്പിച്ച നൃത്ത‑ഗാന സന്ധ്യ അബുദാബിയിലെ ഒരു ആഘോഷരാവായി.