തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് വിജയ് പി നായർ യുട്യൂബിൽ പോസ്റ്റ് ചെയ്ത അശ്ലീല വീഡിയോകൾ നീക്കം ചെയ്തു. യുട്യൂബ് ചാനലും നീക്കം ചെയ്തു. പൊലീസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വീഡിയോകൾ നീക്കിയത്. വീഡിയോ നീക്കം ചെയ്യണമെന്ന് യൂട്യൂബ് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് കാണിച്ച് ശ്രീലക്ഷ്മി അറക്കൽ നൽകിയ പരാതിയിൽ വിജയ് പി നായരെ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ജില്ലാ ജയിലിലേക്കയച്ചു. ഇയാൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ മ്യൂസിയം പൊലീസ് റിപ്പോർട്ട് നാളെ ഹാജരാക്കാൻ മജിസ്ട്രേട്ട് എ അനീസ മ്യൂസിയം സർക്കിൾ ഇൻസ്പെക്ടറോട് ഉത്തരവിട്ടു. സംഭവത്തിൽ വിജയ് പി നായരെ ഗാന്ധാരിയമ്മൻ കോവിൽ റോഡിലെ ലോഡ്ജിലെത്തിച്ച് പൊലീസ് ഇന്നലെ തെളിവെടുത്തു. തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനു പിന്നാലെ കല്ലിയൂരിലെ വീട്ടിൽനിന്ന് ഇയാളെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അശ്ലീല പരാമർശം നടത്തിയതിന് ശനിയാഴ്ച ഇയാൾക്ക് നേരെ കറുത്തമഷി ഒഴിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ പ്രതിഷേധിച്ചിരുന്നു. വിജയ് പി നായരെ കൈയ്യേറ്റം ചെയ്തെന്ന കേസിൽ മൂന്നുപേരും വെവ്വേറെ മുൻകൂർ ജാമ്യ ഹർജികൾ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. അതോടൊപ്പം വിജയ് തങ്ങളെ മാനഭംഗപ്പെടുത്തിയെന്ന് കാട്ടി ഒരു യുവതി തമ്പാനൂർ പൊലീസിൽ നൽകിയ പരാതിയിൽ വിജയ് പി നായരും മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു.
വിജയ് പി നായർക്കെതിരെ സൈനികരുടെ സംഘടനയും പരാതിയുമായി രംഗത്തെത്തി. മുഖ്യമന്ത്രിയ്ക്കാണ് സംഘം പരാതി നൽകിയിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെ ഇയാൾ സൈനികരെ അധിക്ഷേപിച്ചെന്നാണ് പരാതി. പട്ടാളക്കാർ സ്ത്രീലമ്പടന്മാരും ബലാൽത്സംഗം നടത്തുന്നവരും ആണെന്ന് വീഡിയോയിൽ വിജയ് പി നായർ പറയുന്നെന്നാണ് പരാതിയിലുള്ളത്. വിജയ് പി നായർക്കെതിരെ യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ടുള്ള രണ്ടാമത്തെ പരാതിയാണിത്.
വിജയ് പി നായരുടെ പിഎച്ച്ഡി വ്യാജമാണെന്ന പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. തനിക്ക് ക്ലിനിക്കൽ സൈക്കോളജിയിൽ ഓണററി ഡോക്ടറേറ്റാണ് ലഭിച്ചതെന്നാണ് ഇയാൾ അവകാശപ്പെട്ടത്. എന്നാൽ പിഎച്ച്ഡി നൽകിയെന്നു പറയുന്ന തമിഴ്‌നാട്ടിലെ സർവകലാശാല യുജിസി അംഗീകാരമില്ലാത്തതാണെന്നു വ്യക്തമായിട്ടുണ്ട്. തമ്പാനൂർ പൊലീസാണ് ഈ കേസിൽ അന്വേഷണം നടത്തുന്നത്.
അതേസമയം യൂട്യൂബിലൂടെ സ്ത്രീ വിരുദ്ധവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ വിജയ് പി നായർക്കും സംവിധായകൻ ശാന്തിവിള ദിനേശിനും എതിരായ കേസുകൾ സൈബർ ക്രൈം പൊലീസിന് കൈമാറി.
English summary; vijay p nair case updation
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.