എനിക്ക് ശരിക്കും പേടിയാവുന്നുണ്ട്, ലോക് ഡൗൺ തീർന്നിട്ടില്ല, പക്ഷെ നാട്ടുകാർ മുഴുവൻ റോട്ടിലുണ്ട്

Web Desk
Posted on May 21, 2020, 2:55 pm

എനിക്ക് ശരിക്കും പേടിയാവുന്നുണ്ട്, ലോക് ഡൗൺ തീർന്നിട്ടില്ല, പക്ഷെ നാട്ടുകാർ മുഴുവൻ റോട്ടിലുണ്ട്. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വിജയകുമാർ ബ്ലാത്തൂരാണ്‌ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ തന്റെ ആശങ്ക പങ്കു വച്ചിരിക്കുന്നത്‌. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം.

എനിക്ക് ശരിക്കും പേടിയാവുന്നുണ്ട്. ലോക് ഡൗൺ തീർന്നിട്ടില്ല. ചെറിയ ഇളവുകൾ നൽകീട്ടേ ഉള്ളു. പക്ഷെ നാട്ടുകാർ മുഴുവൻ റോട്ടിലുണ്ട്. ഹെൽമറ്റ് പോലീസിനെ കാണുമ്പോൾ ഇടാനായി കൈമുട്ടിൽ കയറ്റി ബൈക്കിൽ ചുറ്റുന്ന പിള്ളേരെ പോലെ ഒരു കോണക മാസ്ക് തുണിക്കഷണം പേരിന് കഴുത്തിൽ ചുറ്റിട്ടുണ്ട്. ഉറുക്ക് കെട്ടിയ പോലെ — അതുണ്ടായാൽ കോവിഡ് പേടിച്ച് ഓടും എന്നാണ് എല്ലാവരുടേയും ചിന്ത. ഇനി മാസ്ക് ധരിച്ചവരോ അടുത്ത് വന്ന് സംസാരിക്കുന്ന സമയം മാസ്ക് വലിച്ച് താഴ്ത്തും. പിന്നെന്ത് കാര്യത്തിനാണ് ആ സാധനം കെട്ടുന്നതാവോ? സാനിറ്റൈസറും വേണ്ട കൈ കഴുകലും വേണ്ട. സാമൂഹ്യ അകലവും വേണ്ട. എല്ലാം കഴുത്തിൽ കെട്ടിയ ഉറുമാൽ നോക്കിക്കോളും — എന്തൊരു ഊളകളാണ് നാം.

രണ്ട് മാസം എല്ലാ ആഗ്രഹങ്ങളും അവകാശങ്ങളും ഉപേക്ഷിച്ച് വീട്ടിനുള്ളിൽ കഴിഞ്ഞത് എന്തിനാണ് ? ആ കാലത്ത് നമുക്ക് ഉണ്ടായിരുന്ന റിസ്കിൻ്റെ ആയിരം ഇരട്ടി റിസ്കിലാണ് നാം. ഒന്നും ഒഴിഞ്ഞ് പോയിട്ടില്ല. അതിർത്തികൾ പരക്കെ തുറന്നതോടെ കൂടീട്ടേ ഉള്ളു. സാമൂഹ്യ വ്യാപനത്തിൻ്റെ വക്കിലോ വരമ്പിലോ ആണ് ഉള്ളത്. ധിം — വീഴാൻ ഒരു നിമിഷം മതി. പിന്നെ പിടിച്ചാൽ കിട്ടില്ല. ഉറപ്പ്.

ആശുപത്രികൾ വളരെ റിസ്കിലാണ്. തിരക്ക് കൂടി വരുന്നു. ഒരു നിയന്ത്രണവും സാദ്ധ്യമാകാതായി തുടങ്ങി. കൈ കഴുകലോ ദൂരം വിട്ടു നിൽക്കലോ ഒന്നും നടക്കുന്നില്ല. അവിടെ ഒന്നും ആവശ്യമില്ല എന്നാണ് പലരും കരുതുന്നത്. സർക്കാർ ആശുപത്രികളിൽ ഇപ്പോൾ തന്നെ നല്ല സ്റ്റാഫ് ഷോർട്ടേജ് വരാൻ പോവുന്നു. കോവിഡ് സെൻ്ററുകൾ അതിർത്തികൾ റെയിൽവേ / ബസ് സ്റ്റേഷൻ, വിമാനത്താവളം — തുടങ്ങിയ ഇടങ്ങളിലൊക്കെ രാവും പകലും ആരോഗ്യ വകുപ്പ് ജീവനക്കാർ വേണം. ഇവർ അതീവ റിസ്കിലും ആണ്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഒക്കെ വരുന്ന രോഗികളിൽ ഭൂരിപക്ഷവും കാര്യമായ ഒരു പ്രശ്നങ്ങളും ഇല്ലാത്തവരാണ് എന്നത് പ്രധാനമാണ്.

75 വയസിന് മുകളിലുള്ളവരൊക്കെ കുട്ടപ്പന്മാരായി നടന്ന് വന്ന് മുട്ടിന് രണ്ട് ദിവസമായി ചെറിയ വേദന എന്നും പറഞ്ഞ് ഡോക്ടറെ കാണാൻ ഉന്തും തള്ളും ഉണ്ടാക്കുന്നു. കൃമികടിക്ക് മരുന്ന് വാങ്ങാൻ വരുന്നവരെ ഒക്കെ എന്ത് വിളിക്കണം.
അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ ആശുപത്രികളിലെ സന്ദർശനം ഒഴിവാക്കണം — പ്ലീസ്. അല്ലെങ്കിൽ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം നിലച്ചാൽ — അവിടത്തെ ജീവനക്കാർക്ക് കോവിഡ് ബാധ പിടിച്ച് തുടങ്ങിയാൽ — പിന്നെ കാര്യങ്ങൾ കൈവിട്ട് പോകും. എത്ര ബെഡ് ഉണ്ടായിട്ടും കാര്യമില്ലാതാകും — ആശങ്ക വേണം — ജാഗ്രത ജാഗ്രത എന്ന് പറഞ്ഞോണ്ടിരുന്നാൽ വരാനുള്ളത് എങ്ങും പോവില്ല. ജാഗ്രത വാക്കിൽ പേരാ പ്രവൃത്തിയിൽ തന്നെ വേണം. ഓരോ നിമിഷവും — ഓരോരാളും

( നാല് പെട്ടി മാസ്കും കിറ്റും നൽകി പത്രത്തിൽ ഫോട്ടോ ഇടുന്ന നേതാക്കളെങ്കിലും മര്യാദക്ക് ആ മാസ്ക് ധരിച്ച് കാണിച്ചിരുന്നെങ്കിൽ ആളുകൾ ഇത്ര അലസരാകില്ലായിരുന്നു. ആരോഗ്യ മന്ത്രി ശൈലജ ടീച്ചറാണ് എനിക്ക് ഈ കാര്യത്തിൽ റോൾ മോഡൽ — ഒരു പൊതു ഇടത്തിലും അവർ മാസ്ക് കൃത്യമായി ധരിക്കാതെ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നാണ് തോന്നുന്നത് )

YOU MAY ALSO LIKE THIS VIDEO