25 April 2024, Thursday

വീഷേ വിളിയും എൻ എസ് എസ് ക്യാമ്പും

വിജിഷ വിജയന്‍
ഓര്‍മ്മ
January 3, 2022 10:35 pm

ചൂണ്ടുവിരൽ പുഴുക്കൾ പിടയുന്ന പോലെ ഞങ്ങൾക്ക് നേരെ ചോദ്യചിഹ്നമായി കാണിച്ച് “കനിഷ്ഠിക രാജാ കുത്രാസ്തി? ” എന്ന് ചോദിക്കുന്ന ശ്രീകല ടീച്ചറെ ഓർത്തു പോയി. ആരാദ്യം പറയും എന്ന മത്സരത്തിൽ വ്രണപ്പെട്ട കുട്ടികളെ മാറ്റി നിർത്തി എനിക്കാദ്യം പറയണമെന്ന വാശിക്കാരി കുട്ടിയായിരുന്നു ഞാനന്ന്. “കനിഷ്ഠിക രാജാ അത്രാസ്തി “എന്ന് ചെറുവിരൽ ഇളക്കി മറുപടി ശ്ലോകം ചൊല്ലുമ്പോൾ അടുത്തുള്ള കൂട്ടുകാരെ ഞാനോർത്തില്ല. ടീച്ചറെന്നെ അഭിനന്ദിച്ചു.കൂട്ടുകാരിപ്പെൺകുട്ടികൾ കൂട്ടമായി എന്നെ നോക്കി. എനിക്ക് സ്ത്രീസൗഹൃദങ്ങൾ വാഴില്ലെന്ന് പരക്കെ ഒരു അഭിപ്രായമുണ്ട്. മിക്കവാറും അസൂയയിലും, പകയിലുമാണ് പല സൗഹൃദങ്ങളും തീർന്നിട്ടുള്ളത്. മനുഷ്യരോടല്ല പ്രയാസകരമായ ജീവിതസാഹചര്യങ്ങളോടാണ് നമ്മൾ യുദ്ധം പ്രഖ്യാപിക്കേണ്ടത്, അതിൽ തോറ്റുപോവുകയാണെങ്കിലും മറ്റുള്ള ഭീകരാവസ്‌ഥകൾ താങ്ങാനുള്ള കരുത്ത് ആദ്യമിട്ട പടച്ചട്ട തന്നിരിക്കുമെന്ന കൃത്യമായ ബോധ്യമുണ്ട്. മുൻപ് പിണങ്ങിപ്പിരിഞ്ഞ പല കൂട്ടുകാരും ഈയടുത്ത് വീണ്ടും സൗഹൃദം സ്‌ഥാപിച്ചു.ഞാൻ പിണങ്ങാത്തതിനാൽ പുതിയ സ്‌ഥാപിക്കപ്പെടൽ എനിക്ക് ആവശ്യം വന്നില്ല.പഴയ സ്നേഹബന്ധം അതേപടി നിലനിർത്താനും കഴിയുന്നു. ഡിഗ്രിക്ലാസ്സിൽ കൂടെ പഠിച്ച നിഹാല വന്ന് പറഞ്ഞത് കേട്ട് ഞാൻ തരിച്ചു പോയി, അവളോട് അതേ ക്ലാസിൽ ഞങ്ങളോടൊപ്പം പഠിച്ച ആതിര പറഞ്ഞു പോലും, ഞാനിപ്പോ ആരോടും മിണ്ടില്ല, വല്ല്യ തലക്കനമാണെന്ന്.പരസ്പരം സംസാരിച്ചപ്പോ അവളുടെ തെറ്റിധാരണകൾ എല്ലാം തീർന്നു എന്നും ..മാറി വരുമ്പോ ചേർന്നു നിൽക്കാമെന്ന് കരുതി ഞാനാരെയും തിരുത്താനൊന്നും പോവാറില്ല. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കുമെന്നത് തെറ്റില്ലാത്ത പ്രയോഗം തന്നെയാണ്. കഥാരചനയിൽ ആദ്യമായി എനിക്ക് സമ്മാനം കിട്ടിയപ്പോൾ മുൻവർഷങ്ങളിൽ സമ്മാനം കിട്ടിയിരുന്ന കീർത്തു ഉണ്ടാക്കിയ പുതിയ ഗ്യാങ് മനസിലൂടെ നീങ്ങി. ഞാനതൊന്നും കാര്യമാക്കാറില്ല. ചോറ്റുപാത്രം തുറക്കുമ്പോ ഉള്ളിവാട്ടിയത് ഒപ്പം പോരുന്ന അവളുടെ പാത്രത്തിന്റെ അടപ്പിൽ നിന്നും ഉള്ളിയെടുത്ത് അവളെനിക്ക് തരുമായിരുന്നു.അവളുടെ അമ്മയുടെ കൈപുണ്യം ഇന്നും വായിലുണ്ട്. ഒൻപതേ മുപ്പതിന്റെ ക്ലാസ്സിന് ഒൻപതേ മുപ്പത്തഞ്ചിനും, അല്ലെങ്കിൽ സ്കൂൾ തുറക്കുന്നേനു മുൻപും (ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലേൽ കളരിക്ക് പുറത്ത്) എത്തുന്ന ഒരു ആവറേജ് സ്റ്റുഡന്റ് ആയിരുന്നു ഞാൻ.നേരം വൈകുമ്പോൾ കൂട്ടുകാരെന്നെ കാത്തുനിൽക്കാറൊന്നുമില്ല.അങ്ങനെയാണ് ഒറ്റയായിരിക്കുന്നതിന്റെ ശക്തി അറിയുന്നത്. അത് അനുഭവിപ്പിച്ചതിന് അവരോടെനിക്ക് തീരാത്ത കടപ്പാടുണ്ട്. ആദിലും, റഷീദും, പ്രവീണുമൊക്കെ നല്ല സൗഹൃദം തന്നു.അത് കോട്ടം തട്ടാതെ ഇന്നും തുടരുന്നു. വീണ്ടും അതേ സ്കൂളിലേക്ക് എൻ എസ് എസ് ക്യാമ്പിലെ അതിഥിയായി ‘കവിയും കവിതയും’ എന്ന സെക്ഷനിൽ ഒരു മണിക്കൂർ സംസാരിക്കാൻ പോകുമ്പോൾ പേടിയൊന്നും തോന്നിയില്ല.

മുൻ ദിവസങ്ങളിൽ നടന്ന കല സാഹിത്യക്യാമ്പിന്റെ അതിഥിയായി വിളിച്ചിരുന്നെങ്കിലും എനിക്ക് പോവാൻ കഴിഞ്ഞിരുന്നില്ല. അമിതമായി സന്തോഷമൊന്നും തോന്നിയില്ല. തലേന്ന് എന്തേലും പറയാനുള്ളത് എഴുതി വെക്കാൻ തുടങ്ങിയിരുന്നു. ‘പണം മാത്രവാവരുത് നമ്മുടെ ലക്ഷ്യം. സ്വപ്‌നങ്ങൾ, കഴിവുകൾ എല്ലാവരോടുമുള്ള ആത്മാർഥ സ്നേഹം. സ്നേഹമില്ലാതെ ഈ പ്രപഞ്ചത്തിൽ ഒന്നും നില നിൽക്കുന്നില്ല. നോക്കൂ നോട്ടു കെട്ടുകളിലൊന്നും യജമാനന്മാരുടെ പേരെഴുതി വെച്ചിട്ടില്ല.ആർക്കും എപ്പോഴും നേടാം, ഉപേക്ഷിക്കാം.സ്‌ഥായിയായ നിലനിൽപ്പില്ലാത്ത വസ്തു.പക്ഷെ സ്നേഹത്തിൽ നമ്മൾ ഓരോരുത്തരുടെയും മുഖം കൊത്തി വെക്കും.പിന്നീടൊരിക്കലും പിച്ചിച്ചീന്താനാവാത്ത വിധം. അഥവാ അത് നഷ്ടപ്പെട്ടുവെങ്കിൽ അതൊരിക്കലും സ്നേഹമായിരുന്നില്ല. സ്നേഹിക്കുമ്പോൾ നമുക്ക് തിന്മകൾ ചെയ്യാനാവില്ല. നോട്ട് മീ, ബട്ട്‌ യൂ എന്ന ആപ്തവാക്യവും അത് തന്നെയാണ് പറയുന്നത്.’ അയ്യേ, ശരിയാവില്ല. കുട്ടികൾക്ക് ബോറടിക്കാൻ സാധ്യതയുണ്ട്.എഴുതിയതെല്ലാം വെട്ടി. മൈക്കിന് മുൻപിൽ നിൽക്കുമ്പോൾ അപ്പോൾ തോന്നുന്നത് പറഞ്ഞാൽ മതിയെന്നുറപ്പിച്ചു. അഷ്‌റഫ്‌ മാഷ് വിളിച്ചപ്പോഴേ പറഞ്ഞിട്ടുണ്ട് കുട്ടികളോടുള്ള സംവാദമാണെന്ന്..ഒരു തവണ കോട്ടക്കൽ ക്യാമ്പിന് പോയപ്പോഴും നന്നായി സംസാരിക്കാൻ കഴിഞ്ഞു. ഇത്തവണ മെച്ചപ്പെടുത്തണം. കാവ്യായനത്തിന്റെ പരിപാടിക്ക് പ്രസംഗിച്ചത് വളരെ നന്നായിരുന്നു എന്ന വീരാൻകുട്ടി മാഷിന്റെ പ്രശംസയാണ് പ്രചോദനം.. തെയ്യാലിങ്ങൾ സ്കൂളിലേക്ക് എത്താൻ ഒരു കൂറ്റൻമല കയറണം.വണ്ടി പ്രയാസപ്പെട്ട് നിരങ്ങുകയും മൂളുകയും ചെയ്യുമ്പോൾ അറുപതാമത്തെ കേരള സ്കൂൾ കലോത്സവം ഓർമ്മ വന്നു.കണ്ണൂര് ഇരുന്ന് ‘മഴത്തോണി’ എന്ന കവിത എഴുതിയത്. സമ്മാനം കിട്ടിയത്. പത്രത്തിൽ ഫോട്ടോ വന്നത്. തൊള്ളായിരത്തി അമ്പത്തൊന്നു പോയന്റോടെ പാലക്കാട്‌ ഓവറോൾ നേടിയത്, തൊട്ടടുത്തിരുന്ന് സിനിമാതാരം മുക്തയോട് സൗഹൃദം സ്‌ഥാപിച്ചത്‌, വി എസ് അച്ചുദാനന്ദനെ കണ്ടത്, തൊള്ളായിരത്തി നാല് പോയന്റുമായി അഞ്ചാം സ്‌ഥാനമുള്ള മലപ്പുറത്തിന് എന്റെ സമ്മാനപ്പോയന്റും ചേർത്ത് കൊടുക്കാൻ പറ്റിയത്, റെജുല ടീച്ചറുടെ വീട്ടിൽ താമസിച്ചത്.. ഓർമ്മ നീങ്ങുന്നേയില്ല.വണ്ടി നീങ്ങി സ്കൂളെത്തി. കുട്ടികൾ സാകൂതം നോക്കുന്നുണ്ട്. നോട്ടീസിൽ എഴുതിയ വിജിഷ വിജയന് അവരുടെ മനസിൽ അഞ്ചാറടി ഉയരം കാണും.നീണ്ട മുടിയായിരിക്കും. സാരിയാവും വേഷം.വെളുപ്പായിരിക്കണം നിറം. ചിരി വറ്റാത്ത മുഖമായിരിക്കും. എത്ര ചിരിപ്പിച്ചാലും ചിരി പൊട്ടാത്ത എന്റെ മുഖം കണ്ട് അവരെന്നെ നന്നായി നോക്കുന്നുണ്ട്. അഷ്‌റഫ്‌ മാഷ് ഓടി വന്നു.

കലോത്സവങ്ങൾക്ക് എന്നെ കൊണ്ടു പോകുമ്പോൾ ഉണ്ടാകുന്ന അതേ ചുറുചുറുക്ക്. പ്രായത്തിന്റെ ക്ഷീണം ബാധിച്ചിരിക്കുന്നു. ചുരുക്കം ചില ആളുകളുടെ വിളികൾ എനിക്കിഷ്ടമാണ് അതിലൊന്നാണ് അഷ്‌റഫ്‌ മാഷിന്റെ “വീഷേ ” അത് കേൾക്കാൻ ഞാൻ കാത്തു നിന്നു..എട്ട് പത്തെണ്ണം തന്ന് മാഷ് സന്തോഷിപ്പിച്ചു. എത്രയെത്ര വേദികളിലേക്കാണ് മാഷെന്നെ കൈപിടിച്ചുയർത്തിയത്.“കഴിവ് നിന്റേതാണല്ലോ വീഷാ, നിനക്ക് വേണ്ടി എന്തേലുമൊക്കെ ചെയ്യണം, നീ നല്ല കുട്ടിയാവും ” എന്ന് പണ്ടെപ്പോഴോ മാഷ് പറഞ്ഞത് ഓർമ്മ വന്നു. ബബിത ടീച്ചറും, ബിജു മാഷും എല്ലാവരും കുറേ സംസാരിച്ചു. ആദ്യമാദ്യം ഉറങ്ങാനുള്ള പ്രവണത കാണിച്ചു തുടങ്ങിയ കുട്ടികളെ മലയാളസാഹിത്യത്തിലേക്ക് ആംഗലേയ സാഹിത്യം കൂട്ടി കലർത്തി പതിനഞ്ചു മിനിറ്റുകൊണ്ട് കയ്യിലെടുത്തു.കുട്ടികൾ ഏറെയും ഇംഗ്ലീഷ് സിനിമകളാണ് കാണുന്നത്. അവരുടെ ജീവിതരീതിയും, കാഴ്ചപ്പാടും എല്ലാം മാറിയിരിക്കുന്നു. മലയാളസാഹിത്യലോകം ഇനിയും മാറേണ്ടിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും സുന്ദരമായതെന്തെന്ന ചോദ്യത്തിന് ആഷിഫ് ന്റെ ഉത്തരം ഉമ്മ എന്നായിരുന്നു.

പാശ്ചാത്യരീതിയിൽ ജീവിതം ആഘോഷമാക്കാനും, ടെക്നിക്കൽ യുഗത്തിൽ ജീവിക്കാനും ആഗ്രഹിക്കുന്ന പല ആൺ കുട്ടികൾക്കും പ്രണയിക്കാൻ ഗ്രാമീണതയുള്ള പെൺകുട്ടികളെയാണ് വേണ്ടതത്രേ, അവരുടെ ഉമ്മയെപ്പോലെ .. ഞാൻ കുറേ ചിരിച്ചു. ആ ക്ലാസിലെ അൻപത് കുട്ടികളും ഞാനും നല്ല കൂട്ടായി. പതിനേഴു പതിനെട്ടു വയസ്സിന്റെ മാനസിക ശാരീരിക കാഴ്ചപ്പാടുകളെക്കുറിച്ചും, കാവ്യലോകത്തെ കുറിച്ചും കുറേ സംസാരിച്ചു. കവിതയെക്കാൾ അവർക്കിഷ്ടം കഥകളോടായിരുന്നു. അവർക്കറിയാവുന്ന പല കഥയെഴുത്തുകാരെക്കുറിച്ചും സംസാരിച്ചു. എങ്ങനെയാണ് എഴുത്തിന്റെ വഴിയിലേക്ക് എത്തിപ്പെട്ടതെന്ന ഒരു കുട്ടിയുടെ ചോദ്യം. എന്ത് പറയുമെന്നു ഞാൻ വ്യാകുലപ്പെട്ടു.ഞാനാ വഴിയിലേക്ക് എത്തിയോ എന്ന് പോലും സംശയമായിരിക്കെ, ദൈവാനുഗ്രഹം എന്ന് മാത്രം മറുപടി പറഞ്ഞു. പിന്നെ വഴിമുട്ടുമ്പോൾ രക്ഷപ്പെടുത്താൻ വരുന്ന ദൈവമുഖമുള്ള ചില മനുഷ്യരും. ഏറെ അറിയാനുണ്ടായിരുന്നു അവർക്ക്. കൂട്ടുകാരിയോടെന്ന പോലെ എല്ലാം ചോദിച്ചു. “പ്രേമിച്ച ആളെയാണോ കല്ല്യാണം കഴിച്ചത്? ” എന്ന് ഒരു കുട്ടി രസകരമായി ചോദിച്ചു.

ഞാനെല്ലാവരെയും നോക്കി. ചോദ്യം ചോദിച്ച കുട്ടി വിളറിയ പോലെ, വേണ്ടിയിരുന്നില്ലേ എന്ന പുനർവിചിന്തനം.. “അതെ, ആരോ പ്രേമിച്ച ” ഞാൻ മറുപടി കൊടുത്തു. ക്ലാസ്സിൽ കൂട്ടച്ചിരി. ചർച്ചയിൽ ആ ഏരിയ വരുമ്പോൾ മാത്രം ഉന്മേഷം കൂടുന്ന ചില കുട്ടികളെ പ്രത്യേകം നിരീക്ഷിച്ചു. പ്രണയവും ഒരു കലയാണല്ലോ!! എല്ലാ കുട്ടികൾക്കും കഴിവുകളുണ്ട്. പ്രത്യേകിച്ചും അധ്യാപകർക്കത് പെട്ടന്ന് മനസ്സിലാവും കുറച്ച് സമയം അടുത്തിരുന്നപ്പോഴേക്കും മിക്കവാറും കുട്ടികളുടെ താല്പര്യങ്ങളെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.അവരെന്നെക്കൊണ്ട് കവിത ചൊല്ലിപ്പിച്ചു. രണ്ട് മണി മുതൽ മൂന്ന് മണി വരെയുള്ള എന്റെ സെക്ഷൻ നാലരവരെ നീണ്ടു. തിരിച്ചു പോരാൻ നേരം എൻ.എസ്.എസ് ക്ലാപ്പുകൾ കൊണ്ട് പൊതിഞ്ഞു. ‘ചേച്ചീടെ പുസ്തകം ഞങ്ങളെല്ലാവരും വാങ്ങു‘മെന്ന് ഉറപ്പ് തന്നു. അതിഥിയെ തനിച്ച് വിടില്ലാന്നു പറഞ്ഞു ഷൗക്കത്ത് മാഷ് കാറിൽ തിരിച്ചാക്കി തന്നു. വഴിയിലുടനീളം സന്തോഷം നിറഞ്ഞ ആ ദിവസവും ഞാൻ എന്തൊക്കെയോ വീണ്ടും ഓർത്തു.. വിജയിക്കപ്പെടാത്ത പല ജീവിത പരീക്ഷകളുടെയും ഉത്തരക്കടലാസുകൾ.. മറുപടികൾ പറയാനാവാത്ത കുറേ ചോദ്യങ്ങളുണ്ട് ജീവിതത്തിൽ, നമ്മൾ അതിനെയിങ്ങനെ സ്വരുക്കൂട്ടിവെക്കണം. കാലങ്ങൾക്കപ്പുറം ചോദിച്ചവർക്ക് മാത്രം വായിച്ചെടുക്കാൻ കഴിയുന്നവണ്ണം ഉത്തരങ്ങൾ നൽകിക്കൊണ്ട്. അതിനെ പ്രതികാരം എന്നല്ല വിളിക്കേണ്ടത് പ്രതിരോധം എന്നാണ്.

വിജിഷ വിജയൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.